കണ്ണൂർ: പിണറായി കൂട്ടക്കൊലയിൽ സൗമ്യയുടെ കുറ്റസമ്മതത്തിന് കാരണക്കാരനായത് ഡിവൈഎസ് പി സദാനന്ദൻ. തന്ത്രപരമായ ഇടപെടിലലൂടെയാണ് സത്യം പറയിച്ചത്. പക്ഷേ പറഞ്ഞത് കേട്ട് പൊലീസുകാർ പോലും ഞെട്ടി. മുൻ ഭർത്താവിൽ നിന്ന് സൗമ്യയ്ക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരത അത്ര ഭീകരമായിരുന്നു. ഈ സംഭവത്തിൽ കിഷോറിനെതിരെ പൊലീസ് കേസെടുക്കും. ആദ്യ കുട്ടിയുടെ മരണവും കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ട്. സൗമ്യയുടെ മൊഴി വിശകലനം ചെയ്യുമ്പോൾ ഇതിന് പിന്നിൽ പ്രവർത്തിച്ചത് കിഷോറാണെന്ന നിഗമനത്തില് പൊലീസ് എത്തുന്നു.

'നിന്റെ പേരുതന്നെ സൗമ്യയെന്നാണ്. മുഖത്തും സൗമ്യഭാവം. എന്നിട്ടും എന്താ ഇങ്ങനെയൊക്കെ സംഭവിച്ചത്?' ഈ ചോദ്യം സദാനന്ദൻ ചോദിച്ചപ്പോൾ സൗമ്യയുടെ മനസ്സ് തേങ്ങി. ഭർത്താവിനെ കുറിച്ച് ചോദിച്ചപ്പോൾ പീഡനം ഓരോന്നായി പറഞ്ഞു. അവർ പൊലീസിനോട് എല്ലാം സമ്മതിക്കാൻ തുടങ്ങിയത് അവിടെ നിന്നാണ്. 'ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. രക്ഷയില്ലെന്നു തോന്നിയപ്പോഴാണ് വിട്ടുപോന്നത്. ഒരിക്കൽ, ഇളയമകൾ അയാളുടേതല്ലെന്നു പറഞ്ഞ് ഉപദ്രവിച്ചു. എലിവിഷം കലക്കി നൽകി, മകൾ തന്റേതാണെങ്കിൽ കുടിക്കണമെന്നു പറഞ്ഞു. അങ്ങനെ താൻ കുടിച്ചു. ഇതിൽ കേസൊന്നും വേണ്ടെന്ന് എല്ലാവരും പറഞ്ഞാണ് ഒഴിവാക്കിയത്' -സൗമ്യ പറഞ്ഞു.

'വീട്ടിൽ വലിയ ബുദ്ധിമുട്ടായിരുന്നു. അച്ഛന് പണിക്കു പോകാനാകാത്ത സ്ഥിതിയായി. അമ്മ കൂലിപ്പണിക്കു പോയെങ്കിലും പിന്നീട് അതിനും പറ്റാതായി. കുടുംബത്തിന്റെ ഭാരം എന്റെ തലയിൽ മാത്രമായി. കശുവണ്ടിക്കമ്പനിയിലെ തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കാൻ ഏറെ പ്രയാസപ്പെട്ടു. ഇവിടെനിന്ന് പരിചയപ്പെട്ട ഒരു സ്ത്രീയാണ് ചില പുരുഷന്മാരുടെ അരികിലെത്തിച്ചത്. പണം കിട്ടിയതിനാൽ അതിൽപ്പെട്ടുപോയി. ഒരിക്കൽമാത്രം വീട്ടിൽ തന്നെക്കാണാൻ ഒരാൾ വന്നിരുന്നു. അയാളുമായി ഇടപഴകുന്നത് മകൾ കാണുകയും ചെയ്തു' -സൗമ്യ പറഞ്ഞു. ഇത്രയും പറഞ്ഞപ്പോൾ തനിക്ക് വെള്ളം വേണമെന്നും ആവശ്യപ്പെട്ടു. അത് നൽകിയ ശേഷവും ചോദ്യങ്ങൾ തുടർന്നു

'അപ്പോൾ മകളൊരു പ്രശ്നമാകുമെന്ന് തോന്നിപ്പോയി, അല്ലേ?' 'ഉം...' -ഇങ്ങനെയായിരുന്നു കുറ്റസമ്മതം. ഇതിനുശേഷമാണ് അന്വേഷണോദ്യോഗസ്ഥനായ സിഐ.യുടെ കൈയിൽ അവർ പിടിച്ചത്. കുറേനേരം പൊട്ടിക്കരഞ്ഞു. ഇതിനുശേഷം ഓരോ കൊലപാതകവും എങ്ങനെയാണു ചെയ്തതെന്ന് വിശദീകരിച്ചു. രാത്രിയിലെ ചോറ് ബാക്കിവന്നാൽ അതാണ് രാവിലെയും കഴിക്കുക. മകൾക്കും അതാണു നൽകാറ്. ഇതിൽ വിഷം ചേർത്ത് മകൾക്ക് വാരിക്കൊടുത്തതാണെന്ന് സൗമ്യ സമ്മതിച്ചു; പിന്നെ, അമ്മയ്ക്കും അച്ഛനും വിഷം നൽകിയതെങ്ങനെയെന്നും. മകൾക്കു ചോറിലും പെറ്റമ്മയ്ക്കു മീൻകറിയിലും അച്ഛനു രസത്തിലും എലിവിഷം കലർത്തി നൽകിയാണ് സൗമ്യ കൊല നടത്തിയത്.

സൗമ്യ ഇതൊക്കെ ചെയ്തത് സുഖജീവിതത്തിന് വേണ്ടിയായിരുന്നു. പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസ്സിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴിൽ മുതൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ സഹായിയായി വരെ ജോലി ചെയ്തു. നിലവിൽ ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ കലക്ഷൻ ഏജന്റായി ജോലി. ഈ പരിചയമുപയോഗിച്ചു പലരുമായും വൻ സാമ്പത്തിക ഇടപാടുകളും. ഇതെല്ലാം അന്വേഷണ സംഘത്തിന് മുന്നിൽ തുറന്നു പറഞ്ഞു. വിഷം ഉള്ളിൽ ചെന്നാണ് സൗമ്യയുടെ മക്കളും മാതാപിതാക്കളും മരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതാണ് നിർണ്ണായകമായത്.

എലിവിഷത്തിന്റെ പ്രധാനഘടകമായ അലൂമിനിയം ഫോസ്ഫൈഡാണ് ശരീരത്തിനുള്ളിൽ നിന്നും കണ്ടെടുത്തത്. എലിവിഷം ഈ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതിനിടെ എലിവിഷം ഉള്ളിൽച്ചെന്ന ലക്ഷണവുമായി സൗമ്യ ആശുപത്രിയിലായി. പക്ഷം സൗമ്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി. സൗമ്യയുടെ മെഡിക്കൽ പരിശോധനയിൽ അവരുടെ ശരീരത്തിൽ രാസവസ്തുക്കളുടെ സൂചന ഇല്ലാിരുന്നു. ചർദ്ദിയുടെ അസുഖം പറഞ്ഞപ്പോൾ ആദ്യം ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതിരുന്നതും സംശയത്തിന് ഇട നൽകി. ഇതോടെ സൗമ്യയെ പൊലീസ് നിരീക്ഷിച്ചു. പ്രവർത്തികളിൽ സംശയം തോന്നി. അങ്ങനെ പിണറായിയിലെ ക്രൂരത പുറം ലോകം അറിഞ്ഞു.

സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണൻ, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീർത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളിൽ മരിച്ചത്. 2012 സെപ്റ്റംബർ ഒൻപതിനാണ് ഇളയ മകൾ കീർത്തന മരിച്ചത്. ആറു വർഷങ്ങൾക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാർച്ച് ഏഴിനും കുഞ്ഞിക്കണ്ണൻ ഏപ്രിൽ 13നും മരിച്ചു. തലശ്ശേരി റസ്റ്റ് ഹൗസിൽ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾക്കും ഒരു മകൾക്കും എലിവിഷം നൽകിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലിൽ സൗമ്യ സമ്മതിച്ചു. ഛർദ്ദിയെ തുടർന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽനിന്നുള്ള നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമെന്ന് ഉറപ്പിച്ചത്.