കണ്ണൂർ: പിണറായിയിലെ കൂട്ടക്കൊലക്കേസിൽ പൊലീസ് നിരീക്ഷണത്തിലുള്ള ഒരു പിണറായി സ്വദേശിയെ അറസ്റ്റ് ചെയ്തേക്കും. കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലും ഇയാളുടെ പേര് പരാമർശിച്ചിട്ടുണ്ട്. സൗമ്യയുടെ മൂത്ത മകൾ ഐശ്വര്യയുടെ മരണം സംഭവിച്ച് 10 ദിവസത്തിനു ശേഷം വീട്ടിൽ നിന്നും എലിവിഷം എടുത്തത് സൗമ്യയുടെ ശ്രദ്ധയിൽ പെടുകയും തുടർന്ന് പിണറായി സ്വദേശിയായ യുവാവിന്റെ കൈയിൽ നിന്നും ബലം പ്രയോഗിച്ച് സൗമ്യ ദൂരെ എറിയുകയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ വനിതാ സ്പെഷൽ ജയിലിലാണ് പ്രധാന പ്രതി സൗമ്യയുള്ളത്.

സൗമ്യയുടെ ഫോൺവിളികളുടെ വിശദാംശങ്ങൾ ഞെട്ടിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കാമുകന്മാരെ ബന്ധപ്പെടുന്നതിനോടൊപ്പം കേസിന്റെ വിശദാംശങ്ങളറിയാൻ സൗമ്യ നടത്തിയ ഫോൺവിളികളുടെ വിശദാശംങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. അമ്മ മരിച്ചു രണ്ടാം ദിവസമാണ് അമ്മയുടെ പേരിലെടുത്ത ബാങ്ക് വായ്പയുടെ വിശദാംശങ്ങളറിയാൻ സൗമ്യ സഹകരണ ബാങ്ക് മാനേജറെ വിളിച്ചത്. വിളിയുടെ യാഥാർഥ ഉദ്ദേശ്യം ലോൺ എഴുതിത്ത്ത്ത്തള്ളുമോ എന്നറിയുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചോയെന്നറിയാൻ സൗമ്യ നിരവധി തവണ ധർമ്മടം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. തന്നെ സംശയിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനായിരുന്നു അത്.

മകൾ ഐശ്വര്യയെ കൊലപ്പെടുത്തിയ കേസിൽ സൗമ്യയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. ജയിലിൽവെച്ച് അറസ്റ്റുചെയ്യാൻ കോടതി അന്വേഷണസംഘത്തിന് അനുമതി നൽകി. ഐശ്വര്യയുടെ മരണം സംബന്ധിച്ച് ധർമടം പൊലീസ് സ്റ്റേഷനിലെ കേസിൽ കൊലക്കുറ്റം ചേർത്ത് കോടതിക്ക് റിപ്പോർട്ട് നൽകി. അമ്മ കമല, അച്ഛൻ കുഞ്ഞിക്കണ്ണൻ എന്നിവരുടെ മരണത്തിൽ പ്രതിയായ സൗമ്യ ഇതോടെ മകളെ കൊലപ്പെടുത്തിയ കേസിലും പ്രതിയായി. മകൾ മരിച്ചതിന്റെ 10 ദിവസം കഴിഞ്ഞ് വീട്ടിലെത്തിയ ഒരു യുവാവ് ബാഗിലുണ്ടായിരുന്ന എലിവിഷം കണ്ടുവെന്നും താൻ അത് കൈയിലെടുത്തപ്പോൾ പിടിച്ചുവാങ്ങി പുറത്തുകളഞ്ഞെന്നും സൗമ്യ കുറ്റസമ്മതമൊഴി നൽകി.

സൗമ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച നാലുപേരെയും വിട്ടയച്ചു. മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. മൊബൈൽഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്വേഷണസംഘം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണൻ, അമ്മ കമല, മകൾ ഐശ്വര്യ എന്നിവരാണ് പല സമയങ്ങളിലായി ഒരേ രീതിയിൽ മരിച്ചത്. ഛർദിയെത്തുടർന്നായിരുന്നു മൂവരുടെയും മരണം. ആറു കൊല്ലം മുമ്പ് ഇളയമകൾ മരിച്ചത് അസുഖം മൂലമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗമ്യയുടെ മുൻഭർത്താവ് കൊല്ലം കൊടുങ്ങല്ലൂർ സ്വദേശി കിഷോറിനെ ചോദ്യം ചെയ്തശേഷം അന്വേഷണസംഘം വിട്ടയച്ചു. ഇവരുടെ ഇളയമകൾ കീർത്തന മരിച്ചസംഭവത്തിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെയും തന്നെ കൊല്ലാൻ വിഷം നൽകിയെന്ന സൗമ്യയുടെ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു കിഷോറിനെ ചോദ്യംചെയ്തത്. തെളിവൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് വിട്ടയച്ചത്. കിഷോറിനെക്കുറിച്ച് കൊടുങ്ങല്ലൂരിൽ തുടരന്വേഷണം നടത്താനും തീരുമാനിച്ചു.

വഴിവിട്ടജീവിതത്തിന് തടസ്സമാകുമെന്ന് കണ്ടതോടെയാണ് ആദ്യം മകളെയും പിന്നീട് മാതാവിനെയും പിതാവിനെയും കൊലപ്പെടുത്തിയത്. െഎശ്വര്യയുടെ (എട്ട്) കൊലക്കേസിൽ സൗമ്യയെ അറസ്റ്റ് ചെയ്യുന്നതിന് കോടതി അനുമതിനൽകി. അറസ്റ്റിന് അനുമതിതേടിക്കൊണ്ടുള്ള അപേക്ഷ നേരത്തെതന്നെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മജിസ്‌ട്രേട്ട് അനുമതി നൽകിയത്. മൂന്നാമത്തെ കൊലക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് സിഐ കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു. മൂന്നു മരണങ്ങളും കൊലപാതകങ്ങൾ ആണെന്ന് തെളിഞ്ഞതോടെ ഒന്നരവയസ്സുകാരി കീർത്തനയുടെ മരണവും സംശയത്തിന്റെ നിഴലിലായിരുന്നു.

ഇതേതുടർന്ന് സൗമ്യയെയും മുൻ ഭർത്താവ് കിഷോറിനെയും പലവട്ടം ചോദ്യംചെയ്തിട്ടും തെളിവുകളൊന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ കീർത്തനയുടെ മരണം സ്വാഭാവിക മരണമാണെന്ന നിഗമനത്തിൽതന്നെയാണ് അന്വേഷണസംഘം. ഐശ്വര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി സൗമ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെടും.

ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബ മേളയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ