തിരുവനന്തപുരം: ഭാരോദ്വഹന വിഭാഗത്തിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാബായ് ചാനുവിന് അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ചാനു നേടിയത്. മീരാബായ് ചാനുവിന്റെ വിജയം ഒളിമ്പിക്സിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.


ഇന്ന് നടന്ന മത്സരത്തിൽ സ്നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയും ഉയർത്തിയായിരുന്നു ചാനുവിന്റെ മെഡൽ നേട്ടം. അവസാന ശ്രമത്തിൽ 117 കിലോ ഉയർത്തുവാൻ ക്ലീൻ ആൻഡ് ജെർക്കിൽ ചാനു ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ല. 210 കിലോ ഉയർത്തിയ ചൈനീസ് താരം ഹോയി ആണ് സ്വർണം നേടിയത്. ഇന്തോനേഷ്യയുടെ വിൻഡി ആയിഷ വെങ്കല മെഡൽ നേടി. ഒളിമ്പിക്സ് റെക്കോഡോടു കൂടിയാണ് ചൈനീസ് താരത്തിന്റെ സ്വർണനേട്ടം.