- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ റെയിൽ ജനവിരുദ്ധ പദ്ധതിയാണെന്ന് അംഗീകരിക്കില്ല; പദ്ധതിക്ക് പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപ്പര്യമെന്ന പരിഷത്ത് ലൈനും തള്ളി; എതിർപ്പുണ്ടെന്ന് കരുതി കെ റെയിലിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴെന്നും മുഖ്യമന്ത്രിയുടെ ചോദ്യം; പെട്രോളും മണ്ണെണ്ണയും കൈയിലേന്തിയുള്ള ആത്മഹത്യാ സമരവും കൂസാതെ പിണറായി
കണ്ണൂർ: കെ റെയിൽ പദ്ധതിയിൽ പ്രതിപക്ഷം എതിർപ്പ് ശക്തമാകുമ്പോഴും ശക്തമായി മുന്നോട്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇപ്പോൾ ഇല്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്ന ചോദ്യമാണ് അദ്ദേഹം കേരളത്തോടായി ചോദിക്കുന്നത്. സ്വന്തം പാളയത്തിൽ നിന്നു പോലും എതിർപ്പുകൾ ശക്തമാകുന്ന ഘട്ടത്തിൽ കൂടിയാണ് കെ റെയിൽ പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുന്നത്.
ശശി തരൂരിനെ ഒപ്പം നിർത്തുന്നതിലൂടെ പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കുന്നതിൽ വിജയിച്ച മുഖ്യമന്ത്രി ഇപ്പോൾ ആ വിള്ളൽ മുതലെടുക്കാനുള്ള ശ്രമത്തിലാണ്. എതിർപ്പുണ്ടെന്നു കരുതി കെറെയിൽ പദ്ധതിയിൽനിന്നു പിന്മാറില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനെതിരെ പ്രതിപക്ഷം നിൽക്കുകയാണ്. ഇപ്പോൾ വേണ്ട എന്ന് അവർ പറയുന്നു. ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം. ഗെയിലും ദേശീയപാതയും നടപ്പാക്കിയില്ലേ?
ഒരു നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്. കണ്ണൂരിൽ സിപിഎം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാൻ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നിൽ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിന്റെ അടിസ്ഥാനം എന്താണ്? നിങ്ങളുള്ളപ്പോൾ വേണ്ട എന്നു മാത്രമാണ് യുഡിഎഫ് പറയുന്നത്. എതിർപ്പ് ഉണ്ടെന്നു കരുതി കെ റെയിലിൽനിന്ന് പിന്മാറില്ല.
അതേസമയം കെ റെയിൽ പദ്ധതി ജനവിരുദ്ധമാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ജനവിരുദ്ധമെന്ന് പ്രത്യക്ഷത്തിൽത്തന്നെ വ്യക്തമാകുന്ന കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഇടതുപക്ഷ ആഭിമുഖ്യമുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് വീണ്ടും ആവശ്യപ്പെട്ടു. പരിഷത്ത് കെ-റെയിൽ പദ്ധതിയെ എതിർക്കുകയല്ല, ചില പരിസ്ഥിതിപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതേയുള്ളൂവെന്ന സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വന്നതിനുപിന്നാലെയാണ് ശക്തമായ ഭാഷയിൽ പരിഷത്തിന്റെ പ്രതികരണം.
സിൽവർലൈൻ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, പാരിസ്ഥികാഘാതപഠനം, സാമൂഹികാഘാത പഠനം എന്നിവയൊന്നും ചർച്ചചെയ്യാതെയാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കല്ലുകൾ നാട്ടി അതിർത്തി നിർണയിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പരിഷത്ത് വ്യക്തമാക്കി. വിദേശ ഏജൻസികളിൽനിന്ന് വായ്പ സംഘടിപ്പിക്കാനാണ് ഈ നീക്കമെന്ന് അവർ ആരോപിക്കുന്നു. സമ്പന്നവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുകയാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം. കെ-റെയിൽ കേന്ദ്രങ്ങളിൽ പുതിയ ടൗൺഷിപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണ്. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ കമ്പനി 10,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
സമ്പന്നർ മാത്രമാണ് യാത്രക്കാരായുണ്ടാവുക. അവരെയാണ് കെ-റെയിൽ ലക്ഷ്യമിടുന്നത്. 64,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ 1.26 ലക്ഷം കോടി രൂപയാകുമെന്നാണ് നീതി ആയോഗ് കണക്കാക്കുന്നത്. കേരളത്തിലെ മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. കെ-റെയിലുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പൊതുജനസമക്ഷം വെക്കണമെന്നാണ് പരിഷത്തിന്റെ നിലപാടെന്ന് പ്രസിഡന്റ് ഒ.എം.ശങ്കരനും സെക്രട്ടറി പി.ഗോപകുമാറും വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ