കാസർകോഡ്: സംസ്ഥാന രാഷ്ട്രീയത്തെ നേരിടാൻ ഇനിയും നുണക്കഥകളുമായി പ്രതിപക്ഷം രംഗത്തെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിടിച്ചുകുലുക്കുന്ന ഒരു ബോംബ് വരാനിരിക്കുന്നു എന്ന പ്രചരണം നടക്കുന്നുണ്ട്. ഒരുപാട് നുണകളാണ് പടച്ചുവിടുന്നത്. നുണ പടച്ചുവിടാൻ പ്രത്യേക ചസംവിധാനമൊരുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെരിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ഒരുപാട് നുണകളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നുണ പടച്ചുവിടാൻ പ്രത്യേക സംവിധാനമൊരുക്കിയിരിക്കുകയാണ്. എങ്ങനെ നുണ പയറ്റാമെന്ന ഗവേഷണമാണ്. ഇപ്പോൾ പറച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇനി അഞ്ചുദിവസമല്ലേ ഉള്ളു. ഇനിയുള്ള ദിവസങ്ങളിൽ വലിയ നുണ ബോംബ് വരാൻ പോവുന്നു എന്നാണ് പറയുന്നത്. ഭയങ്കര ബോംബ് വാൻ പോവുന്നെന്ന്. നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണ്. കാരണം, എല്ലാവർക്കും അറിയാം ഇതിന്റെ പിന്നിലെന്താണെന്ന്. അത് ആദ്യംതന്നെ മനസിലങ്ങ് കരുതിയാൽ മതി', പിണറായി വിജയൻ പറഞ്ഞു.

ഒരു നുണയും യാഥാർത്ഥ്യങ്ങളുടെ മുന്നിൽ നിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നുണയുടെ ആയുസ് യഥാർത്ഥ വസ്തുത വരുന്നത് വരെയാണ്. അവസാനം പറഞ്ഞാൽപ്പിന്നെ മറുപടി പറയാൻ പറ്റില്ലല്ലോ എന്നാണ് ഇപ്പോഴത്തെ പ്രവണത. ആ തരത്തിൽ അതുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഗോസിപ്പ്. നമുക്ക് നമ്മുടേതായ രീതിയിൽ മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.