- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യു.ഡി.എഫ് കിഫ്ബിയുടെ കഴുത്തിൽ കുരുക്കിടുന്ന ആരാച്ചാർ'; 'ഭക്ഷ്യകിറ്റും ക്ഷേമ പെൻഷനും മുടക്കാൻ ശ്രമം'; പ്രതിപക്ഷ നേതാവ് ബിജെപിയുടെ സംസ്ഥാന വക്താവെന്നും പിണറായി വിജയൻ
തിരുവനന്തപുരം: കിഫ്ബിക്കെതിരായ നടപടികളിൽ യുഡിഎഫിനെയും ബിജെപിയേയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് നശീകരണ പ്രവർത്തനം നടത്തുന്നത്. കിഫ്ബിയെ തകർക്കാനും ലൈഫ് പദ്ധതി അട്ടിമറിക്കാനുമാണ് നീക്കമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കിഫ്ബിയെ കുറിച്ച് പരിഹസിക്കുമ്പോഴും അതിന്റെ കഴുത്തിൽ കുരുക്കിടാനുള്ള ആരാച്ചാർ പണി യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും ഇപ്പോൾ അതും സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകർക്കാർ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന് അവസരം തുറന്നിട്ട് കൊടുക്കുകയാണ്. ജനങ്ങൾക്കുള്ള ഭക്ഷണവും പെൻഷനും പോലും മുടക്കണം എന്ന നിലപാടെടുത്ത പ്രതിപക്ഷ നേതാവ് കേന്ദ്ര ബിജെപി സർക്കാരിന്റെ കേരളത്തിലെ ശക്തനായ വക്താവായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരേ കോൺഗ്രസിനും യുഡിഎഫിനും ആർ എസ് എസിനും ഓരേ വികാരമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. നാടിനും ജനങ്ങൾക്കും പ്രയോജനകരമായ ഒരു കാര്യവും നടക്കരുത് എന്ന വാശിയിലാണ് കോൺഗ്രസും യുഡിഎഫും അവരെ സഹായിച്ചുകൊണ്ട് ബിജെപിയും നടത്തുന്നത്. എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള നടപടിയാണെന്നും പ്രതിപക്ഷ നേതാവ് ബിജെപിയുടെ സംസ്ഥാന വക്താവായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
ഭക്ഷ്യകിറ്റും ക്ഷേമ പെൻഷനും മുടക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. സർക്കാർ പെൻഷനും അരിയും വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കണ്ടുകൊണ്ടല്ല. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ വിതരണം ചെയ്ത ഭക്ഷ്യകിറ്റിന്റെ കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണ് എന്ന് പ്രചരിപ്പിച്ച സംഘപരിവാറിനെ കണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ