- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ഓടിയെത്തിയത് ആത്മാർത്ഥ സുഹൃത്തായിരുന്ന രൈരു നായരുടെ വീട്ടിൽ; കൂട്ടുകാരന്റെ മരണത്തിൽ അനുശോചനം അറിയിച്ച് വീണ്ടും മരണ വീടുകളിൽ; കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ തെരഞ്ഞെടുപ്പ് യോഗങ്ങൾ മനപ്പൂർവ്വം ഒഴിവാക്കൽ; നേതാക്കളുമായി ആശയ വിനിമയത്തിലൂടെ കണ്ണൂരിലെ കോട്ട തകരാതിരിക്കാനുള്ള മുൻകരുതലും; വിവാദമായി ഊരാളുങ്കലും; പിണറായി നാട്ടിൽ തുടരുമ്പോൾ
കണ്ണൂർ: 286 ദിവസത്തിനു ശേഷം കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും പരസ്യ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തില്ല. സ്വന്തം നിയോജക മണ്ഡലമായ ധർമടത്ത് വിവിധ പഞ്ചായത്തുകളുടെ എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. കോവിഡ് നിയന്ത്രണ മാനദണ്ഡം പാലിക്കേണ്ടതിനാൽ ആൾക്കൂട്ടത്തെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണു പൊതു തിരഞ്ഞെടുപ്പു പരിപാടികളിൽ മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കാത്തതെന്നാണു സിപിഎം വിശദീകരണം. അതിനിടെ ചില രാഷ്ട്രീയ വിവാദങ്ങളും പിണറായിയുടെ യാത്രയുമായി ബന്ധപ്പെട്ടുയരുന്നുണ്ട്.
ഊരാളുങ്കളിനോട് രേഖകൾ ഹാജരാക്കാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യങ്ങളിലെ ചർച്ചയ്ക്കാണ് പിണറായി കണ്ണൂരിൽ എത്തിയതെന്ന വാദം ബിജെപിയാണ് സജീവമാക്കുന്നത്. എന്നാൽ രാഷ്ട്രീയത്തിന് അപ്പുറമുള്ള ബന്ധങ്ങൾക്ക് വില കൊടുക്കാൻ കൂടി വേണ്ടിയായിരുന്നു പിണറായിയുടെ കണ്ണൂർ യാത്ര. ജില്ലയിലെത്തിയെങ്കിലുംധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ നിർമ്മാണ പുരോഗതി സ്ഥലം സന്ദർശിച്ച് വിലയിരുത്തി. കഴിഞ്ഞ ഫെബ്രുവരി 23ന് ആയിരുന്നു ഇതിനു മുൻപ് മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്. തിരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി വീട്ടിലുണ്ടാകും. വോട്ട് ചെയ്ത ശേഷമാകും മടക്കം.
കണ്ണൂരിൽ എത്തിയ പിണറായി ആദ്യം ഓടിയെത്തിയത് ആത്മാർഥ സുഹൃത്തായിരുന്ന രൈരു നായരുടെ ഓർമകൾ നിറയുന്ന മേലൂരിലെ വീട്ടിലേക്ക്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന രൈരു നായരുടെ വിയോഗം കോവിഡ് കാലത്തായിരുന്നതിനാൽ മുഖ്യമന്ത്രിക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണു മുഖ്യമന്ത്രിയും ഭാര്യ കമലയും മകൾ വീണയും കഴിഞ്ഞ ദിവസം രാത്രിയോടെ രൈരു നായരുടെ വീട്ടിൽ എത്തിയത്. അര മണിക്കൂർ രൈരു നായരുടെ കുടുംബാംഗങ്ങളുമൊത്തു ചെലവഴിച്ചു.
മേലൂരിലെ വീട്ടിൽ രൈരു നായർ ചാരിക്കിടക്കാറുണ്ടായിരുന്ന ശൂന്യമായ കസേരയ്ക്കരികെ, രൈരു നായർ ഉണ്ടായിരുന്നപ്പോൾ ഇരിക്കാറുള്ളതു പോലെ പിണറായി ഇരുന്നു. തൊട്ടടുത്ത കസേരയിൽ ഭാര്യ കമലയും. മുഖ്യമന്ത്രിക്ക് അഭിമുഖമായി രൈരു നായരുടെ മകൾ ഡോ. പ്രീത ചാത്തോത്ത് മറ്റൊരു കസേരയിലും. രൈരു നായർ ആശുപത്രിയിലായിരുന്നപ്പോൾ വേണ്ട സഹായങ്ങളെല്ലാം ചെയ്തതു പിണറായി വിജയനായിരുന്നു. രൈരു നായരുടെ മരണ വിവരം അമേരിക്കയിലായിരുന്ന മകൾ പ്രീതയെ വിളിച്ചു പറഞ്ഞതും മുഖ്യമന്ത്രിയായിരുന്നു.
രൈരു നായരുടെ ഭാര്യ നാരായണിക്കുട്ടിയുടെ ആരോഗ്യ വിവരവും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. രൈരു നായരുടെ മൂത്ത മകളായ പ്രവീണ, അവരുടെ ഭർത്താവ് സുരേഷ് മേനോൻ എന്നിവരും വീട്ടിലുണ്ടായിരുന്നു. മരിച്ച മറ്റ് ചിലരുടെ വീട്ടിലും പിണറായി എത്തി. സിപിഐഎം പിണറായി നോർത്ത് ബ്രാഞ്ച് സെക്രട്ടറി പട്ട്വം മോഹനൻ, ദീർഘകലം അഭിഭാഷകനായിരുന്ന ചേറ്റം കുന്നിലെ വി.ബാലൻ, പിണറായി പണ്ട്യാലമുക്കിലെ തട്ടാരി ഭരതൻ എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്.
നാലു ദിവസം കണ്ണൂരിലുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനു പൊതു പ്രചാരണ പരിപാടികളില്ല. 11 വരെയാണു ജില്ലയിലുള്ളത്. എന്നാൽ മണ്ഡലത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റികളുടെ യോഗത്തിൽ പങ്കെടുക്കും. ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തുന്നത് ആദ്യം. കഴിഞ്ഞ വെള്ളിയാഴ്ച വരാനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തനം പരിമിതപ്പെടുത്തിയതിനാലാണ് യാത്ര മാറ്റിയതും.
മറുനാടന് മലയാളി ബ്യൂറോ