കണ്ണൂർ: മുന്ന് കാമുകന്മാരിൽ സൗമ്യ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആരെ? മക്കളും അച്ഛനും അമ്മയും ഇല്ലാതായതോടെ കാമുകന്മാരിൽ ഒരാൾക്കൊപ്പം ജീവിക്കാമെന്ന് സൗമ്യ ആഗ്രഹിച്ചിരുന്നു. അതിനാൽ തന്നെ സൗമ്യയുടെ വീട്ടിലെ ഓരോ മരണങ്ങൾക്ക് മുമ്പും ശേഷവും സൗമ്യയും ഇയാളും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. പിണറായയിലെ കൂട്ടക്കൊല കേസിൽ പ്രതിപട്ടികയിലുള്ള സൗമ്യ കാമുകന്മാർക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും സംശയങ്ങൾ ആ തലത്തിലേക്ക് നീങ്ങുന്നു. സൗമ്യയുടെ അച്ഛനും അമ്മയും തലശ്ശേരി സഹകരണ ആശുപത്രിയിൽ ഛർദ്ദിൽ ബാധിച്ച് പ്രവേശിപ്പിച്ചപ്പോൾ ആശുപത്രി ബില്ലടച്ചത് ഇതിനും പുറമേയുള്ള കാമുകനാണോ? അതേക്കുറിച്ച് ഇതുവരെ അന്വേഷണം എത്തിയിട്ടില്ല.

മകളും അച്ഛനും അമ്മയും മരിച്ച ശേഷം ഏറെ ഇഷ്ടപ്പെടുന്ന കാമുകനൊത്ത് ജീവിക്കാൻ സൗമ്യ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തിയപ്പോൾ ജീവിക്കാൻ മാർഗ്ഗമില്ലെന്നും സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് നേരിട്ട് അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ തന്റെ മകളും അച്ഛനമ്മമാരും അജ്ഞാത രോഗം ബാധിച്ച് മരിച്ചുവെന്നാണ് കാണിച്ചത്. അതോടെ അപേക്ഷ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തി. നാട്ടിൽ മരണത്തെക്കുറിച്ച് ദുരൂഹത ഉയർന്നപ്പോഴും വില്ലേജ് ഓഫീസർ മരണം ശരിവെച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.

അപേക്ഷയിൽ തുടർ നടപടികൾ വരുമ്പേഴേക്കും കൊലപാതക വിവരം പുറത്താവുകയായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ അപേക്ഷ നൽകി കാത്തിരുന്ന സൗമ്യയേയും കാമുകരേയും ഭയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമുള്ള അന്വേഷണ ഉത്തരവാണ്. അതോടെ പൊലീസ് നടപടി ശക്തമായി. പിടിച്ചു നിൽക്കാൻ കഴിയാതെ സൗമ്യയും ഏതോ ഒരു കാമുകനുമായി നടത്തിയ നാടകമാണ് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലായത്. അപ്പോഴേക്കും അന്വേഷണ ഉദ്യോഗസ്ഥകർക്ക് സൗമ്യയിലെ ക്രിമിനലിനെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു.

സൗമ്യയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതുകൊണ്ടു മാത്രം കാമുകരിൽ ആരേയും പ്രതിചേർക്കാൻ ആകില്ലെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തിയായവർ പരസ്പര സമ്മതത്തോടെ ചെയ്യുന്ന ബന്ധം കുറ്റകരമായി കാണാനാകില്ല. എന്നാൽ ഇത്തരം ബന്ധം കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്കാം. പക്ഷേ സൗമ്യയുടെ കാമുകരേയും സൗമ്യയേയും ചോദ്യം ചെയ്തതിൽ അത്തരമൊരു വിവരം പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

കാമുകരിൽ ആർക്കും കൊലപാതക രഹസ്യം അറിയില്ലെന്ന് നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. അച്ഛനും അമ്മക്കും വിവിധ ഘട്ടങ്ങളിൽ ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതായും സൂചനയുണ്ട്. ആശുപത്രിയിൽ നിന്നും അവരെ ഡിസ്ച്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയ ശേഷമാണ് വീണ്ടും രോഗം മൂർച്ഛിച്ചത്. അവർ രോഗികളാണെന്ന് നാട്ടുകാരും ബന്ധുക്കളും അറിയാനുള്ള കുബുദ്ധിയാണ് ഇതിന്റെ പിറകിലെന്ന് സംശയിക്കുന്നു.

വീട്ടുകിണറ്റിലെ വെള്ളത്തിൽ അമോണിയയുടെ അധിക സാന്നിധ്യം ഉണ്ടെന്ന പ്രചാരണം സൗമ്യയിൽ മാത്രം ഉടലെടുത്തതാണോ? ഇതിനു പിറകിൽ മറ്റാരെങ്കിലുമുണ്ടോ? എന്ന ചോദ്യവും അവശേഷിക്കുന്നു. സൗമ്യയുടെ സഹോദരി പുത്രി പത്ത് വയസ്സുകാരി പോലും അമോണിയം സാന്നിധ്യത്തെപ്പറ്റി വാചാലമായി സംസാരിക്കുന്നു. അതേ സമയം സൗമ്യയുടെ ആദ്യ കുഞ്ഞായ കീർത്തനയുടെ മരണവും സംശയത്തിന്റെ നിഴലിലാണ്. കീർത്തനയുടെ മരണത്തിൽ സൗമ്യയുടെ ഭർത്താവ് കിഷോർ സംശയത്തിന്റെ മുൾമുനയിലാണ്.

കോട്ടയം സ്വദേശിയായ കിഷോറിനെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. കിഷോറിനെ ചോദ്യം ചെയ്യുന്നതോടെ ആദ്യ കുഞ്ഞിന്റെ മരണവും സൗമ്യയെ വിഷം കുടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച വിവരത്തിന്റേയും സ്ഥിരീകരണമുണ്ടാകുമെന്ന് കരുതുകയാണ് പൊലീസ്.