കണ്ണൂർ: പിണറായി പടന്നക്കര കൂട്ടകൊലക്കേസ് പ്രതി വണ്ണത്താൻ വീട്ടിൽ സൗമ്യ കാമുകരെ തിരഞ്ഞെടുക്കുന്നത് ജാതകപൊരുത്തം നോക്കി. കാമുകന്മാരുമായി മനപൊരുത്തം വന്നാൽ സൗമ്യ പിന്നീട് ചോദിക്കുന്നത് ജാതകമാണ്. എന്നാൽ ജാതകം ലഭിച്ചില്ലെങ്കിൽ അവരെ പിന്നീട് അകറ്റി നിർത്തും. ഇക്കാര്യത്തിൽ ആരേയും ഉഴപ്പിക്കളിക്കാൻ സൗമ്യ അനുവദിക്കാറില്ല. ജാതകത്തിന് ചോദിച്ചാൽ അതുകൊണ്ടു വന്നാൽ മാത്രമേ പിന്നീട് അവരുമായി ബന്ധം തുടരുകയുള്ളൂ. ഇത്തരത്തിൽ ജാതകപൊരുത്തമില്ലാത്ത പലരേയും സൗമ്യ ഓരോ ഘട്ടത്തിലും ഒഴിവാക്കിയിട്ടുണ്ട്. സൗന്ദര്യവും പണവും ഉള്ളവർ പോലും ജാതക പൊരുത്തം ഇല്ലെങ്കിൽ സൗമ്യ പിന്നെ അടുപ്പിക്കാറില്ല.

അത്രകണ്ട് ഉറച്ച് വിശ്വസിക്കുകയാണ് ജാതകത്തിലും ജോതിഷത്തിലും പ്രതിസ്ഥാനത്തുള്ള സൗമ്യ. സൗമ്യയുടെ എല്ലാ ഇടപാടുകൾക്കും കൂട്ടായി നിൽക്കുന്നത് പടന്നക്കരയിലെ തന്നെ ഒരു യുവാവാണ്. പതിനാറാം വയസ്സു മുതൽ ഇയാൾക്ക് സൗമ്യയുമായി എല്ലാത്തരത്തിലുള്ള ബന്ധവുമുണ്ടെന്ന് സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ സൗമ്യ തന്നോടുപ്പിച്ചതും ജാതക പൊരുത്തം നോക്കി തന്നെ. ദേവ സന്നിധിയിലെത്തി ഇയാളെ വിവാഹം കഴിച്ചതായും പ്രചരണമുണ്ട്. ഇപ്പോൾ 22 വയസ്സുള്ള ഇയാളാണ് സൗമ്യയുടെ വിശ്വസ്തനും ഡ്രൈവറുമെല്ലാം. അടുത്ത കാലം വരെ ഇയാളുടെ കാറിൽ കോഴിക്കോട് വരെ സൗമ്യ സഞ്ചരിച്ചിട്ടുണ്ട്.

സൗമ്യയെ ചോദ്യം ചെയ്യാനായി പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയത് രണ്ടു കേസുകളായാണ് പൊലീസ് രജിസ്ട്രർ ചെയ്തിട്ടുള്ളത്. ഐശ്വര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയാനാണ് സൗമ്യയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്നത്. ഗുരുതരാവസ്ഥയിൽ ഐശ്വര്യ ആശുപത്രിയിൽ കഴിയുമ്പോൾ മകളുടെ ചിത്രങ്ങൾ പകർത്തി മൊബൈൽ ഫോണിൽ ചിലർക്ക് അയച്ചു കൊടുത്തിരുന്നു. മകൾക്ക് വിഷം നൽകിയ കുപ്പിയും ഇവരുമായി അടുപ്പമുള്ള യുവാവിനെ കാണിച്ചിരുന്നതായി സൗമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം പൊലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്. ആദ്യ മകളുടേത് സ്വാഭാവിക മരണമാണെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിൽക്കുകയാണ്.

സൗമ്യയെ അനാശാസ്യത്തിലെ പ്രധാനിയാക്കിയത് ഇരിട്ടിക്കാരിയാണ്. സമ്പന്നരും പ്രവാസികളുമായി ഇടപാടുകാർ ഇരിട്ടി -വെളിമാനം സ്വദേശിയായ സ്ത്രീക്ക് ചുറ്റും പാറി പറന്നു. സൗമ്യയെ ഉപയോഗിച്ച് വല വീശാനുള്ള നെറ്റ് വർക്കും അവർ വിപുലീകരിച്ചു. തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയായ ആലീസാണ് സൗമ്യയെ ഇരിട്ടിക്കാരിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. സൗമ്യ ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും കരകയറാൻ വിലക്കപ്പെട്ട ഈ വഴി തന്നെ സ്വീകരിച്ചതിന് പിന്നിലും ആലീസ് തന്നെ. പക്ഷേ നിലവിലെ കേസിൽ ഇവർക്ക് പ്രതിയാകേണ്ട സാഹചര്യമില്ല. അതിനിടെ ഇരിട്ടിയിലെ കേന്ദ്രത്തിൽ റെയ്ഡ് വേണ്ടെന്ന നിർദ്ദേശവും പൊലീസിന് കിട്ടിയതായാണ് സൂചന.

ആലീസിന് കമ്മിഷൻ കിട്ടുന്ന ഇടപാടായതുകൊണ്ടു തന്നെ നിത്യവും ഈ വഴി തിരഞ്ഞെടുക്കാൻ ഉപദേശിക്കാറുമുണ്ട്. ആദ്യമാദ്യം സൗമ്യ ഇത്തരമൊരു വഴി സ്വീകരിക്കുന്നതിന് തയ്യാറായിരുന്നില്ല. കശുവണ്ടി ഫാക്ടറിയിലെ കൂലിയും ഇടക്കിടെ പണിയില്ലാത്ത അവസ്ഥയും അച്ഛനും അമ്മയും മകളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുവാനും കഷ്ടപ്പാടേറി വന്നു. ഇത്തരമൊരു സാഹചര്യത്തിൽ ആലീസ് കാട്ടിക്കൊടുത്ത അനാശാസ്യത്തിന്റെ പാത സ്വീകരിക്കുകയായിരുന്നു. ഇരിട്ടി വെളിമാനത്തെ വീട്ടിൽ ആലീസിനൊപ്പം ആദ്യമായെത്തിയ സൗമ്യ കണ്ടത് ശാരീരിക വൈകല്യമുള്ള രണ്ടു പേരെയാണ്. അവർ എന്തിന് വന്നതാണെന്നൊന്നും സൗമ്യക്ക് പ്രശ്‌നമായില്ല. അവരും ഈ വഴി തേടിയെത്തിയതാണോ എന്നും അറിയില്ല. ഏതായാലും അവിടെ വച്ചാണ് സൗമ്യ രണ്ടു കല്പിച്ച് അനാശാസ്യ വഴി സ്വീകരിച്ചത്.

കൊല്ലത്തു നിന്നും കശുവണ്ടി കമ്പനിയിൽ ജോലിക്കു വന്ന സുന്ദരനായ യുവാവിൽ സൗമ്യക്ക് അഭിനിവേശം ജനിച്ചു. അങ്ങിനെയാണ് ആദ്യ ഭർത്താവ് കിഷോറുമായി സൗമ്യ അടുത്തത്. അതോടെ സൗമ്യയുടെ മട്ടും ഭാവവും മാറി. പടന്നക്കരയിലെ ഗ്രാമീണ പെൺകൊടിക്ക് പരിഷ്‌ക്കാരം തലക്കു പിടിച്ചു. ആഡംബര വസ്ത്രവും മുഖം മോടി കൂട്ടലും പതിവായി. ഇത് കിഷോറിലും പ്രണയം മൊട്ടിട്ടു. ഫാക്ടറിയിലെ കോണുകളിൽ ഇരുവരും സന്ധിക്കലും തുടങ്ങി. പ്രണയം വളർന്ന് തലശ്ശേരിയിലെ സിനിമാ ശാലകളിലും കടപ്പുറത്തുമെല്ലാം അവർ വിലസി. നിയമാനുസൃത വിവാഹത്തിന്റെ ഗൗരവമൊന്നും അറിയാത്ത സൗമ്യ തങ്ങൾ ഭാര്യാ ഭർത്താക്കളെന്ന് ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു. അതോടെ സൗമ്യയുടെ വീട്ടിലും കിഷോർ അന്തിയുറങ്ങി.

അവർക്ക് ആദ്യകുഞ്ഞ് പിറന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുഞ്ഞിന്റെ പിതൃത്വത്തിൽ കിഷോർ സംശയം പ്രകടിപ്പിച്ചു. ക്രൂരമായി പീഡിപ്പിക്കുകയും പരസ്പരം തകർക്കിക്കുകയും പതിവായി. അതോടെ നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് കിഷോർ പറഞ്ഞു. അതിന് സമ്മതിച്ച സൗമ്യ ഗ്ലാസിൽ ഒഴിച്ചു തന്ന വിഷം ഒരു കവിൾ വായിലാക്കി. എന്നാൽ ഉടൻ തന്നെ ബാക്കി വിഷം കിഷോർ മറിച്ചുകളഞ്ഞു. വിഷബാധയേറ്റ സൗമ്യയെ ആശുപ്ത്രിയിലാക്കിയ ശേഷം അയാൾ രക്ഷപ്പെടുകയായിരുന്നു. അതിനിടെ സൗമ്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു. കശുവണ്ടി ഫാക്ടറിയിലെ വരുമാനം കൊണ്ട് ജീവിക്കാനാവാത്ത അവസ്ഥയായി. കിഷോറിനോടുള്ള പ്രതികാരം മനസ്സിൽ വളർത്തിയ സൗമ്യ എങ്ങിനെയെങ്കിലും ജീവിക്കണമെന്ന് ഉറപ്പിച്ചു. അതിനു തേടിയത് വളഞ്ഞ വഴിയായിരുന്നു.

ആയിടക്കാണ് തലശ്ശേരിയിൽ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീയെ കണ്ടുമുട്ടിയത്. ഇത് സൗമ്യയുടെ ജീവിതം മാറ്റി മറിച്ചു. ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസായിരുന്നു. ഇരിട്ടിയിൽ അവരുടെ വീട് കേന്ദ്രീകരിച്ച് സൗമ്യ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടു. നല്ല വരുമാനവും ലഭിച്ചു തുടങ്ങി. വിലപേശി കാമുകന്മാരിൽ നിന്നും വൻതുകകൾ ഈടാക്കി. ഇരിട്ടിയിലെ ഇടപാടിന് ആലീസിന് പങ്ക് നൽകണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയിൽ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടിൽ ആളുകളെ ക്ഷണിച്ചു വരുത്തി.

പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാരായി. ഇത്തരം ഒരു ദൃശ്യം മൂത്ത മകൾ ഐശ്വര്യ കണ്ടതോടെയാണ് അവളെ വകവരുത്താൻ സൗമ്യ മുതിർന്നത്. വഴി വിട്ട ജീവിതത്തെ എതിർത്ത അച്ഛനും അമ്മയേയും കൊലപ്പെടുത്തി.