- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാരാരിക്കുളത്ത് വിഎസിന് സംഭവിച്ച വലിയ ചതി; പഴയ വിഭാഗീയത ഇന്നില്ലെങ്കിലും പടലപ്പിണക്കത്തിൽ 'പരസ്യ ശാസന' വാങ്ങി ആലപ്പുഴയിലെ 'മാടമ്പി സഖാവും'; കൂസാത്ത പെരുമാറ്റവും കലഹപ്രിയതയും തിരിച്ചറിഞ്ഞ് ക്ലിഫ് ഹൗസിൽ നടന്നത് സുധാകരനെ പിണക്കാതിരിക്കാനുള്ള പിണറായി ഇടപെടൽ
തിരുവനന്തപുരം: സിപിഎം അച്ചടക്ക നടപടി നേരിട്ട ജി.സുധാകരനെ തൽകാലം പൂർണ്ണമായും സിപിഎം പിണക്കില്ല. പാർട്ടി സമ്മേളനത്തിൽ ഇപ്പോഴുള്ള സ്ഥാനം സുധാകരന് നഷ്ടമാകില്ല. സമ്മേളന കാലത്തെ പുനഃസംഘടനയിൽ പാർട്ടി സെക്രട്ടറിയേറ്റിലേക്ക് സുധാകരനെ ഉൾപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. പാർട്ടിയിൽ സുധാകരനെക്കാൾ ജൂനിയർ ആയവർ പാർട്ടി കേന്ദ്ര കമ്മറ്റിയിൽ വരെ എത്തി കഴിഞ്ഞു. ഇതിൽ സുധാകരനും പ്രതിഷേധമുണ്ടായിരുന്നു. അതുകൊണ്ടാണ് പലപ്പോഴും സെക്രട്ടറിയേറ്റിലേക്ക് പോലും സുധാകരൻ കടക്കാൻ താൽപ്പര്യം കാണിക്കാത്തത്. എന്തായാലും അച്ചടക്കമുള്ള പാർട്ടിക്കാരനായി സുധാകരൻ തുടരും. കവിതിയിലൂടെ ഒളിയമ്പുകൾ പാർട്ടിക്കെതിരെ സുധാകരൻ ഉന്നയിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
അമ്പലപ്പുഴ തോൽവിയിലെ പരസ്യ ശാസനയ്ക്ക് ശേഷം സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.'ഒന്നും പറയാനില്ല, ഒന്നും പറയേണ്ട കാര്യമില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി സെക്രട്ടറിയോട് ചോദിക്കൂ' എന്നാണ് മുഖ്യമന്ത്രിയെ കണ്ടശേഷം സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. സംസ്ഥാന സമിതി യോഗത്തിന് ശേഷം ജി.സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സന്ദർശനം. സുധാകരനെ തിരുത്തി കൂടെനിർത്തണമെന്ന തീരുമാനപ്രകാരമാണിത്.
സുധാകരനെ കൈവിടില്ലെന്ന ഉറപ്പ് പിണറായി വിജയൻ ഈ കൂടിക്കാഴ്ചയിൽ നൽകിയിട്ടുണ്ട്. അങ്ങനെ എങ്കിൽ പാർട്ടി സെക്രട്ടറിയേറ്റിലേക്കും കേന്ദ്ര കമ്മറ്റിയിലേക്കും സുധാകരൻ ഈ സമ്മേളനത്തിന് ഒടുവിൽ എത്തിയേക്കും. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം സുധാകരൻ മാറ്റുകയും ചെയ്യും. ആലപ്പുഴയിലെ എതിർചേരികൾക്ക് ആശ്വാസം നൽകി സുധാകരനെ പിണക്കാതിരിക്കാനുള്ള തന്ത്രമാണ് ഇത്. എന്നാൽ തനിക്ക് ഒന്നും വേണ്ടെന്നും അച്ചടക്കം പാലിക്കുമെന്നും മുഖ്യമന്ത്രിയെ സുധാകരൻ അറിയിച്ചുവെന്നാണ് സൂചന. ഏതായാലും സംസ്ഥാന സമിതി അംഗമായി സുധാകരന് തുടരാനാകും.
അച്ചടക്ക നടപടിയിൽ കടുത്ത വേദനയിലാണ് സുധാകരൻ. അതുകൊണ്ട് തന്നെ പാർ്ട്ടി സമ്മേളന കാലത്ത് സുധാകരൻ സംസ്ഥാന സമിതിയിൽ നിന്നും സ്വയം ഒഴിയുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ചെയ്യാത്ത തെറ്റിനുള്ള ശിക്ഷയെന്നാണ് പരസ്യ ശാസനയെ സുധാകരൻ വിലയിരുത്തുന്നത്. പരമാവധി രഹസ്യ ശാസന മാത്രമാണ് സുധാകരൻ പ്രതീക്ഷിച്ചത്. എന്നാൽ സിപിഎം സെക്രട്ടറിയേറ്റിൽ തോമസ് ഐസക്കിനും മറ്റുമുള്ള സ്വാധീനം അച്ചടക്ക നടപടിയെ പരസ്യമാക്കി. ഇത് സുധാകരന് തീർത്തും അപ്രതീക്ഷിതമായിരുന്നു,
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയിലാണ് ജി.സുധാകരന് പാർട്ടിയുടെ പരസ്യശാസന ഉണ്ടായത്. അമ്പലപ്പുഴയിലെ പ്രചാരണത്തിൽ ജി.സുധാകരൻ മനസർപ്പിച്ചില്ല, എച്ച്.സലാമിന്റെ വിജയത്തിനായി ഇടപെട്ടില്ല, മാറ്റം ഉൾക്കൊണ്ട് പ്രവർത്തിച്ചില്ല, സംസാരത്തിലും ശരീരഭാഷയിലും അസംതൃപ്തി പ്രകടമാക്കി തുടങ്ങിയ കാര്യങ്ങളാണ് ജി.സുധാകരനെതിരായ സിപിഎം റിപ്പോർട്ടിൽ പറയുന്നത്. നിലപാടുകൾ സംസ്ഥാനസമിതി അംഗത്തിന് യോജിച്ചവിധമായില്ലെന്നും വിലയിരുത്തി. എന്നാൽ തന്റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് സംസ്ഥാന സമിതിയിൽ ജി.സുധാകരൻ പറഞ്ഞത്.
വിഭാഗീയതയുടെ കനലെരിയുന്ന രാഷ്ട്രീയമാണ് ആലപ്പുഴയിലെ സിപിഎമ്മിന്റേത്. അതിൽ ചിറകറ്റുപോയവരിൽ സി.ബി.സി. വാര്യരോളം വരുന്ന പ്രമുഖ നേതാക്കളുണ്ട്. മാരാരിക്കുളത്ത് വി എസ്. അച്യുതാനന്ദന് സംഭവിച്ച അത്രയും വലിയ കുതികാൽവെട്ടുകളുണ്ട്. പഴയ വിഭാഗീയത ഇന്നില്ലെങ്കിലും പടലപ്പിണക്കത്തിൽ 'പണി' വാങ്ങിയവരുടെ പട്ടികയിലാണ് ഇപ്പോൾ ജി. സുധാകരനും. അമ്പലപ്പുഴയിലെ ജനസമ്മതി നിറഞ്ഞ ജനപ്രതിനിധിയായിരുന്നു ജി. സുധാകരൻ. അഴിമതി തൊട്ടുതീണ്ടാത്ത പൊതുപ്രവർത്തകനെന്ന് പേരെടുത്തപ്പോഴും പാർട്ടിക്കുള്ളിൽ 'മാടമ്പി പരിവേഷം' അദ്ദേഹത്തിനു ലഭിച്ചു. കൂസാത്ത പെരുമാറ്റവും കലഹപ്രിയനായ സഖാവായതുമാണ് കാരണം.
അമ്പലപ്പുഴയിൽ തനിക്ക് പിൻഗാമിയായി വന്ന എച്ച്. സലാമിനെ വേണ്ടരീതിയിൽ സുധാകരൻ പിന്തുണച്ചില്ലെന്നതാണ് അദ്ദേഹത്തിനെതിരേ പാർട്ടി കണ്ടെത്തിയ കുറ്റം. തിരഞ്ഞെടുപ്പിൽ ഒരുഘട്ടത്തിലും നിഷ്‌ക്രിയനായിരുന്നില്ല അദ്ദേഹം. പക്ഷേ, ചട്ടപ്പടി പ്രവർത്തന രീതിയാണ് സ്വീകരിച്ചത്. ആത്മാർഥമായ പ്രവർത്തനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നില്ലാതിരുന്നത്, എതിർപക്ഷം ആയുധമാക്കിയെന്നതാണ് പാർട്ടി കമ്മിഷന്റെ കണ്ടെത്തൽ. തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലാണ് സുധാകരനെ അസ്വസ്ഥനാക്കിയത്.
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ മാത്രം കമ്മിഷൻ അംഗങ്ങളായി നിശ്ചയിച്ചപ്പോഴേ സുധാകരനാണ് ഉന്നമെന്ന് വ്യക്തമായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ അദ്ദേഹം എത്തിയില്ല. ആയുർവേദ ചികിത്സയിലാണെന്നാണ് പറഞ്ഞുകേട്ടത്. തിരഞ്ഞെടുപ്പ് അവലോകനത്തിനു ചേർന്ന സംസ്ഥാന കമ്മിറ്റിയിലും പങ്കെടുത്തില്ല. അന്നും ചികിത്സയായിരുന്നു കാരണം. ഈ കമ്മിറ്റിയിലാണ് അന്വേഷണ കമ്മിഷനെ സിപിഎം. നിയോഗിച്ചത്. കമ്മിഷനുമുമ്പിൽ കാര്യങ്ങൾ വിശദീകരിക്കാൻ സുധാകരൻ ശ്രമിച്ചിരുന്നു. അമ്പലപ്പുഴയിൽ മാത്രമായി വോട്ടുചോർന്നിട്ടില്ലെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ