- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും; അന്തിമ തീരുമാനമെടുക്കുക പാർട്ടി; തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ഇ പി ജയരാജനെ കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി; 'മട്ടന്നൂരി'ലെ പ്രതിഷേധം അതിരു വിടേണ്ടന്ന് പറയാതെ പറഞ്ഞ് പിണറായി വിജയൻ
തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പ് രാഷ്്ട്രീയത്തിനില്ലെന്നും പാർട്ടി പറഞ്ഞാലും ഇനി മത്സരിക്കാനില്ലെന്നും തുറന്നു പറഞ്ഞ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനെ കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. ആ അഭിപ്രായങ്ങൾ മാനിക്കാറുമുണ്ട്. പക്ഷേ അവസാന തീരുമാനമെടുക്കുക പാർട്ടിയാണെന്നും പിണറായി പറഞ്ഞു.
ഒരുമാസം മുമ്പ് വരെ പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്ന പറഞ്ഞ ഇപി ജയരാജൻ പെട്ടെന്ന് വ്യക്തിപരമായി കാര്യങ്ങളെടുത്തോടെയാണ് നേതൃത്വത്തോടുള്ള നീരസം മറനീക്കി പുറത്ത് വന്നത്. ഇനി ഞാനൊരു മത്സരത്തിനുണ്ടാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇപി മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചത്. പാർട്ടിയെ നിലപാട് ബോധ്യപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞിരുന്നു. ഇപിയുടെ പ്രഖ്യാപനം പാർട്ടി അണികളെയും നേതാക്കളെയും ഞെട്ടിച്ചു.
കെകെ ശൈലജക്ക് മട്ടന്നൂർ മണ്ഡലം വിട്ടുനൽകേണ്ടി വരുമെന്ന നിർദ്ദേശം വന്നതോടെയാണ് മത്സരിക്കാനില്ലെന്ന് ആദ്യം ഇപി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വ്യക്തമാക്കുന്നത്. ഇപിയുടെ പ്രതിഷേധത്തിന് പിന്നാലെ രണ്ട് ടേം വ്യവസ്ഥയും സിപിഎം നടപ്പിലാക്കി.
നിർണ്ണായക തെരഞ്ഞെടുപ്പ് സമയത്തെ പ്രഖ്യാപനത്തിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തൽ. ഇപിയെ പോലെ മുതിർന്ന കേന്ദ്രകമ്മിറ്റിയംഗം പാർട്ടി അച്ചടക്കം മറികടന്ന് വ്യക്തിപരമായ തീരുമാനങ്ങൾ പരസ്യമായി പറയുന്നത് തെറ്റായ കീഴ്‌വഴക്കുണ്ടാക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
മലബാറിന് പുറത്തെക്ക് ഇപി പ്രചാരണത്തിനിറങ്ങാത്തും പാർട്ടി അണികൾക്കിടയിൽ ചർച്ചയാണ്. എന്നാൽ അതേ സമയം ഇപിയുടെ പ്രസ്താവന പാർട്ടി ചർച്ചചെയ്തിട്ടില്ലെന്നായിരുന്നു പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ പ്രതികരണം.
കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇനി ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇപി ജയരാജൻ തുറന്നു പറഞ്ഞത്.
'ഈ കാണുന്ന പോലെയല്ല. എനിക്ക് പ്രായമായി. രോഗം വന്നു. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവർത്തനങ്ങളിലും ഇറങ്ങി പ്രവർത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകൾ കുറഞ്ഞ് വരുന്നു' ജയരാജൻ പറഞ്ഞു. ഇനി താൻ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. അതിന് ആഗ്രഹിക്കുന്നില്ല. രണ്ടു ടേം അവസാനിച്ചവർ മത്സരിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. തന്റെ ടേം കഴിഞ്ഞു. ക്ഷീണിതനായ പ്രായമാണ് തന്റേതെന്നും ജയരാജൻ പറഞ്ഞു.
'പിണറായി വിജയൻ പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താൻ സാധിച്ചെങ്കിൽ ഞാൻ മഹാപുണ്യവാനായി തീരും. അദ്ദേഹം ആകാൻ കഴിയുന്നില്ല എന്നതാണ് എന്റെ ദുഃഖം. ഏത് കാര്യത്തെ കുറിച്ചും പിണറായിക്ക് നിരീക്ഷണമുണ്ട്. നിശ്ചയദാർഢ്യമുണ്ട്' ജയരാജൻ കൂട്ടിച്ചേർത്തു.
എൽഡിഎഫ് കണ്ണൂർ നിയമസഭാ മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജയരാജൻ. രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർ ഇത്തവണ മാറി നിൽക്കണമെന്ന തീരുമാനത്തെ തുടർന്ന് ഇത്തവണ മത്സരിക്കാനില്ലെന്നു ജയരാജൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജൻ. എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം സിപിഐം കണ്ണൂർ ജില്ല സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. 1991-ൽ അഴിക്കോട് നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ലും 2016-ലും മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ