മന്ത്രി തോമസ് ചാണ്ടിക്കും അൻവർ എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്; റിസോർട്ടിനായി പുന്നമടക്കായൽ കയ്യേറിയിട്ടില്ല; 15 വർഷം മുൻപാണ് ലേക്ക് പാലസ് നിർമ്മിച്ചത്; മന്ത്രി വയൽ നികത്തിയെന്ന ആരോപണം ശരിയല്ല; അൻവറിന്റെ വാട്ടർതീം പാർക്ക് പ്രവർത്തിക്കുന്നത് അനുമതിയോടെ: സഹമന്ത്രിമാരുടെ ആരോപണത്തെ നിയമസഭയിൽ പ്രതിരോധിച്ച് മുഖ്യമന്ത്രി: പ്രതിപക്ഷത്തിന് വിഷയ ദാരിദ്രമെന്ന് തിരിച്ചടിച്ച് ഭരണപക്ഷം
തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ പി വി അൻവറിനും ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്. ഇരുവർക്കും എതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഇരുവരും നിയമലംഘനങ്ങൾ നടത്തിയെന്ന ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂർ എംഎൽഎ പി.വി അൻവറിനുമെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞു. റിസോർട്ടിനായി തോമസ് ചാണ്ടി പുന്നമടക്കായൽ കയ്യേറിയിട്ടില്ല. 15 വർഷം മുൻപാണ് ലേക്ക് പാലസ് നിർമ്മിച്ചത്. തോമസ് ചാണ്ടി വയൽ നികത്തിയെന്ന ആരോപണം ശരിയല്ല. ഒരു സെന്റ് ഭൂമിയും കയ്യേറിയിട്ടില്ല. വഴിവിട്ട നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും സംരക്ഷിക്കില്ല. ഏത് ഉന്നതനായാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.വി അൻവറിനെതിരായ ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്. അൻവറിന്റെ പാർക്കിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെ അനുമതി ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തോമസ് ചാണ്ടിയും പി.വി അൻവറും നടത്തിയ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നിയമലംഘ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ പി വി അൻവറിനും ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്. ഇരുവർക്കും എതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഇരുവരും നിയമലംഘനങ്ങൾ നടത്തിയെന്ന ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂർ എംഎൽഎ പി.വി അൻവറിനുമെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞു.
റിസോർട്ടിനായി തോമസ് ചാണ്ടി പുന്നമടക്കായൽ കയ്യേറിയിട്ടില്ല. 15 വർഷം മുൻപാണ് ലേക്ക് പാലസ് നിർമ്മിച്ചത്. തോമസ് ചാണ്ടി വയൽ നികത്തിയെന്ന ആരോപണം ശരിയല്ല. ഒരു സെന്റ് ഭൂമിയും കയ്യേറിയിട്ടില്ല. വഴിവിട്ട നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും സംരക്ഷിക്കില്ല. ഏത് ഉന്നതനായാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.വി അൻവറിനെതിരായ ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്. അൻവറിന്റെ പാർക്കിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെ അനുമതി ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോമസ് ചാണ്ടിയും പി.വി അൻവറും നടത്തിയ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നിയമലംഘനങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും ബി.ടി ബൽറാം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പി.വി അൻവറിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നുള്ള മതിയായ അനുമതികൾ പാർക്കിന് ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട് പുറത്തുവന്നത്.
പ്രതിപക്ഷത്തിന് വിഷയ ദാരിദ്രമാണെന്ന് തോമസ് ചാണ്ടി സഭയിൽ പ്രതികരിച്ചു. ആരോപണം തെളിഞ്ഞാൽ മന്ത്രിസ്ഥാനമല്ല, എംഎൽഎ സ്ഥാനവും രാജിവയ്ക്കാൻ തയ്യാറാണെന്നും തോമസ് ചാണ്ടി പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. റോഡ് നിർമ്മിച്ചിരിക്കുന്നത് പ്രദേശവാസികൾക്ക് വേണ്ടിയാണ്. റിസോർട്ടിൽ മുറി കൊടുക്കാത്താതിന് ഒരു റിപ്പോർട്ടർ നൽകുന്ന പണിയാണിത്. മാധ്യമങ്ങൾക്ക് വേറെ പണിയില്ലാഞ്ഞിട്ടാണെന്നും തോമസ് ചാണ്ടി ആരോപിച്ചു.
വ്യക്തിഹത്യ നടത്താൻ ഗൂഢാലോചന നടക്കുന്നുവെന്ന് അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് പാർക്ക് സന്ദർശിക്കണം. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ പാർക്ക് അടച്ചുപൂട്ടാം. ആര്യാടൻ മുഹമ്മദിനെതിരെ അൻവർ നടത്തിയ പരാമർശം സഭയിൽ പ്രതിപക്ഷ ബഹളത്തിനും ഇടയാക്കി. തനിക്കെതിരെ പരാതി നൽകിയയാൾ ആര്യടാൻ മുഹമ്മദിന്റെ ബിനാമിയാണെന്നായിരുന്നു അൻവറിന്റെ ആരോപണം. ഇത് പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മറുപടിക്കിടെയും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. സർക്കാർ ഭൂമാഫിയയ്ക്കൊപ്പമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം. എന്തുകൊണ്ട് ഒരു അന്വേഷണം പ്രഖ്യാപിക്കാൻ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയോട് സഹതാപമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് ചട്ടവിരുദ്ധമെന്ന് സ്പീക്കർ നിലപാടെടുത്തു. ഒന്നിലധികം വിഷയം ഒന്നിച്ച് പ്രതിപാദിക്കാൻ പാടില്ലെന്നാണ് ചട്ടം. ഭൂമി കയ്യേറ്റമെന്ന വിഷയമാണ് ഉന്നയിച്ചതെന്നു പ്രതിപക്ഷം വാദിച്ചു. ചട്ടമനുസരിച്ച് നോട്ടിസ് നൽകണമെന്ന് മന്ത്രി എ.കെ.ബാലൻ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയല്ല വേണ്ടതെന്നും ബാലൻ ചൂണ്ടിക്കാട്ടി.
അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ റിസോർട്ടുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ ആലപ്പുഴ മുനിസിപ്പാലിറ്റിയിൽനിന്ന് കാണാതായി. ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടർന്നുള്ള പരിശോധനയിലാണ് മുനിസിപ്പാലിറ്റിയിൽ റിസോർട്ടുമായി ബന്ധപ്പെട്ട 32 ഫയലുകൾ ഇല്ലെന്ന് കണ്ടെത്തിയത്. ഭൂമി കയ്യേറ്റം കണ്ടെത്താൻ റിസോർട്ടിൽ റവന്യൂ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് ഫയൽ അപ്രത്യക്ഷമായത്.
ഫയൽ കണ്ടെത്താൻ ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറി സെർച്ച് ഓർഡർ നൽകി. ഫയലുകൾ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി നഗരസഭ ചെയർമാൻ തോമസ് ജോസഫും അറിയിച്ചു. മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പതിനഞ്ചു മാസത്തിനിടയ്ക്ക് ഭൂമി കയ്യേറിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നേരത്തേ കയ്യേറിയിട്ടുണ്ടെങ്കിൽ അതു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.