എല്ലാം നിയന്ത്രിച്ചുകളായമെന്ന് കരുതുന്ന ചില വിവാദവീരന്മാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം തങ്ങളുടെ കൈയിലാണെന്ന് ഇവർ കരുതുകയാണ്. വിവാദങ്ങളിലൂടെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താമെന്ന് ചിന്തിക്കരുത്. വിവാദങ്ങളുണ്ടാക്കിയാലും പദ്ധതികൾ ഉപേക്ഷിക്കില്ല. പ്രകടന പത്രിക അനുസരിച്ച് സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാർ സർവകക്ഷി യോഗം സംബന്ധിച്ച് സി.പി.എം-സപിഐ ഭിന്നത നിലനിൽക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഒളിയമ്പ്.

അതേസമയം 'വിവാദവീരൻ' എന്ന തൊപ്പി തനിക്ക് ചേരില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടിയെന്നോണം സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും തിരിച്ചടിച്ചു. മൂന്നാർ യോഗത്തിൽ മന്ത്രി പങ്കെടുക്കരുതെന്നത് പാർട്ടിയുടെ തീരുമാനമാണ്. താൻ ഇന്നലെ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു. അതിൽ കൂടുതലായൊന്നും പറയാനില്ലെന്നും കാനം വ്യക്തമാക്കി.

മൂന്നാർ കൈയേറ്റങ്ങൾ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടും സർവകക്ഷി യോഗം വിളിച്ചതിന്റെ പശ്ചാത്തലത്തിലും സിപിഐയുമായി ഭിന്നതകൾ നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ പരാമർശവും കാനത്തിന്റെ മറുപടിയും.

സർവകക്ഷി യോഗത്തിന്റെ പേരിൽ സിപിഎമ്മിനെ ഇന്നലെയും കാനം രൂക്ഷമായി വിമർശിച്ചിരുന്നു. യോഗത്തെ കുറിച്ച് പാർട്ടിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യുമന്ത്രി പങ്കെടുക്കണമെന്നുമായിരുന്നു കാനത്തിന്റെ വിമർശനം.