തിരുവനന്തപുരം: സാമൂഹിക പ്രവർത്തകനായ ടി ആർ ചന്ദ്രദത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഉത്തമനായ കമ്മ്യൂണിസ്റ്റിനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് വഴിയായിരുന്നു മുഖ്യമന്ത്രിയുടേ അനുശോചന സന്ദേശം.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തൃശ്ശൂരിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിൽ നിറഞ്ഞുനിന്ന ടി.ആർ. ചന്ദ്രദത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.

വിദ്യാർത്ഥിയായിരിക്കെത്തന്നെ രാഷ്ട്രീയ പ്രവർത്തനത്തിൽ ആകൃഷ്ടനായ അദ്ദേഹം സർക്കാർ ജോലിയിൽ പ്രവേശിച്ചതോടെ സർവ്വീസ് സംഘടനകളുടെ പ്രധാന പ്രവർത്തകനായി. ജീവനക്കാരും അദ്ധ്യാപകരും 1973 ൽ നടത്തിയ 64 ദിവസത്തെ സമരത്തിൽ നേതൃത്വപരമായ പങ്കാണ് വഹിച്ചത്. വിമോചന സമരത്തിനെതിരെ സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ പ്രകടനം നടത്തിയതിന് രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ മർദ്ദനത്തിന് അദ്ദേഹം വിധേയനായിട്ടുണ്ട്.

ഭവനനിർമ്മാണം , ഊർജ്ജ സംരക്ഷണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കോസ്റ്റ് ഫോർഡ് എന്ന സ്ഥാപനത്തിന്റെ തുടക്കം മുതൽ അതിന്റെ ഡയറക്ടറായിരുന്നു ദത്ത് മാഷ്. വയോജന പരിപാലനം, സ്ത്രീകളുടെ ഉന്നമനം എന്നിവക്കായി പ്രവർത്തിക്കുന്ന തളിക്കുളം വികാസ് ട്രസ്റ്റിന്റെ ചെയർമാനുമായിരുന്നു. സ. ഇ.എം.എസ്സിന്റെ ജന്മദിനത്തോടനുബന്ധിച്ച് 19 വർഷമായി തൃശ്ശൂരിൽ നടന്നുവരുന്ന ഇ.എം.എസ് സ്മൃതിയുടെ മുഖ്യ സംഘാടകനായിരുന്ന മാഷ് തൃശ്ശൂരിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളന സ്വാഗതസംഘത്തിന്റെ മുഖ്യചുമതലക്കാരനുമായിരുന്നു. തന്റെ ശാരീരിക പ്രയാസങ്ങൾ വകവയ്ക്കാതെ അവസാന കാലം വരെ നാടിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഉത്തമനായ കമ്മ്യൂണിസ്റ്റിനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നു.