കണ്ണൂർ: പിണറായി പടന്നക്കരയിൽ എലിവഷം നൽകി മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ കേസിൽ കുറ്റ സമ്മതം നടത്തിയ സൗമ്യയുടെ രണ്ട് കാമുകർ വലയിലാവുമെന്ന് സൂചന. സൗമ്യക്ക് സഹായം നൽകിയ ഈ രണ്ടു പേരുടെ മൊബൈൽ സംഭാഷണ വിവരങ്ങൾ അന്വേഷണ സംഘം പരിശോധിച്ചതിൽ കൊലപാതകത്തിൽ ഇവർക്ക് പങ്കുള്ളതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. എലിവിഷം കൊടുക്കാനും മറ്റുള്ള നിർദ്ദേശങ്ങൾ ഇവർ സൗമ്യയ്ക്ക് നൽകിയതായാണ് പൊലീസ് കണ്ടെത്തൽ. ഇക്കാര്യം ഇവരും സമ്മതിച്ചിട്ടുണ്ട്. ഏത് സമയത്തും അറസ്റ്റ് നടക്കും. ഇതോടെ പിണറായി കൊലയിൽ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാവുകയാണ്.

ഒരാൾ സൗമ്യയെ കൊണ്ടു പോകുന്ന കാർ ഡ്രൈവറും മറ്റൊരാൾ പിണറായിയിലെ തന്നെ 65 കാരനുമാണെന്നാണ് വിവരം. 23കാരനാണ് പ്രധാന പ്രതി. ഇവർക്കെതിരെ വേണ്ടത്ര തെളിവുകൾ ലഭിച്ചാൽ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. ശാസ്ത്രീയമായ തെളിവുകൾ തന്നെയാണ് ഇവരുടെ കാര്യത്തിലും പൊലീസ് ലക്ഷ്യമിടുന്നത്. എനിക്ക് നിന്നെ മടുത്താൽ ഞാൻ വേറെ ആളെ നോക്കുമെന്ന് സൗമ്യ തന്നോട് പല തവണ പറഞ്ഞിട്ടുള്ളതായി കാമുകന്മാരിൽ സൗമ്യക്ക് ഏറ്റവും പ്രിയപ്പെട്ടവൻ എന്ന് കരുതുന്ന യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളാണ് സൗമ്യയുടെ വാണിഭ ഇടപാടുകൾക്കും സഹായിയായി നിൽക്കുന്നത്. 16 വയസുമുതൽ ഇയാൾക്ക് സൗമ്യയുമായി അടുപ്പമുണ്ട്. കൊലപാതകം നടന്ന ദിവസങ്ങളിൽ അതിന് മുമ്പും പിമ്പും സൗമ്യ ഏറ്റവും കൂടുതൽ ഫോണിൽ സംസാരിച്ചത് 23കാരനായ കാമുകനോടായിരുന്നു. നേരത്തെ അഞ്ച് പേരെ പൊലീസ് സംശയിച്ചിരുന്നു. ഇതിൽ രണ്ട് പേരെ പ്രതിചേർക്കാനുള്ള തെളിവാണ് പൊലീസ് പറയുന്നത്.

സൗമ്യയ്ക്ക് പെൺവാണിഭ മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണ്. തലശ്ശേരിയിൽ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീ സൗമ്യയുടെ ജീവിതം മാറ്റിമറിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിൽ ബോധ്യമായ കാര്യം. ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസായിരുന്നു. ഇരിട്ടിയിൽ അവരുടെ വീട് കേന്ദ്രീകരിച്ച് സൗമ്യ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടു. നല്ല വരുമാനവും ലഭിച്ചു തുടങ്ങി. വിലപേശി കാമുകന്മാരിൽ നിന്നും വൻതുകകൾ ഈടാക്കി. ഇരിട്ടിയിലെ ഇടപാടിന് ആലീസിന് പങ്ക് നൽകണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയിൽ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടിൽ ആളുകളെ ക്ഷണിച്ചു വരുത്തി. പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാരായി. ഇത്തരം ഒരു ദൃശ്യം മൂത്ത മകൾ ഐശ്വര്യ കണ്ടതോടെയാണ് അവളെ വകവരുത്താൻ സൗമ്യ മുതിർന്നത്. വഴി വിട്ട ജീവിതത്തെ എതിർത്ത അച്ഛനും അമ്മയേയും കൊലപ്പെടുത്തിയതും അതിനാൽ തന്നെ.

മകളെ ഭീഷണിയായി കാമുകന്മാരും കണ്ടു. ഇവരാണ് എലിവിഷം വാങ്ങി നൽകിയതും. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന് ലഭിക്കുന്ന സൂചന. അതിനിടെ വണ്ണത്താൻ വിട്ടിൽ സൗമ്യയെ (28) റിമാന്റ് കാലാവധി പൂർത്തിയായതിനെ തുടർന്ന് കണ്ണൂർ വനിതാ ജയിലിൽ നിന്നും കനത്ത സുരക്ഷയിൽ ഇന്ന് കാലത്ത് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. തലശ്ശേരിയിലെ ജഡ്ജി അവധിയിലായതിനാലാണ് പകരം ചുമതലയുള്ള കണ്ണൂർ കോടതിയിൽ ഹാജരാക്കിയത്. തന്നിഷ്ടപ്രകാരം ജീവിക്കാൻ തടസ്സമാവുമെന്ന് കണ്ടതിനാൽ മാതാ പിതാക്കളെ ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകിയെന്ന കേസിലാണ് ഇക്കഴിഞ്ഞ ഏപ്രിൽ 24ന് രാത്രി സൗമ്യയെ അറസ്റ്റ് ചെയ്തിരുന്നത്. പിറ്റേന്നാൾ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പൊലീസ് അപേക്ഷിച്ചതിനെ തുടർന്ന് നാല് ദിവസത്തേക്ക് അന്ന് തന്നെ കസ്റ്റഡിയിൽ വിട്ടുനൽകി.

തെളിവെടുപ്പിന് ശേഷം വീണ്ടും റിമാന്റ് ചെയ്യപ്പെട്ട പ്രതിയെ മൂത്ത മകൾ ഐശ്വര്യയെ കൊല ചെയ്ത കേസിൽ തെളിവെടുപ്പിനായി വിട്ടുനൽകണമെന്ന തലശ്ശേരി പൊലീസിന്റെ അപേക്ഷയിലാണ് കണ്ണൂർ കോടതി വിട്ടു നൽകിയത്. ജീവിതം അപധ സഞ്ചാരമായപ്പോൾ സൗമ്യ പ്രതികാര ദാഹിയായി. എല്ലാറ്റിനും കാരണക്കാരൻ ഭർത്താവായ കിഷോർ തന്നെയെന്ന് അവൾ ഉറപ്പിച്ചു. രണ്ടു മക്കളും അയാളുടേത് തന്നെ. ബന്ധം വഷളാകുന്നതു വരെ താൻ ആരുമായും ശരീരം പങ്കിട്ടില്ലെന്ന് സൗമ്യ ആവർത്തിച്ചു പറയുന്നു. ഐശ്വര്യ മരിക്കുന്നതിന് മുമ്പ് ഛർദ്ദിക്കുന്ന ദൃശ്യം പോലും അവർ മൊബൈലിൽ പകർത്തി. മാത്രമല്ല ഐശ്വര്യ പഠിച്ച സ്‌ക്കൂളിലെ അദ്ധ്യാപികമാരെ മരണശേഷം വീട്ടിലെത്തിയപ്പോൾ അത് കാട്ടുകയും ചെയ്തു. ഒരു ലാഞ്ചനയുമില്ലാതെയാണ് ഇതെല്ലാം മാതാവായ സൗമ്യ ചെയ്തത്. അതുകൊണ്ട് തന്നെ ഗൗരവമായ കൂട്ടക്കൊലയായി ഇതിനെ പൊലീസ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തനിക്ക് മാത്രമേ കൊലയിൽ പങ്കുള്ളൂവെന്ന് സൗമ്യ ആവർത്തിച്ചിട്ടും വിശദമായ അന്വേഷണം നടത്തിയത്.

സൗമ്യയ്‌ക്കെതിരെ മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയത് രണ്ടു കേസുകളായാണ് പൊലീസ് രജിസ്ട്രർ ചെയ്തിട്ടുള്ളത്. ഐശ്വര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയാനാണ് സൗമ്യയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്നത്. ഗുരുതരാവസ്ഥയിൽ ഐശ്വര്യ ആശുപത്രിയിൽ കഴിയുമ്പോൾ മകളുടെ ചിത്രങ്ങൾ പകർത്തി മൊബൈൽ ഫോണിൽ ചിലർക്ക് അയച്ചു കൊടുത്തിരുന്നു. മകൾക്ക് വിഷം നൽകിയ കുപ്പിയും ഇവരുമായി അടുപ്പമുള്ള യുവാവിനെ കാണിച്ചിരുന്നതായി സൗമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം പൊലീസിന് വ്യക്തത വരുത്തിയാണ് കൂടുതൽ അറസ്റ്റിലേക്ക് പൊലീസ് നീങ്ങുന്നത്.

ഭർത്താവിനോടുള്ള പ്രതികാരവും സൗമ്യയ്ക്കുണ്ട്. അതിനിടെ ആറു കൊല്ലം മുമ്പത്തെ ഇളയ കുട്ടിയുടെ മരണം സ്വാഭാവികമാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സൗമ്യയുടെ മുൻ ഭർത്താവ് കിഷോറിനെ കേസിൽ പ്രതിയാക്കില്ലെന്നാണ് സൂചന.