- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ക്യാപ്ടൻ പിണറായി കാവൽ മുഖ്യമന്ത്രി; ഗവർണ്ണർക്ക് രാജി നൽകി മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് പിണറായി; ഈ ആഴ്ച തന്നെ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തും; മന്ത്രിസ്ഥാനം ഉറപ്പിച്ചത് കെകെ ശൈലജയും എംവി ഗോവിന്ദനും പി രാജീവും ബാലഗോപാലും മാത്രം; അടുത്ത മന്ത്രിസഭ പുതുരക്തത്തിന്റേതാകാൻ സാധ്യത
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ ഉണ്ടാകും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞയ്ക്കുള്ള സാധ്യതയാണ് തേടുന്നത്. ഗവർണ്ണറെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജി കത്ത് നൽകി. അടുത്ത സർക്കാർ അധികാരത്തിൽ എത്തും വരെ കാവൽ മുഖ്യമന്ത്രിയായി പിണറായി തുടരും. വൻ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം ജയിച്ചതു കൊണ്ട് തന്നെ കാവൽ മുഖ്യമന്ത്രിയായും സജീവ ഇടപെടലുകൾക്ക് പിണറായിക്ക് കഴിയും.
പുതിയ സർക്കാരിന് സത്യപ്രതിജ്ഞ ചെയ്യാൻ വേണ്ടിയാണ് സാങ്കേതിക അർത്ഥത്തിലുള്ള പിണറായിയുടെ രാജി. ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത സർക്കാർ രൂപീകരണത്തിനുള്ള അവകാശ വാദം പിണറായി ഉന്നയിക്കും. ഇടതുപക്ഷത്തിന്റെ നിയമസഭാ കക്ഷി നേതാവായി വീണ്ടും പിണറായിയെ തെരഞ്ഞെടുത്ത ശേഷമാകും ഇത്. ഇടത് മുന്നണിയുടെ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചു.
കക്ഷി നിലയനുസരിച്ച് സിപിഎമ്മിന് കൂടുതൽ മന്ത്രിമാർ ഉണ്ടാകുമെങ്കിലും പുതിയ ഘടകകക്ഷികൾ ഉള്ളതിനാൽ കഴിഞ്ഞ സർക്കാരിൽ ലഭിച്ചയത്ര മന്ത്രിസ്ഥാനം ലഭിക്കില്ല. മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. 17 സീറ്റിൽ വിജയിച്ച സിപിഐയ്ക്ക് നാല് മന്ത്രിമാർ ഇത്തവണയുമുണ്ടാകും. കഴിഞ്ഞ തവണ എല്ലാ ഘടകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകിയെങ്കിലും ഇത്തവണ അതുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പുതുരക്തത്തിനു മതിയായ പ്രാതിനിധ്യം നൽകുന്നതാകും രണ്ടാം പിണറായി മന്ത്രിസഭ എന്നാണ് വിലയിരുത്തൽ. എന്നാൽ പാർട്ടിയിലെ സീനിയോറിട്ടി പിണറായി വിജയൻ പരിഗണിക്കാനാണ് കൂടുതൽ സാധ്യത. കേരളത്തിൽ 21 അംഗ മന്ത്രിസഭയാകാമെങ്കിലും കഴിഞ്ഞ തവണ ആദ്യം 19 പേരായിരുന്നു. പിന്നീട് 20 ആക്കി. ഇത്തവണ 21 മന്ത്രിമാരെത്താൻ സാധ്യത കൂടുതലാണ്. ഇടതുപക്ഷത്ത് ഘടകക്ഷികളുടെ എണ്ണം കൂടിയതിനാലാണ് ഇത്.
രണ്ട് എംഎൽഎമാരിൽ അധികമുള്ളവർക്ക് മന്ത്രിസ്ഥാനം നൽകാനാണ് സാധ്യത. അങ്ങനെ വന്നാൽ ചെറു കക്ഷികളുടെ അംഗങ്ങൾക്ക് എംഎൽഎമാരായി സഭയിൽ ഇരിക്കേണ്ടി വരും. ഇതിൽ കെബി ഗണേശ് കുമാറിനേയും കോവൂർ കുഞ്ഞുമോനും മന്ത്രി പദം കിട്ടാനും സാധ്യതയുണ്ട്. കണ്ണൂരിൽ ജയിച്ചു കയറിയ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ നിന്ന് മാറി നിൽക്കാനാണ് സാധ്യത. ഇതെല്ലാം തീരുമാനിക്കുക പിണറായി വിജയൻ മാത്രമാകും. എല്ലാം വേഗത്തിൽ തീരുമാനിച്ച് സത്യപ്രതിജ്ഞ എത്രയും വേഗം നടത്താനാണ് പിണറായിയുടെ തീരുമാനം.
മുഖ്യമന്ത്രിയെ സംസ്ഥാന സെക്രട്ടേറിയറ്റും നിയമസഭാ കക്ഷി യോഗവും ഔദ്യോഗികമായി തീരുമാനിച്ചാൽ ഉടൻ പിണറായി മന്ത്രിമാരെ നിശ്ചയിക്കും. വിജയിച്ച കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, എം വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ എന്നിവർ ഉറപ്പായും മന്ത്രിസഭയിലുണ്ടാകും. കേന്ദ്ര കമ്മിറ്റിയിലെ സീനിയോറിറ്റി വച്ച് ശൈലജയ്ക്കാകും മന്ത്രിസഭയിൽ രണ്ടാം സ്ഥാനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, എം.എം. മണി, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരും മന്ത്രിമാരാകാനാണു സാധ്യത. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എംഎം മണി സ്വയം മാറി നിൽക്കാനും സാധ്യതയുണ്ട്.
നിലവിലെ മന്ത്രിമാരായ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കടകംപള്ളി സുരേന്ദ്രൻ, എ.സി.മൊയ്തീൻ എന്നിവരെ വീണ്ടും പരിഗണിച്ചേക്കും. മണി അല്ലെങ്കിൽ മൊയ്ദീൻ എന്ന ഫോർമുലയും ചർച്ചകളിലുണ്ട്. ജയിച്ച മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ. വാസവൻ, എം.ബി. രാജേഷ്, സി.എച്ച്. കുഞ്ഞമ്പു എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. ശബരിമല വിവാദത്തിൽപെട്ട കടകംപള്ളി ഒഴിവാക്കപ്പെട്ടാൽ ശിവൻകുട്ടി മന്ത്രിയാകും. സജി ചെറിയാൻ, വിഎൻ വാസവൻ, എംബി രാജേഷ് എന്നിവരിൽ രണ്ട് പേർ മന്ത്രിമാരാകും. ഇതിൽ കൂടുതൽ സാധ്യതയുള്ളത് എംബി രാജേഷിനാണ്.
കെ.ടി. ജലീലിനെ സ്പീക്കർ പദവിയിലേക്കു പരിഗണിച്ചേക്കും എന്നാണ് സൂചന. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടതിനാൽ വനിതകളിൽനിന്നു വീണാ ജോർജ്, ആർ. ബിന്ദു, കാനത്തിൽ ജമീല എന്നിവരിലൊരാൾക്കു സാധ്യതയുണ്ട്. ഇതിനൊപ്പം വട്ടിയൂർക്കാവിൽ വീണ്ടും ജയിച്ച പ്രശാന്തും മന്ത്രിയാകാൻ സാധ്യതയുണ്ട്. അരുവിക്കരയിൽ ശബരിനാഥിനെ അട്ടിമറിച്ച ജി സ്റ്റീഫനും നാടാർ പ്രാതിനിധ്യത്തിന്റെ പേരിൽ മന്ത്രിയായാൽ അത്ഭുതപ്പെടേണ്ടതില്ല. നാടാർ സമുദായം വലിയ തോതിലാണ് സിപിഎമ്മിനെ ഇത്തവണ സഹായിച്ചത്. കാട്ടക്കടയിലും നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും അരുവിക്കരയിലും അത് വിജയമായി മാറി. അതുകൊണ്ട് തന്നെ സ്റ്റീഫൻ അപ്രതീക്ഷിതമായി മന്ത്രിയാകാൻ സാധ്യത ഏറെയാണ്.
നേമത്തെ വിജയിയാണ് ശിവൻകുട്ടി. അതുകൊണ്ട് തന്നെ ബിജെപിയെ തറപറ്റിച്ച ശിവൻകുട്ടിക്ക് പാർട്ടിക്കാർക്കിടയിൽ വലിയ വികാരമുണ്ട്. ഇതും പിണറായി കണക്കിലെടുക്കും. അങ്ങനെ വന്നാൽ കടകംപള്ളിക്ക് മുകളിൽ ശിവൻകുട്ടിക്ക് സാധ്യത കൂടും. തിരുവനന്തപുരത്ത് നിന്ന് രണ്ടാമതൊരു മന്ത്രി ചർച്ചയിൽ എത്തിയാൽ പ്രശാന്തിനും സ്റ്റീഫനും സാധ്യത കൂടുകയും ചെയ്യും. തിരുവനന്തപുരത്ത് പുതിയ നേതൃത്വത്തെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് അത്.
സിപിഐയിൽ നിന്ന് ഇ. ചന്ദ്രശേഖരൻ, പി. പ്രസാദ്, കെ. രാജൻ, പി.എസ്. സുപാൽ അല്ലെങ്കിൽ ജെ. ചിഞ്ചുറാണി എന്നിങ്ങനെയാണു സാധ്യത. പുതുമുഖങ്ങൾ മാത്രം മതിയെന്ന 2016 ലെ തീരുമാനം ആവർത്തിച്ചാൽ ചന്ദ്രശേഖരൻ പുറത്താകും. ചിറ്റയം ഗോപകുമാർ, ഡപ്യൂട്ടി സ്പീക്കർ വി. ശശി, ഇ.കെ. വിജയൻ എന്നിവരും പരിഗണിക്കപ്പെടും. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ഡപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പദവികളിലേക്ക് ഇവർക്കു സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ