കണ്ണൂർ: പിണറായിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ പൊലീസ് നടപടി ഊർജ്ജിതമായി. വണ്ണത്താൻ വീട്ടിൽ ഈ വർഷം ജനുവരി 21 ന് ഛർദ്ദിയും വയറുവേദനയുമായി കുഴഞ്ഞ് വീണ് മരിച്ച എട്ട് വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം ഇന്ന് വൈകീട്ട് പോസ്റ്റുമോർട്ടം നടത്തി. പരിയാരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. തലശ്ശേരി എ.എസ്. പി. ചൈത്ര തെരേസ ജോൺ, സിഐ. കെ.ഇ. പ്രേമചന്ദ്രൻ, തഹസിൽദാർ ടി.വി. രഞ്ജിത്ത്, എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. ഐശ്വര്യയുടെ ബന്ധു വണ്ണത്താൻ വീട്ടിൽ പ്രജീഷ് കുട്ടിയുടെ മരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു.

കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ വച്ചാണ് ഐശ്വര്യ മരിച്ചത്. പടന്നക്കര ഗ്രാമത്തെ മുഴുവൻ ദുരൂഹതയിലാഴ്‌ത്തിയ മരണ പരമ്പരയെ തുടർന്ന് അധികൃതർ പോസ്റ്റുമോർട്ട നടപടിക്കായി എത്തിയപ്പോൾ ജനങ്ങൾ ഒന്നടക്കം ഒഴുകിയെത്തിയിരുന്നു. ഐശ്വര്യയുടെ അനുജത്തി ഒരു വയസ്സുകാരി കീർത്തന ആറ് വർഷം മുമ്പ് ഇതേ സാഹചര്യത്തിൽ മരണമടഞ്ഞിരുന്നു. കുട്ടികളുടെ മരണശേഷം ഈ വീട്ടിലെ ഗൃഹനാഥ വടവതി കമലയും കമലയുടെ ഭർത്താവ് കുഞ്ഞിക്കണ്ണനും സമാന സാഹചര്യത്തിൽ മരണമടയുകയായിരുന്നു. ഇവരുടെ മൃതദേഹം നാട്ടുകാരുടേയും ബന്ധുക്കളുടേയും പരാതിയെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

മൃതദേഹ പരിശോധന റിപ്പോർട്ടിലും ആന്തരിക അവയവ പരിശോധനാ റിപ്പോർട്ടിലും വിഷം അകത്ത് ചെന്നാണ് ഇവരെല്ലാം മരിച്ചതെന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടുണ്ട്. ഭക്ഷണം വഴിയോ മരുന്നു വഴിയോ വിഷം ശരീരത്തിൽ എത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തതക്കുവേണ്ടി മൂന്ന് മാസം മുമ്പ് മരിച്ച് ഐശ്വര്യയുടെ മൃതദേഹം അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം പോസ്റ്റുമോർട്ടം നടത്തിയത്

. മരണ പരമ്പര നടന്ന വീട്ടിൽ ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. അതിന്റെ തുടർച്ചയെന്നോണമാണ് ഈവീട്ടിലെ ഏക കണ്ണിയായ സൗമ്യ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലായത്. സൗമ്യ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. ഇവരെ ചോദ്യം ചെയ്യുക വഴി പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സൗമ്യയെ ഒഴിവാക്കിയ ഭർത്താവിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്.