തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനെത്തുന്ന തീർത്ഥാടകർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലേക്കുള്ള വഴിയിൽ പ്രധാന പൊതുസ്ഥലങ്ങളിൽ അംഗീകൃത കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാൽ പോലും കോവിഡ് സാധ്യത നൂറ് ശതമാനം തള്ളിക്കളയാൻ സാധിക്കില്ലെന്നും അതിനാൽ തന്നെ ടെസ്റ്റ് നെഗറ്റീവായതുകൊണ്ട് മറ്റ് ജാഗ്രത ആവശ്യമില്ലെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർബന്ധമായും എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണം. ശബരിമലയിൽ എത്തിയാൽ തീർത്ഥാടകർ ഓരോ 30 മിനിറ്റിലും കൈകൾ ശുചിയാക്കണമെന്നും മാസ്‌ക് ധരിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലയ്ക്കലും പമ്പയിലും ആളുകൾ കൂടിനിൽക്കുന്നത് ഒഴിവാക്കണം. ഒരു സ്ഥലത്തും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് അനുവദിക്കില്ല. ടോയ്ലറ്റുകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. തീർത്ഥാടകർക്കൊപ്പം വരുന്ന പാചകക്കാർ, ഡ്രൈവർമാർ, ക്ലീനർമാർ ഇവരെല്ലാം നിർബന്ധമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.