തിരുവനന്തപുരം: അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും യുവാക്കളുടെ പ്രാതിനിധ്യം ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും പിണറായി വിജയൻ. നിലവിലുള്ള മന്ത്രിമാർ തുടരുമോയെന്നു വിവിധ പാർട്ടികൾ ആലോചിച്ചാണു തീരുമാനിക്കേണ്ടത്. ഈ ആലോചനകൾ നടക്കാൻ പോകുന്നതേയുള്ളൂ. ഇപ്പോൾ മാധ്യമ പ്രവർത്തകർക്കു പ്രവചിക്കാനുള്ള അവസരമാണെന്നും പിണറായി പറഞ്ഞു.

ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നു താൻ ഒറ്റയ്ക്കു പറയേണ്ട കാര്യമല്ല. എൽഡിഎഫ് ആണ് അതെല്ലാം തീരുമാനിക്കേണ്ടത്. എൽഡിഎഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എത്ര മന്ത്രിമാർ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണ്.

പല ഘട്ടങ്ങൾക്കു പകരം മന്ത്രിമാർ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. ഇനി എങ്ങനെയെന്നു നമുക്കു നോക്കാം. സത്യപ്രതിജ്ഞ എന്നാണെന്ന് എൽഡിഎഫ് ചേർന്നു തീരുമാനിക്കണം. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാകും സത്യപ്രതിജ്ഞ.

മുഖ്യമന്ത്രി ആരെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല, ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ' എന്നായിരുന്നു പിണറായിയുടെ മറുപടി.

വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണ്. ബിജെപിക്ക് ഭീമമായി വോട്ട് കുറഞ്ഞത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

പുറമേ കാണുന്നതിനേക്കാൾ വലിയ വോട്ട് കച്ചവടം നടന്നതിന് തെളിവാണു ബിജെപിയുടെ നില. 90 മണ്ഡലങ്ങളിൽ ബിജെപിക്ക് 2016ൽ ലഭിച്ചതിനേക്കാൾ വോട്ട് കുറഞ്ഞു. പുതിയ വോട്ടർമാരിലെ വർധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞ പിണറായി, പത്തിടത്ത് യുഡിഎഫ് വിജയിച്ചത് ബിജെപി വോട്ടിലെന്നും ആരോപിച്ചു. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോൾ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടി. കുണ്ടറയിൽ ബിജെപിയുടെ 14,160 വോട്ട് കുറഞ്ഞു.

യുഡിഎഫിന് 4454 ഭൂരിപക്ഷം കിട്ടി. തൃപ്പൂണിത്തുറയിൽ യുഡിഎഫ് ഭൂരിപക്ഷം 992, ബിജെപി വോട്ടിലെ കുറവ് 6087. പാലായിൽ ജോസ് കെ.മാണി തോറ്റത് ബിജെപി വോട്ട് മറിച്ചതിനാലാണ്. യുഡിഎഫിന്റെ നേതൃത്വത്തിൽ ധാരണകൾ ഉണ്ടാക്കിയെന്ന് വ്യക്തം.

ബിജെപി വോട്ട് മറിച്ചതിൽ സാമ്പത്തിക താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വോട്ടെടുപ്പ് ദിവസം തുടർഭരണം പാടില്ലെന്ന സന്ദേശം നൽകി. ജനവിശ്വാസം അട്ടിമറിക്കാൻ സുകുമാരൻ നായരുടെ പരാമർശം കൊണ്ട് കഴിയുമായിരുന്നില്ല. ജീവിതാനുഭവം അടിസ്ഥാനമാക്കിയാണ് ജനങ്ങൾ വോട്ട് ചെയ്തത്.

വോട്ട് കച്ചവടത്തെക്കുറിച്ച് ബിജെപി നേതൃത്വം അന്വേഷിക്കണം. ബിജെപി നേതൃത്വം പാർട്ടിയെ പാർട്ടിയാക്കി നിർത്താൻ ശ്രമിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

പുതിയ സർക്കാരിന്റെ പ്രഥമ പരിഗണന കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തലെന്നും പ്രകടനപത്രികയിലെ ഉറപ്പുകൾ പാലിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

എൽഡിഎഫിനെ അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയമായി യോജിച്ച സമീപനമായിരുന്നു കോൺഗ്രസ്സും ബിജെപിയും സ്വീകരിച്ചതെന്നും പിണറായി വിജയൻ ആരോപിച്ചു. പ്രതിപക്ഷ സ്വരമാണെന്നാണ് ആദ്യം ധരിച്ചിരുന്നത്. എന്നാൽ യുഡിഎഫ് നേതാക്കൾ പറഞ്ഞ കാര്യങ്ങൾ മറ്റൊരന്വേഷണ ഏജൻസിയെ ഉപയോഗിച്ച് പ്രാവർത്തികമാക്കാനാണ് ശ്രമം നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'എൽഡിഎഫിനെ അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയമായി യോജിച്ച സമീപനമായിരുന്നു കോൺഗ്രസ്സിനും ബിജെപിയും സ്വീകരിച്ചത്. രണ്ട് കൂട്ടർക്കും ഒരേ അഭിപ്രായമായതിനാൽ പ്രതിപക്ഷ യോജിപ്പിന്റെ സ്വരമാണെന്ന നമ്മൾ ആദ്യം സംശയിച്ചിരുന്നു. ഒരാൾ രാവിലെ പറഞ്ഞാൽ മറ്റൊരാൾ ഉച്ചക്കും ശേഷം അതേകാര്യം മറ്റൊരാൾ ആവർത്തിക്കുന്നു. ഇതാണ് കണ്ടിരുന്നത്.

എന്നാൽ യുഡിഎഫ് നേതാക്കൾ പറഞ്ഞ കാര്യങ്ങളെ അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് മറ്റൊരു രീതിയിൽ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ നടന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉണ്ടാവാൻ ബിജെപിയുടെ ഇടപെടലുണ്ടായെന്നും അന്ന് വാർത്തകൾ വന്നു. ഇതിലൂടെ എൽഡിഎഫിനെ ദുർബലപ്പെടുത്താനാകുമെന്നാണ് അവർ പ്രതീക്ഷിച്ചത്', മുഖ്യമന്ത്രിപറഞ്ഞു.

'എന്നാൽ ഇരുകൂട്ടർക്കും അപകീർത്തിപ്പെടുത്താൻ കഴിഞ്ഞില്ല. കാരണം ജനങ്ങളാണല്ലേ വിധി കൽപിക്കുന്നത്. അവരിലാണല്ലോ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളെ കുറിച്ചു അവർക്ക് കൃത്യമായ ബോധ്യമുണ്ട്. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. ആഴക്കടൽ മത്സ്യബന്ധനത്തിൽ പാർലമെന്റിൽ കൃത്യമായ നിലപാടെടുത്ത് ഇടതുപക്ഷമാണ്.

ആഴക്കടൽ മത്സ്യബന്ധനത്തിൽ വിദേശ കമ്പനികൾക്ക് അനുവാദം നൽകരുതെന്നാണ് ഇടതു പക്ഷത്തിന്റെയും സംസ്ഥാനസർക്കാരിന്റെയും നിലപാട്. ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ശ്രമമായിരുന്നു അത്. ഗൂഢാലോചന അതിലുണ്ടായിരുന്നു. അതെല്ലാം അന്വേഷണത്തിലുള്ള കാര്യങ്ങളാണ്'. നാട്ടുകാർ അതിനെ ശുദ്ധഭോഷ്‌കായാണെടുത്തെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.