തിരുവനന്തപുരം: നിയമസഭയിൽ ശ്രദ്ധക്ഷണിക്കലിന് മറപടി പറയുന്നതിനിടെ തൊട്ടു പുറകിലെ സീറ്റിലിരുന്ന് ഉച്ചത്തിൽ സംസാരിച്ച മന്ത്രി മേഴസിക്കുട്ടിയമ്മയ്ക്കും പി.സി.ജോർജ്ജ് എംഎ‍ൽഎ.യ്ക്കും മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ശകാരം. മുഖ്യമന്ത്രിയുടെ ശകാരത്തിൽ മന്ത്രി മേഴ്‌സികുട്ടിയമ്മ ചമ്മുകയും ചെയ്തു.

വി. കെ.ഇബ്രാഹീംകുഞ്ഞിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നതിനിടെ പി.സി.ജോർജ്ജ് മുഖ്യമന്ത്രിക്കു പിന്നിൽ ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കു സമീപത്ത് വന്നിരുന്നു. തന്റെ പ്രസംഗത്തിനിടെ ജോർജ്ജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും സംഭാഷണം ഉച്ചത്തിൽ കേട്ടപ്പോൾ മുഖ്യമന്ത്രി ചെയറിനോട് പറഞ്ഞു, സർ രണ്ടു പേരുടെ സംസാരം ഇതിനിടെ കേൾക്കുന്നുണ്ട്. മൈക്ക് ഇല്ലാതെ തന്നെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിവുള്ളവരാണ് ഇരുവരും'. ഉടൻ തന്നെ ജോർജ്ജും മേഴ്സിക്കുട്ടിയമ്മയും സംസാരം നിർത്തി അച്ചടക്കമുള്ളവരായി.

മുഖ്യമന്ത്രി ഇത് പറയുമ്പോൾ ചെയറിലുണ്ടായിരുന്നത് സ്പീക്കർ ശ്രീരാമകൃഷ്ണൻ ആയിരുന്നില്ല. ഡെപ്യൂട്ടി സ്പീക്കർ ശശിയായിരുന്നു. മുഖ്യമന്ത്രിയുടെ കമന്റിനോട് ഡെപ്യൂട്ടി സ്പീക്കർ പ്രതികരിച്ചതുമില്ല. കഴിഞ്ഞ ദിവസം നിയമസഭയിൽ തന്റെ ഇരിപ്പടത്തില നിന്നും മാറിയിരുന്ന മുഖ്യമന്ത്രിയെ പി.സി ജോർജ്ജ് വിമർശിച്ചിരുന്നു. കഴിഞ്ഞ 30 നു നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുമ്പോഴായിരുന്നു പി.സിയുടെ വിമർശനം.

നന്ദിപ്രമേയ ചർച്ചയ്ക്കു നന്ദി പറയേണ്ട മുഖ്യമന്ത്രി തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു മാറി പിൻസീറ്റിൽ ഇരിക്കുന്നത് ശരിയല്ലെന്നു പി.സി പറഞ്ഞു. പിണറായിക്കു മുഖ്യമന്ത്രിപദം മടുത്തോ എന്നും പി. സി.ജോർജ്ജ് ചോദിച്ചിരുന്നു. ഇതുകേട്ട മുഖ്യമന്ത്രി ഉടൻ എഴുന്നേറ്റ് തന്റെ സീറ്റിൽ ഇരിക്കുകയും ചെയ്തു. ' ഇതുപോലെ നാവുണ്ടായാൽ എന്തു ചെയ്യും പലതും പറയാൻ തോന്നുന്നുണ്ട്.പക്ഷേ പറയുന്നില്ലെന്നും മുഖ്യമന്ത്രി അന്നു ജോർജ്ജിനു മറുപടി നൽകിയിരുന്നു.

നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ നിരന്തരം ഇടപെട്ട് സംസാരിച്ച മന്ത്രി എ.കെ. ബാലനെ വിലക്കി പിണറായി വിജയൻ സംസാരിച്ചത് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജിഷ്ണു വധക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് സംഭവം. മരണമടഞ്ഞ എൻജിനീയറിങ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തു എന്നു വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇതിനിടെ തൊട്ടടുത്തിരുന്നു മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകികൊണ്ടിരുന്ന ബാലനെ ഒരവസരത്തിൽ പിണറായി വിലക്കുകയായിരുന്നു.

ഹാ, അനങ്ങാതിരിക്കൂന്ന്' എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് മൈക്കിലൂടെ നിയമസഭ ഒന്നാകെ കേട്ടു. ഇതോടെ ഭരണ പ്രതിക്ഷാംഗങ്ങൾ ചിരിയിൽ മുങ്ങി. ബാലൻ പറയുന്നത് കേട്ട് മുഖ്യമന്ത്രി കാര്യങ്ങൾ തെറ്റിദ്ധരിക്കരുതെന്ന് പറഞ്ഞതോടെയാണ് പിണറായി ബാലനെ അന്ന് വിലക്കിയത്.