കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ഇ.ഡിയുടെ റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിൽ ആണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമർശങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരാൾക്ക് ഇടപാടുകളിൽ കമ്മീഷൻ കിട്ടിയെന്നും ഇഡി പറയുന്നു. തെളിവുകൾ സഹിതമാണ് സത്യവാങ്മൂലം നൽകിയത്.

സ്വർണക്കടത്തിനെക്കുറിച്ചും ഡിപ്ലോമാറ്റിക് ചാനൽ മുഖേനയുള്ള ഇലക്ടോണിക്സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നുവെന്നും ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും ഇഡി റിപ്പോർട്ടിലുണ്ട്. ലൈഫ് മിഷൻ അഴിമതി ഇടപാട്, കെ.ഫോൺ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ഇ.ഡി പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രമുഖനായ സിഎം രവീന്ദ്രനെ അന്വേഷണ പരിധിയിൽ കൊണ്ടു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇഡിയുടെ വിശദീകരണം അതിനിർണ്ണായകമാണ്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴിതെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കടുത്ത നടപടികളിലേക്ക് ഇഡി കടക്കുമെന്നതിന്റെ സൂചനയാണ് ഇത്. രവീന്ദ്രനെ കോവിഡുകാരണം ചോദ്യം ചെയ്യാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. രവീന്ദ്രനേയും കേസിൽ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലർക്കും സ്വർണ്ണ കടത്ത് സംബന്ധിച്ച് അറിയാമായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയെന്നാണ് സൂചന.

സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ ഒരു ദിവസം കൂടി ശിവശങ്കറിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വേണം എന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇദ്ദേഹത്തെ ഒരു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതി അനവാദം നൽകിയിട്ടുണ്ട്. സ്വപ്നയും ശിവശങ്കറും തമ്മിൽ നേരത്തെ നടത്തിയിട്ടുള്ള നിർണായകമായ ചില വാട്‌സാപ് സന്ദേശങ്ങൾ കാണിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്നയുടെ സുപ്രധാന വെളിപ്പെടുത്തലുകൾ.

നയതന്ത്ര ചാനൽ വഴി ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സാധനങ്ങൾ കടത്തിയിരുന്ന വിവരവും ശിവശങ്കറിന് അറിയാമായിരുന്നു. യുണി ടാക് ബിൽഡേഴ്‌സ് കോഴയായി പണം നൽകിയതിനാലാണ് അവർക്ക് ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിച്ചതെന്ന വിവരവും ശിവശങ്കറിന് അറിയാമായിരുന്നു. കെഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ സന്തോഷ് ഈപ്പനെ ഭാഗമാക്കാൻ ശിവശങ്കർ താൽപര്യപ്പെട്ടിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

ശിവശങ്കറുമായി അടുപ്പമുള്ള ചിലരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയതായാണ് കോടതിയിൽ നൽകിയ ഇഡി റിപ്പോർട്ടിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള ശിവശങ്കറിന്റെ സംഘാംഗങ്ങൾക്ക് കള്ളക്കടത്ത് വിവരങ്ങൾ അറിയാമായിരുന്നു എന്ന മൊഴി കൂടുതൽ പേരിലേയ്ക്ക് അന്വേഷണം നീളുന്നതിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സിഎം രവീന്ദ്രനെതിരെ സംശയങ്ങൾ സജീവമാക്കുന്നത്.