ന്യൂയോർക്ക്: പ്രളയാനന്തരം നവകേരളനിർമ്മാണത്തിനായുള്ള കേരള സർക്കാരിന്റെ ആഗോള ഇടപെടലിന് തുടക്കം. ഗ്ലോബൽ സാലറി ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സജീവമായി. അമേരിക്കൻ മലയാളികളിൽ നിന്നും 150 കോടിയാണ് പ്രതീക്ഷിക്കുന്നത്. ചികിത്സക്കായി അമേരിക്കയിൽ എത്തിയ മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. അമേരിക്കയിലെ ചികിൽസ പൂർണ്ണ വിജയമാണെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഈ പരിപാടി.

ഇന്ത്യൻ സമയം പുലർച്ചെ അഞ്ചുമണിക്കായിരുന്നു മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്തത്. ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തെ മലയാളികളോടാണ് താൻ ഇത് പറയുന്നതെന്നും മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു. നവകേരള നിർമ്മാണത്തിന് അമേരിക്കൻ മലയാളികളുടെ സഹായം ആവശ്യമാണ്. കേന്ദ്രം നൽകുന്ന ദേശീയ ദുരന്തനിവാരണ മാനദണ്ഡങ്ങൾ ലഭിക്കുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും. ഒരു മാസത്തെ ശമ്പളം നൽകുന്നതിന് തയ്യാറുള്ളവരെല്ലാം പങ്കെടുക്കണമെന്നും പിണറായി വിജയൻ അഭ്യർത്ഥിച്ചു. ഈ മാസം 18 മുതൽ ധനമന്ത്രി തോമസ് ഐസഖ് സമാഹരണത്തിനായി എത്തുമെന്നും അറിയിച്ചു.

ക്രൗഡ് ഫണ്ടിങ് അനിവാര്യമാണെന്ന് ചൂണ്ടികാട്ടിയ പിണറായി നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉണ്ടാകുമെന്നും വ്യക്തമാക്കി. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരംകിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറുള്ളവരെല്ലാം ഗ്ലോബൽസാലറി ചലഞ്ചിൽ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

നവ കേരള നിർമ്മാണത്തിന് അമേരിക്കൻ മലയാളികളുടെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പൊതു പരിപാടി കൂടിയായിരുന്നു റോക്ക് ലാന്റ് കൗണ്ടിയിൽ നടന്നത്.