- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വീഴ്ചകളും ആയങ്കി-തില്ലങ്കേരി വിവാദങ്ങളേയും മായ്ച്ച് കുണ്ടറ പീഡനം; സഹകരണ കൊള്ളയും മുട്ടിൽ മരംമുറിയും നിയമസഭയിൽ മറയ്ക്കാൻ സുവർണ്ണാവസരം; മന്ത്രിയായി ശശീന്ദ്രൻ തുടരുന്നതിന് പിന്നിലും പിണറായിയുടെ 'താൽപ്പര്യ' രാഷ്ട്രീയം; ഇത് പഴയ സാഗർ ഏലിയാസ് ജാക്കി വെർഷനോ?
തിരുവനന്തപുരം : കുണ്ടറ പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്. മന്ത്രി നൽകിയ വിശദീകരണത്തിൽ മുഖ്യമന്ത്രി തൃപ്തൻ. അതിനിടെ പ്രതിപക്ഷം വിഷയം ആളിക്കത്തിക്കുകയാണ്. മുട്ടിൽ മരം മുറി അടക്കമുള്ള അഴിമതി ആരോപണങ്ങളെ ചെറുക്കാൻ ശശീന്ദ്രൻ വിഷയം കത്തട്ടേ എന്നതാണ് സിപിഎം നിലപാട്.
ഇരിങ്ങാലക്കുടയിലെ സഹകരണ ബാങ്ക് വിഷയവും തലവേദനയാണ്. അതും ചർച്ചകളിൽ ഉയർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നില്ല. കരിപ്പൂർ സ്വർണ്ണ കടത്തും അർജുൻ ആയങ്കി വിഷയവും നിയമസഭയിൽ ഉയരാതിരിക്കാൻ ശശീന്ദ്രൻ ഉപകരിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ശശീന്ദ്രനെ വെറുതെ വിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. കോവിഡ് പ്രതിരോധത്തിലെ ചർച്ചകളേയും ഒഴിവാക്കാം. നിയമസഭ തുടങ്ങുമ്പോൾ പ്രതിപക്ഷം മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടും. ഈ ബഹളത്തിൽ മറ്റ് വിവാദങ്ങൾ അപ്രസക്തമാകട്ടെ എന്നതാണ് മുഖ്യമന്ത്രിയുടെ തന്ത്രം.
ഇരുപതാം നൂറ്റാണ്ട എന്ന സിനിമയിൽ മുഖ്യമന്ത്രി കഥാപാത്രം വലിയ ആരോപണങ്ങളെ നേരിടുന്ന സമയത്ത് നിയമസഭാ സമ്മേളനം തുടങ്ങുന്നു. ഈ സമയത്ത് പ്രതിപക്ഷത്തെ കുടുക്കാൻ മറ്റൊരു വിവാദം അധോലോക നായകനായ സിനിമയിലെ നായകൻ സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം ഉണ്ടാക്കിയെടുക്കുന്നു. അങ്ങനെ മറ്റെല്ലാം മായുന്നു. മുഖ്യമന്ത്രിക്ക് ഭീഷണിയും അകലുന്നു. സിനിമയിലെ ഇതേ സാഹചര്യമാണ് ഇപ്പോൾ എകെ ശശീന്ദ്രൻ വിവാദവും ഉണ്ടാക്കുന്നത്.
കുണ്ടറ കേസിൽ അതുകൊണ്ട് തന്നെ ശശീന്ദ്രൻ രക്ഷപ്പെടും. എൻസിപി നേതൃത്വത്തിനും ശശീന്ദ്രനെ മാറ്റില്ലെന്ന സൂചന സിപിഎം നൽകിയിട്ടുണ്ട്. കുണ്ടറ കേസിൽ ഇരയെ അപമാനിക്കുന്ന തരത്തിൽ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സിപിഎമ്മിന്റേയും ഇടതുമുന്നണിയുടേയും വിലയിരുത്തൽ. മന്ത്രി രാജിവെയ്ക്കേണ്ടതില്ലെന്ന് സൂചന എല്ലാ നേതാക്കൾക്കും മുഖ്യമന്ത്രി നൽകി കഴിഞ്ഞു.
മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിലയിരുത്തലും ഇതിന് സമാനമാണെന്നാണ് സൂചന. ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു. പരാതിക്കാരിയുടെ അച്ഛനുമായുള്ള മന്ത്രിയുടെ സംസാരം അധികാരത്തിന്റെ സ്വരത്തിലായിരുന്നില്ല. രണ്ട് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം രമ്യതയിൽ പരിഹരിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയതെന്നുമാണ് സിപിഎം നിലപാട്. ഇത് തന്നെ പൊതു സമൂഹത്തിനോടും വിശദീകരിക്കും.
മന്ത്രി എന്ന തരത്തിൽ ഇടപെടൽ നടത്തുമ്പോൾ ഏത് തരം കേസാണെന്ന് മനസ്സിലാക്കുന്നതിലുള്ള ജാഗ്രതക്കുറവ് ശശീന്ദ്രന്റ ഭാഗത്തു നിന്നുമം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം ഒരു പ്രശ്നവും വിഷയത്തിലില്ലെന്ന നിലപാടിലാണ് സിപിഎമ്മും എത്തിയിട്ടുള്ളത്. അതേസമയം പീഡന പരാതിയിൽ ഒത്തുതീർക്കാനാവില്ല. മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ അച്ഛൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു കഴിഞ്ഞു. പരാതിയുടെ സാഹചര്യത്തിൽ ശശീന്ദ്രൻ മന്ത്രിയായി നാളെ നിയമസഭയിൽ ഉണ്ടാകരുത്. സത്യസന്ധമായി നടക്കേണ്ട കേസന്വേഷണത്തിൽ നിന്ന് പരാതിക്കാരിയെ, തന്റെ രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയിൽ നിന്നും പിന്മാറാൻ ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അർഹതയില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.
യുക്തിരഹിതമായ, ദുർബലമായ വാദങ്ങളാണ് ശശീന്ദ്രൻ ഉന്നയിക്കുന്നത്. പീഡിപ്പിച്ചു എന്നു പറഞ്ഞ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നിലനിൽക്കുമ്പോഴാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശശീന്ദ്രൻ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചത്. ഇതാണോ സിപിഎമ്മിന്റെ സ്ത്രീപക്ഷ കാമ്പയിൽ. സ്ത്രീപക്ഷത്തിനു വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഇനി കഴിയുമോ? വിഷയം അറിയാതെ ഇടപെട്ടെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. ഇത് യുക്തിരഹിതമായ വാദമാണ്. ഈ മന്ത്രിയെ മന്ത്രിസഭിയിൽ വച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമാണെന്നു കാണുകയാണെങ്കിൽ പ്രതിപക്ഷം മറ്റ് മാർഗങ്ങൾ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ