തലശ്ശേരി: പിണറായിയിൽ കുടുംബത്തിലെ മൂന്നുപേരെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സൗമ്യ(28)യുടെ മുൻ ഭർത്താവ് കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. സൗമ്യയ്ക്ക് വിഷം നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന കേസിലാകും അറസ്റ്റ്. അതിനിടെ ഇളയ കുട്ടി ആറു വർഷം മുമ്പ് മരിച്ചതുകൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ പൊലീസിന് ഇനിയും ആയിട്ടില്ല. സൗമ്യയുടെ മുൻകാലചരിത്രമറിയുകയാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തതിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാൾക്കെതിരേ നിലവിൽ തെളിവുകളൊന്നുമില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.

പിണറായിയിൽ കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ പടന്നക്കര വണ്ണത്താൻ വീട്ടിൽ സൗമ്യയുടെ(28) പേരിൽ മൂന്നു മരണത്തിലും കൊലക്കുറ്റം ചുമത്തും. യുവതിയുടെ അമ്മ കമല, അച്ഛൻ കുഞ്ഞിക്കണ്ണൻ എന്നിവരുടെ മരണത്തിലാണ് നിലവിൽ പ്രതിചേർത്തത്. മകൾ ഐശ്വര്യയുടെ മരണത്തിൽ പ്രതിയാക്കിയിട്ടില്ല. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയാൽ കോടതിയുടെ അനുമതിയോടെ മകളുടെ മരണത്തിലും പ്രതിയാക്കും. ഇതോടെ പലസമയത്തായി നടന്ന മൂന്നു കൊലക്കേസുകളിൽ യുവതി പ്രതിയാകും. മകളെ കൊലപ്പെടുത്തിയ കേസിലും ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.

സൗമ്യക്കുവേണ്ടി കോടതിയിൽ ഹാജരാകാൻ അഡ്വ. ആളൂർ (ബിജു ആന്റണി ആളൂർ) കോടതിയിൽ എത്തും. സൗമ്യക്കുവേണ്ടി ഹാജരാകാൻ ആരാണ് സമീപിച്ചതെന്ന് ആളൂർ വ്യക്തമാക്കിയില്ല. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ലീഗൽ സർവീസ് അഥോറിറ്റിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്ട്രേറ്റ് സൗമ്യയോട് ചോദിച്ചിരുന്നു. എന്നാൽ വേണ്ടെന്നായിരുന്നു മറുപടി. കേസിന്റെ വിശദാംശങ്ങൾ പഠിച്ചശേഷം ജാമ്യനടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആളൂർ പറഞ്ഞു. തൃശ്ശൂരിലെ സൗമ്യവധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമിക്കും എറണാകുളത്തെ നിയമവിദ്യാർത്ഥിനി വധക്കേസിലെ മുഖ്യപ്രതി അമീറുൾ ഇസ്ലാമിനും നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കും വേണ്ടി ഹാജരായത് ആളൂരായിരുന്നു.

തൃശൂരിൽ ട്രെയിനിൽ യാത്ര ചെയ്യവെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുമരിച്ച സൗമ്യയുടെ കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി കുപ്രസിദ്ധി ആർജിച്ചതാണ് ആളൂർ. ജിഷാ കേസിൽ അമീറുൾ ഇസ്ലാമിന്റെ വക്കീലായി. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്കായും ഹാജരായി. സൗമ്യയ്ക്ക് വേണ്ടി ഹാജരാകാൻ ആവശ്യപ്പെട്ട് ആരാണ് തന്നെ സമീപിച്ചതെന്ന് ആളൂർ വ്യക്തമാക്കിയില്ല. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ലീഗൽ സർവീസ് അഥോറിറ്റിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്‌ട്രേട്ട് സൗമ്യയോട് ചോദിച്ചിരുന്നു. എന്നാൽ വേണ്ടെന്നായിരുന്നു സൗമ്യയുടെ മറുപടി. അതിനിടെയാണ് ആളൂർ എത്തുന്നത്.

കിഷോറിന്റെ മൊഴിയിൽ നിന്ന് കിട്ടിയ വിവരങ്ങൾ സൗമ്യയോടും ചോദിക്കാനാണ് പൊലീസ് തീരുമാനം. ഇതിനിടെയാണ് വക്കീലായി ആളൂരെത്തുന്നുവെന്ന വാർത്ത ചർച്ചായകുന്നത്. കൊടുങ്ങല്ലൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത കിഷോറിനെ വെള്ളിയാഴ്ച രാവിലെ തലശ്ശേരിയിലെത്തിച്ചാണ് ചോദ്യംചെയ്യുന്നത്. പലകാര്യങ്ങളിലും സൗമ്യയുടെ മൊഴിക്ക് വിരുദ്ധമാണ് കിഷോറിന്റെ മൊഴി. മൊഴിയിലെ വൈരുധ്യം അന്വേഷണസംഘം പരിശോധിക്കുകയാണ്. ഇതിനൊടുവിൽ മാത്രമേ ഇളയ കുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് പൊലീസ് ഉറപ്പിക്കൂ. മൂത്ത മകൾ ഐശ്വര്യ മരിച്ചപ്പോൾ പിണറായിയിൽ വന്നിരുന്നില്ലെന്ന് ഇയാൾ തലശ്ശേരി സിഐ. കെ.ഇ.പ്രേമചന്ദ്രൻ മുമ്പാകെ മൊഴിനൽകി. മരിച്ചതറിഞ്ഞില്ലെന്നതാണ് ഇതിനു കാരണമായി പറഞ്ഞത്.

ഒന്നരവയസ്സുള്ളപ്പോൾ മരിച്ച മകൾ കീർത്തനയ്ക്ക് ആറുമാസം പ്രായമുള്ളപ്പോൾ അസുഖമുണ്ടായിരുന്നു. കാതുകുത്ത് കഴിഞ്ഞതുമുതൽ കുഞ്ഞ് കരച്ചിലായിരുന്നു. മറ്റുള്ളവരുമായി സൗമ്യക്കുണ്ടായിരുന്ന ഫോൺവിളിയാണ് കുടുംബബന്ധം തകർത്തതെന്നും കിഷോർ മൊഴിനൽകി. ഒന്നിച്ചുകഴിയുന്നതിനിടയിൽ ഒരുതവണ സൗമ്യ ഒളിച്ചോടിയിരുന്നു. ഒന്നിച്ചുതാമസിക്കാൻ താത്പര്യമില്ലെന്ന് എഴുതിവെച്ച് പിണറായിയിലേക്കു വരികയായിരുന്നു. സൗമ്യക്ക് എലിവിഷം നൽകിയിട്ടില്ലെന്നാണ് കിഷോറിന്റെ മൊഴി. ഇത് അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സൗമ്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ബന്ധുക്കളിൽ നിന്ന് പോലും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ശ്രമിക്കും.

ദൃക്സാക്ഷികളില്ലാത്തതിനാൽ സാഹചര്യത്തെളിവും കേസിൽ പ്രധാനമാകും. യുവതിയുമായി ബന്ധമുള്ളതിന്റെ പേരിൽ കഴിഞ്ഞദിവസം ചോദ്യംചെയ്തവർ ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന യുവതിയുടെ മൊഴി പൊലീസ് പൂർണമായി മുഖവിലയ്ക്കെടുത്തിട്ടില്ല. ഇവർക്കെതിരേ മൊഴിയുണ്ടായാൽ നടപടിയുണ്ടാകുമെന്ന സൂചനയും അന്വേഷണസംഘം നൽകുന്നു. യുവതിയുടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മറ്റു കുറ്റങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തും. അന്വേഷണം പൂർത്തിയാക്കി വൈകാതെ കുറ്റപത്രം സമർപ്പിക്കാനും ശ്രമം തുടങ്ങി. ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നതായി യുവതി മൊഴിനൽകിയിരുന്നു.

പടന്നക്കരയിലെ കുഞ്ഞിക്കണ്ണൻ, ഭാര്യ കമല, സൗമ്യയുടെ മകൾ ഐശ്വര്യ എന്നിവരാണ് നാലു മാസത്തിനിടെ മരിച്ചത്. ഇവരെ കൊല്ലാൻ വിഷം വാങ്ങി നൽകിയത് സൗമ്യയുടെ സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സൗമ്യയുടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ പലപ്പോഴായി ഇയാൾ വാങ്ങി നൽകാറുണ്ടായിരുന്നു. ഇതിന്റെ കൂടെ സൗമ്യയുടെ ആവശ്യപ്രകാരം എലിവിഷം വാങ്ങി നൽകിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എലിവിഷം വാങ്ങി വീട്ടിൽ സൂക്ഷിച്ച സൗമ്യ ഇത് അവസരം നോക്കി മകൾക്കും മാതാപിതാക്കൾക്കും ഭക്ഷണത്തിൽ ചേർത്ത് നൽകുകയായിരുന്നു.