- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുരേന്ദ്രൻ മാനസിക നില തെറ്റിയ ആൾ, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്ന ആൾ, എന്തും വിളിച്ചു പറയുന്ന ആൾ; സുരേന്ദ്രനല്ല പിണറായി വിജയനെന്നു ഓർക്കണം; ഇതങ്ങനെ വിട്ടുപോകാൻ പാടുള്ളതല്ല; മകൾക്കെതിരായുള്ള ആരോപണത്തിൽ സുരേന്ദ്രന് മറുപടി വാർത്താ സമ്മേളനത്തിലൂടെ ആകില്ല; സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി പന്താടാനുള്ളതല്ല ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം; കട്ടക്കലിപ്പിൽ പിണറായി വിജയൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇ.ഡി ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെ ഇന്നും ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം ലീഗിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. ലീഗിനും ബിജെപിക്കും ഒരുമിച്ച് നീങ്ങാൻ ജലീലെന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ഇത് അപവാദം പ്രചരിപ്പിക്കലല്ലേ. ഇഡി ചോദ്യം ചെയ്തത് വലിയ കാര്യമല്ല. പരിശോധന നടത്തുന്നതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. ഖുറാൻ കൊടുക്കുന്നത് തെറ്റെന്ന് ബിജെപിക്ക് തോന്നാം എന്നാൽ ലീഗിനും തോന്നണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
മകൾക്കെതിരായ കെ.സുരേന്ദ്രന്റെ ആരോപണങ്ങൾക്കും പിണറായി വിജയൻ മറുപടി നൽകി. സുരേന്ദ്രന് മാനസികനില തെറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനസികനില തെറ്റിയ ഒരാളെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിറുത്തണമോയെന്ന് ബിജെപി ആലോചിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. എന്ത് അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ ആരോപണമെന്നും മുഖ്യമന്ത്രി ചോദിച്ചു. 'സുരേന്ദ്രനല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ അപവാദത്തിൽപെടുത്താനാണ് ചിലരുടെ നീക്കം. ഓരോരുത്തരുടെയും നില വച്ച് മറ്റുള്ളവരെ അളക്കരുതെന്നും പിണറായി പറഞ്ഞു. മകൾക്കെതിരായുള്ള ആരോപണത്തിൽ സുരേന്ദ്രന് മറുപടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടി വാർത്താ സമ്മേളനത്തിലൂടെ ആകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘മാനസിക നില തെറ്റിയ ആൾ, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്ന ആൾ, എന്തും വിളിച്ചു പറയുന്ന ആൾ, സാധാരണ മാനസിക നിലയിൽ അങ്ങനെ പറയില്ല. അങ്ങനെ ഒരാളെ അധ്യക്ഷനാക്കിയെങ്കിൽ ആ പാർട്ടിയാണ് അത് ചിന്തിക്കേണ്ടത്, ഞാനല്ല. തോന്നുന്ന കാര്യങ്ങൾ വിളിച്ചു പറയുന്നത് പ്രത്യേക മാനസിക അവസ്ഥയാണ്. അതിനു താനല്ല മറുപടി പറയേണ്ടത്' – മുഖ്യമന്ത്രി പറഞ്ഞു.
വാർത്താ സമ്മേളനത്തിലൂടെ കൂടുതൽ കാര്യങ്ങൾ പറയാൻ ഇപ്പോൾ തയാറാകുന്നില്ല. സുരേന്ദ്രനോട് പറയേണ്ടതുണ്ട്, അത് ഇങ്ങനെ പറയേണ്ടതല്ല. സുരേന്ദ്രനല്ല പിണറായി വിജയനെന്നു ഓർക്കണം. എന്തു നടപടി സ്വീകരിക്കുമെന്നു പിന്നീടു പറയാമെന്നും ഇതങ്ങനെ വിട്ടുപോകാൻ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിം ലീഗിനെതിരെയും അദ്ദേഹം വിമർശനം ഉയർത്തി. ലീഗിൽ നിന്നും ജലീൽ മാറിയതിന് പിന്നിലെ പകയാണ് വിവാദങ്ങൾക്ക് കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജലീലിനെ ഇ.ഡി ചോദ്യം ചെയ്തു എന്നുള്ളത് വലിയ പ്രശ്നമല്ല. വിരോധമുള്ളവർ നടത്തുന്ന വ്യക്തിഹത്യയാണ് ജലീലിനെതിരെയുള്ളത്. ഒരു ഏജൻസി മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യമായിട്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖുറാന്റെ മറവിൽ പുകമറ സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സമരങ്ങളുടെ പേരിൽ കോവിഡ് നിയന്ത്രണങ്ങളെ അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങളെ കുറിച്ചും പിണറായി ചൂണ്ടിക്കാട്ടി. സെക്രട്ടറിയറ്റിനു മുന്നിലെ സമരത്തെ സമരമെന്ന് പറയാനാകില്ല. കുറേ ആളുകളെ കൂട്ടിവന്നുള്ള സമരാഭാസമാണ് അത്. കോവിഡ്കാലത്ത് ആൾക്കൂട്ടങ്ങൾ ഉണ്ടാകരുത് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പ്രോട്ടോകോൾ ലംഘിച്ചുള്ള സമരങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതി വിലക്കിയതാണ്.
മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പൊതുസ്ഥലത്ത് ഇടപഴകാൻ നിയമപ്രകാരം ആർക്കും അനുവാദമില്ല. പരസ്യമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനുനേരേ ചീറിയടുക്കുന്ന കുറേ ആളുകളെയാണ് അവിടെ കണ്ടത്. അവർ സ്വന്തം സുരക്ഷയല്ല, ഈ നാടിന്റെ തന്നെ സുരക്ഷയും സമാധാനവുമാണ് നശിപ്പിക്കുന്നത്. അത്തരം നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കാനാവില്ല.
സമരം നടത്തുന്നതിന് സർക്കാർ എതിരല്ല. എന്നാൽ, കോവിഡ് പ്രതിരോധം തകർക്കാനും അതിലൂടെ നാടിന്റെ നിയമസമാധാനത്തിനൊപ്പം ആരോഗ്യകരമായ നിലനിൽപ്പുകൂടി അട്ടിമറിക്കാനുള്ള നീക്കം ഏതു ഭാഗത്തുനിന്നും ഉണ്ടായാലും അത് തടയുന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി പന്താടാനുള്ളതല്ല ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം. അത്തരം നീക്കങ്ങളിൽ ജനപ്രതിനിധികൾ കൂടി ഉണ്ടാകുന്നു എന്നത് നിസ്സാര കാര്യമല്ല. നാട്ടിലാകെ കോവിഡ് പരത്താനുള്ള ശ്രമത്തെ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന് ആവർത്തിച്ചു പറയുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.
മറുനാടന് ഡെസ്ക്