തിരുവനന്തപുരം: ഗതാഗത മന്ത്രിയായ തോമസ് ചാണ്ടി കായൽ കയ്യേറ്റവും നിയമലംഘനവും നടത്തിയെന്ന് റിപ്പോർട്ടിൽ തെളിഞ്ഞ അടിസ്ഥാനത്തിൽ ചാണ്ടിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി പിണറായി വിജയൻ നടപടി എടുക്കുവാനുള്ള ആർജ്ജവം കാണിക്കണം. ജില്ലാ കളക്ടർ അന്തിമ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ ഒരു നിമിഷം വൈകാതെ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താനുള്ള ധൈര്യം കാണിക്കണം.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസിന്റെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണത്തിലും മാർത്താണ്ഡം കായൽ നിലം നികത്തിയതിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതുമാണ് ഈ സാഹചര്യത്തിൽ തോമസ് ചാണ്ടി ഇനിയും അധികാരത്തിൽ തുടരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിഞ്ഞാൽ രാജി വച്ച് വീട്ടിൽ പോകുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച ആളാണ് തോമസ് ചാണ്ടി. ഇപ്പോൾ ഒന്നല്ല ഒരു പാട് സെന്റ് കയ്യേറി എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇനിയും തോമസ് ചാണ്ടി രാജി വെക്കുന്നില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് അടിച്ചു പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. 32 ക്രിമിനൽ കേസിൽ പ്രതിയായ ഒരു വ്യക്തിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ യു.ഡു.എഫ് നേതാക്കളുടെ പേരിൽ കേസെടുക്കാൻ കാണിച്ചതിന്റെ നൂറിലൊന്ന് താത്പര്യം ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്മേൽ കാണിക്കാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ പ്രാഥമിക റിപ്പോർട്ട് നൽകിയ കളക്ടറെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ മന്ത്രി ശ്രമിച്ചെങ്കിലും സത്യം മൂടി വയ്ക്കാൻ കഴിഞ്ഞില്ല. അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി ഇനിയും അധികാരത്തിൽ തുടരുന്നത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.