- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേവസ്വംമന്ത്രി മത്സരിക്കുന്ന കഴക്കൂട്ടത്തുതന്നെ 'ശബരിമല'യെ പ്രചാരണകേന്ദ്രമായി പ്രതിഷ്ഠിച്ച് ബിജെപി; അസുര നിഗ്രഹത്തിനുള്ള മാളികപ്പുറമാണ് ശോഭയെന്ന് സുരേഷ് ഗോപി പറഞ്ഞതും തന്ത്രത്തിന്റെ ഭാഗം; എൻ എസ് എസും സിപിഎമ്മിനെതിരെ വാളെടുത്തു; കടകംപള്ളിയുടെ മാപ്പിന് പിന്നാലെ പണിയായത് യെച്ചൂരിയുടെ അഭിമുഖം; 'വിശ്വാസം' വേണ്ട 'വികസനം' മതിയെന്ന ശാസനയുമായി പിണറായിയും
തിരുവനന്തപുരം: വീണ്ടും ശബരിമല.... കോടതി വിധി വരെ കാത്തിരിക്കുകയാണു മര്യാദ. ശബരിമല അടഞ്ഞ അധ്യായമാണ്. പ്രശ്‌നം ഇപ്പോൾ ചിലരുടെ മനസ്സിൽ മാത്രമാണ്-ഇതാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പറയാനുള്ളത്. കോടതി വിധിയാണ് പ്രധാനമെന്നും തുല്യനീതിയാണ് അജണ്ടയെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ എത്തിയത്. അയ്യപ്പ വിശ്വാസം ആളിക്കത്തിച്ചായിരുന്നു ലോഞ്ചിങ്. പിന്നാലെ അസുര നിഗ്രഹത്തിന് എത്തിയ മാളികപ്പുറമാണ് കഴക്കൂട്ടത്തുള്ളതെന്ന് സുരേഷ് ഗോപിയും വിശദീകരിച്ചു. ഇതോടെ പ്രചരണം ശബരിമലയിലായി.
യുവതീ പ്രവേശന വിഷയത്തിൽ കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്നു വരുത്തിത്തീർക്കാനാണ് എൻഎസ്എസ് ശ്രമിച്ചതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചത് വഴിത്തിരിവായി. കാനത്തിന്റെയും പിണറായിയുടെയും നിലപാടുകൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഖണ്ഡിച്ചു. 2018നു ശേഷം എൻഎസ്എസും ഇടതു നേതാക്കളും വീണ്ടും വാക്‌പോരിൽ ഏർപ്പെടുന്നത് ആദ്യമാണ്. 2018 ലെ നടപടികളിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് വിവാദം കത്തി പടരുന്നത്.
ലിംഗനീതിയും സമത്വവും അടിസ്ഥാനമാക്കി ശബരിമലയിലെടുത്ത നിലപാടു തന്നെയാണ് സിപിഎമ്മിന് ഇപ്പോഴുമുള്ളതെന്ന യച്ചൂരിയുടെ പ്രതികരണം ചർച്ചയായതോടെയാണു മലപ്പുറത്തു മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്. അതിനിടെ സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ യുവതീപ്രവേശം സാധ്യമാകുന്ന രീതിയിൽ ഇടതു സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വിധി വന്ന ശേഷമുള്ള നടപടിയല്ല, സത്യവാങ്മൂലം തിരുത്തി നൽകുമോ എന്ന കാര്യമാണു മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. അങ്ങനെ കോൺഗ്രസും ശബരിമല അജണ്ട കത്തിക്കുകയാണ്.
ഇതിനിടെ യെച്ചൂരി മയപ്പെട്ടു. പിണറായി വിജയന്റെ രോഷം തിരിച്ചറിഞ്ഞാണ് ഇത്. തുടർ ഭരണത്തിന് ശബരിമല തടസ്സമാകരുതെന്നാണ് പിണറായിയുടെ ആഗ്രഹം. ഇതിന് വിരുദ്ധമായിരുന്നു യെച്ചൂരിയുടെ പ്രസ്താവന. പിണറായിയുടെ പരസ്യ നിലപാട് പ്രഖ്യാപനത്തിന് പിന്നാലെയാണ് യെച്ചൂരിയും പിന്നോട്ട് പോകുന്നത്. സുപ്രീം കോടതി വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ലെന്നാണ് ഇന്നലെ മറ്റൊരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. വിധി നടപ്പാക്കേണ്ടതു സർക്കാരിന്റെ കടമയെന്ന കഴിഞ്ഞ ദിവസത്തെ നിലപാടിൽനിന്നു വ്യത്യസ്തമാണിത്. സത്യവാങ്മൂലം മാറ്റി നൽകണമെന്ന യുഡിഎഫിന്റെ ആവശ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
തിരഞ്ഞെടുപ്പു സമയത്ത് വീണ്ടും ശബരിമല വിഷയത്തിൽ ചിലർക്ക് കൂടുതൽ താൽപര്യം ഉണ്ടാകുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. എൽഡിഎഫിന് ഒരു വർഗീയ ശക്തിയുടെയും സഹായം ആവശ്യമില്ല-ഇതാണ് പിണറായി വിജയന്റെ നിലപാട്. അദ്ദേഹം വ്യക്തമായ ഉത്തരങ്ങൾ നൽകില്ല. എന്നാൽ വിശ്വാസ സമൂഹത്തെ പിണക്കുന്നതൊന്നും തൽകാലം പറയുകയുമില്ല. ഇത് തിരിച്ചറിഞ്ഞാണ് നേരത്തെ ശബരിമലയിൽ നടന്നത് ശരിയാണോ എന്ന ചോദ്യം കോൺഗ്രസും ബിജെപിയും ഉയർത്തുന്നത്. ഇതിന് എങ്ങും തൊടാതെ മറുപടി പറഞ്ഞ് പിണറായി ഒഴിഞ്ഞു മാറും. നേരത്തെ വിശ്വാസികൾക്ക് അനുകൂലമായി പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി സംസാരിച്ചിരുന്നു. അതിനേയും പിണറായി എതിർത്തു. ആരും ഈ വിഷയത്തിൽ അഭിപ്രായം പറയരുതെന്നാണ് പിണറായിയുടെ ആവശ്യം. വികസനത്തെ കുറിച്ച് സംസാരിക്കാനാണ് നേതാക്കൾക്ക് പിണറായി നൽകുന്ന നിർദ്ദേശം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല കാര്യമായ പ്രചാരണ വിഷയമേ ആയിരുന്നില്ല. ഇത് പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങുന്ന ഘട്ടത്തിൽ ശബരിമലയിലെ വിശ്വാസസംരക്ഷണം നിയമപരമായി ഉറപ്പാക്കുമെന്ന് പ്രഖ്യാപനം കോൺഗ്രസ് നടത്തിയത്. രാഷ്ട്രീയത്തിൽനിന്ന് ശബരിമലയെ അകറ്റാനും വികസനം ചർച്ചയാക്കാനുമാണ് എൽ.ഡി.എഫ്. ശ്രമിച്ചത്. ഇതിനിടയിലാണ് ശബരിമലയിലെ യുവതി പ്രവേശത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വന്നത്. ഇത് സിപിഎമ്മിനെയും സർക്കാരിനെയും ഒരേപോലെ പ്രതിസന്ധിയിലാക്കി. പിന്നാലെ യെച്ചൂരിയുടെ പ്രസ്താവനയും.
ഇതോടെ എൻ.എസ്.എസ്. അടക്കം വീണ്ടും മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞു. വിശ്വാസികളെ വഞ്ചിക്കുന്ന ഇരട്ടനിലപാടാണെന്നായിരുന്നു എൻ.എസ്.എസിന്റെ കുറ്റപ്പെടുത്തൽ. ശബരിമലയുടെ പേരിൽ എൻ.എസ്.എസ്. ഉയർത്തുന്ന വാദങ്ങൾ, ഇടതുപക്ഷത്തിന് എതിരാകുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അതിനെ രാഷ്ട്രീയമായി നേരിടാൻ സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തയ്യാറായത്. എൻ.എസ്.എസ്. നൽകിയ കേസ് തോറ്റതാണ് ശബരിമല യുവതിപ്രവേശന വിധിക്ക് കാരണമായതെന്നായിരുന്നു കാനത്തിന്റെ തിരിച്ചടി. ഇതാണ് എൻഎസ് സിനെ പ്രകോപിപ്പിച്ചത്.
ദേവസ്വംമന്ത്രി മത്സരിക്കുന്ന കഴക്കൂട്ടത്തുതന്നെ 'ശബരിമല'യെ പ്രചാരണകേന്ദ്രമായി പ്രതിഷ്ഠിക്കാനാണ് ബിജെപി. ശ്രമം. ഇതോടെ നിമസഭയിലെ അജണ്ടയും ശബരിമലയായി.
മറുനാടന് മലയാളി ബ്യൂറോ