- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തും കൊച്ചിയിലും മുഖ്യമന്ത്രി കാണുക പ്രശ്നമുണ്ടാക്കാത്ത സാമൂഹിക-വാണിജ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖരെ; സിൽവർ ലൈൻ പദ്ധതിയിൽ ജനകീയ പിന്തുണയെന്ന ടാഗ് ലൈനിൽ നടക്കുക ഇഷ്ടക്കാരുമായുള്ള സൗഹൃദം പുതുക്കൽ; അതീവ സുരക്ഷയിൽ യോഗം; സിൽവർലൈനിൽ മുഖ്യമന്ത്രി നേരിട്ട് എത്തുമ്പോൾ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ജനകീയ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തും കൊച്ചിയിലും സാമൂഹിക, വാണിജ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നത് ക്ഷണിക്കപ്പെട്ടവർക്ക് മുമ്പിലെന്ന് സൂചന. 4 നു തിരുവനന്തപുരത്താണ് ആദ്യ കൂടിക്കാഴ്ച. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ പദ്ധതിയെക്കുറിച്ച് അവതരണം നടത്തും. സാങ്കേതിക കാര്യങ്ങളിൽ വിദഗ്ദ്ധർ വിശദീകരണം നൽകും.
ജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കില്ല. ക്ഷണിക്കാത്ത ആരേയും ചടങ്ങിലേക്ക് വിളിക്കുകയുമില്ല. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളേയും ഒഴിവാക്കും. പൊതുജനങ്ങളുടെ എതിർപ്പ് കൂടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മുഖ്യമന്ത്രിയുടെ പരിപാടിക്ക് ക്ഷണിക്കുന്നവരുടെ പട്ടിക കരുതലോടെയാകും നിശ്ചയിക്കുക. പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഉറപ്പുള്ള ആരേയും വിളിക്കില്ല. ഏകപക്ഷീയ സ്വഭാവം പരിപാടിക്കില്ലെന്ന് വരുത്താനുള്ള ബോധപൂർവ്വമായ ഇടപെടലുകളും ഉണ്ടാകും.
സമൂഹമാധ്യമങ്ങൾ വഴിയും ലഘുലേഖകൾ വഴിയും പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം സിപിഎം തുടങ്ങിയതിനു പിന്നാലെയാണു മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നത്. എല്ലാ വീടുകളിലും സിപിഎം ലഘുലേഖകൾ നൽകുന്നുണ്ട്. എന്നാൽ അതിന് അപ്പുറത്തേക്കുള്ള ചോദ്യങ്ങൾ ഉയർന്നാൽ കരുതലോടെ ഈ സംഘം ഒഴിഞ്ഞു മാറും. നാട്ടുകാരെ പ്രകോപിപ്പിക്കരുതെന്ന് സിപിഎം സംസ്ഥാന നേതൃത്വം പ്രാദേശിക നേതാക്കളെ പ്രത്യേകം അറിയിച്ചിട്ടുണ്ട്. ശബരിമല സമരകാലത്തെ അനുഭവം പരിഗണിച്ചാണ് ഇത്.
കെറെയിലിൽ മുഖ്യമന്ത്രി എത്താത്ത മറ്റു 12 ജില്ലകളിൽ മന്ത്രിമാർ സംവാദ പരിപാടി സംഘടിപ്പിക്കും. അതേസമയം, പ്രതിപക്ഷവും ശാസ്ത്ര സാഹിത്യ പരിഷത്തും കെ റെയിൽ വിരുദ്ധ സമര സമിതിയും പദ്ധതിക്കെതിരായ പ്രചാരണം സജീവമാക്കി. പല ചോദ്യങ്ങൾക്കും കൃത്യമായ വിശദീകരണം ലഘുലേഖയിലോ പ്രചാരണത്തിനായി തയാറാക്കിയ കുറിപ്പുകളിലോ ഇല്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ഈ സാഹചര്യത്തിലാ്ണ് എല്ലാ ജില്ലകളിലും പരിപാടി വേണ്ടെന്ന് മുഖ്യമന്ത്രി വച്ചത്.
അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാകും കൊച്ചിയിലും തിരുവനന്തപുരത്തും മുഖ്യമന്ത്രിയുടെ പരിപാടി നടക്കുക. പ്രതിഷേധം ഈ കേന്ദ്രങ്ങളിൽ ഉണ്ടാകാൻ ഇടയുണ്ട്. ഇതും മുൻകൂട്ടി കാണും. പദ്ധതിയുടെ ചെലവു കണക്കാക്കിയത് അശാസ്ത്രീയമായാണെന്ന ആരോപണത്തിന് ഇതുവരെ സർക്കാരോ കെ റെയിൽ അധികൃതരോ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. കേരളത്തെ വെട്ടിമറിക്കുന്നതാകും പദ്ധതിയെന്ന ആക്ഷേപവും ശക്തമാണ്. ഇടതുപക്ഷത്ത് സിപിഐയും ഇതിനെ എതിർക്കുന്നുണ്ട്. തിരുവനന്തപുരത്തെ പരിപാടിയിൽ എംപി കൂടിയായ ശശി തരൂരിനെ എത്തിക്കാനും ശ്രമം നടക്കുകയാണ്. എന്നാൽ കേരളത്തിൽ ഇല്ലാത്ത തരൂർ എത്തില്ലെന്നാണ് സൂചന.
മൺതിട്ടയിൽ നിർമ്മിക്കുന്ന 293 കിലോമീറ്റർ ദൂരം പാതയുടെ ഇരുവശവും 8 മീറ്റർ ഉയരത്തിൽ സുരക്ഷാ മതിൽ പണിയുന്നതോടെ ഉണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ചുള്ള പരാതികളും വ്യാപകമാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ (ഡിപിആർ) പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും മറുപടി ലഭിച്ചിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ