ചിത്തിര ആട്ടവിശേഷത്തിനായി നാളെ ശബരിമലയിൽ നട തുറക്കുകയാണ്. വെറും രണ്ട് ദിവസം മാത്രം നീണ്ട് നിൽക്കുന്ന വിശേഷാൽ പൂജകൾ മണ്ഡല മകരവിളക്കിന് മുന്നോടിയായുള്ള ഉത്സവമാണ്. ഈ സമയത്ത് കേരളത്തിൽ നിന്നും മാത്രമല്ല ഇതരസംസ്ഥാനങ്ങളിൽ നിന്ന് പോലും ഭക്തർ അവിടേയ്‌ക്കെത്തും. ശബരിമലയെ സംബന്ധിച്ചിടത്തോളം വെറും സാധാരണമായ രണ്ട് ദിവസങ്ങൾ മാത്രമാണത്. മണ്ഡല മകര വിളക്കിന് പോലസ് സന്നാഹം എത്തുന്നതിന് മുൻപുള്ള ഈ വിശേഷ ദിവസം ആ ഭാഗത്തുള്ള പൊലീസല്ലാതെ കാര്യമായ പൊലീസ് ഒരിക്കലും ഉണ്ടാകില്ല.

എന്നാൽ ആയിരക്കണക്കിന് പൊലീസുകാരേയും ഒരു എഡിജിപിയേയും രണ്ട് ഐജിമാരെയും നിരവധി ഐപിഎസ് ഓഫീസർമാരെയും സ്‌പെഷ്യൽ കമാൻഡോകളേയും ഒക്കെ ഇറക്കി പൊലീസ് അവിടം സ്വന്തമാക്കിയിരിക്കുകയാണ്. പമ്പയും നിലയ്ക്കലും ഇലവുങ്കലുമൊന്നും മാത്രമല്ല സന്നിധാനം പോലും വലിയ തോതിൽ പൊലീസ് നിയന്ത്രണത്തിലാണ്. അവിടേയ്ക്ക് ആരേയും കടത്തി വിടുന്നില്ല. ഭഗവാനെ തൊഴുന്നതിനായി തലേന്നും അതിന്റെ മുൻപുമൊക്കെ സന്നിധാനത്തെത്തി വരി വിരിച്ച് കിടക്കുന്ന അനേകം പേരുണ്ട്. എന്നാൽ ഒരാളെ പോലും പൊലീസ് അങ്ങോട്ട് കടത്തി വിടുന്നില്ല.

പൊലീസ് നൽകുന്ന വിശദീകരണമനുസരിച്ച് ഇന്നും നാളെയും ശബരിമലയിലേക്ക് ആരെങ്കിലും പോകണമെങ്കിൽ കുറഞ്ഞത് അഞ്ചു വട്ടമെങ്കിലും അവർ പരിശോധനയ്ക്ക് വിധേയനാകണമെന്നാണ്. വടശേരിക്കര മുതൽ പമ്പവരെ എത്തുന്നതിനിടയിൽ അഞ്ചു തവണ എല്ലാ വാഹനങ്ങളും പരിശോധിക്കുകയും എല്ലാ വ്യക്തികളുടെ രേഖകൾ പരിശോധിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധി എന്ത് ചെയ്തുവോ അതൊക്കെ തന്നെയാണ് ശബരിമലയിൽ പിണറായി വിജയനും നടത്തുന്നത്. ഒരു മനുഷ്യരേയും കടത്തി വിടാതിരിക്കുക ഭക്തരെ മുഴുവൻ സംശയത്തോടെ കാണുക എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുക തുടങ്ങിയ അപ്രായോഗിക ആശയങ്ങളാണ് സർക്കാർ വയ്ക്കുന്നത്.

ഇതൊക്കെ എന്തിന് വേണ്ടിയാണ്. ശബരിമലയിൽ ആരെങ്കിലും കലാപമുണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ടോ. ശബരിമലയിൽ ആരെങ്കിലും ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞിട്ടുണ്ടോ. ശബരിമലയിൽ ആരെങ്കിലും ആരെയെങ്കിലും കൊല്ലുമെന്ന് പറഞ്ഞിട്ടുണ്ടോ. ശബരിമലയിൽ അയ്യപ്പനെ കാണാൻ വരുന്ന ഏതെങ്കിലും ഒരു ഭക്തനെ തടയുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഏതെങ്കിലും ഒരു ഇന്റലിജൻസ് റിപ്പോൾ അവിടെ ഭീകരാക്രമണം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ടോ. പിന്നെന്തിനാണ് ആയിരക്കണക്കിന് പൊലീസിനെ ഇറക്കി സർക്കാർ തന്നെ ഒരു സീനൊരുക്കുന്നത്. അവിടെ പ്രവേശിക്കാനായി ഏതെങ്കിലും യുവതികൾ എത്തിയാൽ അവരെ തടയാനുള്ള സാഹചര്യം ഒഴിവാക്കുക മാത്രമാണ് സർക്കാരിന്റെ ഈ ലക്ഷ്യം. എന്തൊരു കഷ്ടമാണ്.

ഒരു യുവതി പോലും ശബരിമലയിലേക്ക് വരുന്നു എന്ന് പറഞ്ഞിട്ടില്ല. രഹന ഫാത്തിമയെ പോലുള്ള ചില ആക്ടിവിസ്റ്റുകളും യുക്തിവാദികളും അല്ലാതെ ആരും അങ്ങോട്ട് വന്നിട്ടില്ല. സർക്കാരിനും പൊലീസിനും അങ്ങനെയൊരു നിലപാട് എടുക്കണമെങ്കിൽ പോലും ഏതെങ്കിലും ഒരു ഭക്ത സ്ത്രീ അവിടേയ്ക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അനുമതി കൊടുക്കും എന്ന് പറഞ്ഞിരുന്നെങ്കിൽ അതിനൊരു യുക്തിയുണ്ടായിരുന്നു. അങ്ങനെ ശബരിമല കാണാൻ ആഗ്രഹിക്കുന്ന ഭക്ത സ്ത്രീകൾ ഞങ്ങളെ വന്ന് സമീപിക്കട്ടെ ഞങ്ങൾ അവരെ നടയിലെത്തിക്കാം എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്‌നമേയുള്ളൂ.

എന്നാൽ ഭീകരവാദികളെ തടയാനെന്ന പോലെ പൊലീസ് ശബരിമലയിലും സന്നിധാനത്തും നിലയുറപ്പിച്ചിരിക്കുകയാണ്. കോടതി വിധി നടപ്പിലാക്കുകയെന്നാണ് പൊലീസും സർക്കാരും പറയുന്നത്. കോടതി പോലും അതിന് വാശി പിടിക്കുന്നില്ല. കോടതി വിധിക്കെതിരെ തെരുവിലിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് കോടതി അലക്ഷ്യമാണ് എന്ന് പറഞ്ഞ് ഒരു കൂട്ടർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചപ്പോൾ പോലും കോടതി ഒന്നും മിണ്ടിയില്ല. ധൃതി പിടിക്കേണ്ട ഒരു വിഷയമേ അല്ല എന്ന് പറഞ്ഞ് കേസ് മാറ്റി വയ്ക്കുകയാണ്. അതിനർത്ഥം ഇത് കോടതി അലക്ഷ്യമാണെന്ന് സുപ്രീം കോടതിക്ക് പോലും തോന്നുന്നില്ല എന്നല്ലേ.