കണ്ണൂർ: ഭരണത്തിലേക്ക് രണ്ടാം തരംഗമായി തിരിച്ചു വന്ന മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയും കൈപ്പിടിയിലാക്കിയേക്കും. സി.പി. എം സമ്മേളനത്തിന് ഒരുങ്ങിയിരിക്കെ പാർട്ടിയിലും പിണറായി തരംഗം വീശിയടിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാർ മാത്രമേ ഇക്കുറി പാർട്ടി ജില്ലാ, സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് വരികയുള്ളൂ. മുഖ്യമന്ത്രിക്ക് പരിപൂർണമായ വിധേയമായ പാർട്ടി സംവിധാനമാണ് ഇക്കുറി നിലവിൽ വരിക.

വരുന്ന ജൂലായ് മുതലാണ് സംസ്ഥാനത്ത് സി. പി. എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുക. ഒക്ടോബറിൽ ലോക്കൽ സമ്മേളനങ്ങളും ഡിസംബറിൽ ഏരിയാ സമ്മേളനങ്ങളും അടുത്ത വർഷം ജനുവരിയിൽ ജില്ലാ സമ്മേളനങ്ങളും ഫെബ്രുവരിയോടെ സംസ്ഥാന സമ്മേളനങ്ങളും നടക്കും. ഇതുസംബന്ധിച്ച പൊളിറ്റ് ബ്യൂറോയുടെ മാർഗനിർദ്ദേശമുണ്ട്. കഴിഞ്ഞ വർഷം നടക്കേണ്ട സമ്മേളനങ്ങൾ കോവിഡ് വ്യാപനം മൂലം മാറ്റിവച്ചിരിക്കുകയായിരുന്നു.

രണ്ടാം പിണറായി സർക്കാരിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നതു പോലെ തന്നെ പാർട്ടിയിലും യുവനിര തന്നെയാണ് താക്കോൽ സ്ഥാനങ്ങളിലേക്ക് വരിക. താഴെതട്ടിൽ സമഗ്രമായ അഴിച്ചു പണി നടത്താനാണ് ഒരുങ്ങുന്നത്. ഏറെക്കാലമായി ഒരേസ്ഥാനത്തിനിരിക്കുന്നവർക്ക് സ്ഥാന നഷ്ടമുണ്ടാകും. ജില്ലാ, സംസ്ഥാന നേതൃത്വങ്ങളിൽ നിന്നും 75വയസുകഴിഞ്ഞ വരെ ഒഴിവാക്കാൻ സാധ്യതയേറെയാണ്. വർഗബഹുജന സംഘടനക ളിൽ നിന്നും കൂടുതൽ പേരെ പാർട്ടി ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

വനിതകൾക്കും പാർട്ടി നേതൃപദവിയിൽ കൂടുതൽ അംഗീകാരം ലഭിക്കും. ഏരിയാ സെക്രട്ടറിയായി പരമാവധി യുവാക്കളെ കൊണ്ടുവരാനാണ് തീരുമാനം. സംസ്ഥാനഭരണം കൈയിലുള്ളതു കൊണ്ട് ഇക്കുറി സി.പി. എം സമ്മേളനങ്ങളിൽ കടുത്ത മത്സരം നടന്നേക്കാൻ സാധ്യതയുണ്ട്. പാർട്ടി പിണറായിയെന്ന വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടുണ്ടെങ്കിലും പിണറായി ഗ്രൂപ്പിൽ തന്നെ ചേരിതിരിവു വ്യക്തമാണ്. സംഘടനാ സംവിധാനം ശക്തമായ കണ്ണൂർ ജില്ലയിലടക്കം നിയമസഭാ സീറ്റുകളിലേക്ക് പരിഗണന കിട്ടാത്ത നേതാക്കൾ പ്രകോപിതരാണ്.

കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, പി. ജയരാജൻ തുടങ്ങിയ നേതാക്കളൊക്കെ വ്രണിത ഹൃദയരാണ്. ഇവരെ വീണ്ടും അടിച്ചു നിരത്തി ബുൾഡോസർ നയം പാർട്ടി സമ്മേളനങ്ങളിലും ആവർത്തിച്ചാൽ പൊട്ടിത്തെറിയുണ്ടാകുമെന്നുറപ്പാണ്. എന്നാൽ സർക്കാരിലും പാർട്ടിയിലും എതിർശബ്ദങ്ങൾ നിശബ്ദമാക്കി കൊണ്ടുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുകയെന്നത് സൂചനയുണ്ട്. മുഖ്യമന്ത്രിക്ക് പൂർണമായും വിധേയമായ സംഘടനാ സംവിധാനമാണ് നിലവിൽ വരാൻ സാധ്യത.

ജില്ലാ, സംസ്ഥാന നേതൃത്വങ്ങളിൽ വരുന്നവർ പൂർണമായും പിണറായിക്ക് വിധേയത്വമുള്ളവരായിരിക്കും. ഇതോടെ സർക്കാരിലും പാർട്ടിയിലും തിരുവായ്ക്കെതിർവായില്ലാത്ത ചീഫ് മാർഷലായി പിണറായി വിജയൻ മാറിയേക്കും. ഇതിനിടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രി സഭാ സത്യപ്രതിജ്ഞയ്ക്കു ശേഷം കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്താൻ സാധ്യതയേറിയിട്ടുണ്ട്. സമ്മേളന കാലയളവിൽ സ്ഥിരം സെക്രട്ടറി വേണമെന്ന പി.ബി നിർദ്ദേശമാണ് കോടിയേരിക്ക് തുണയായത്.

മകൻ ബിനീഷ് കോടിയേരിയുടെ ജയിൽ വാസവും അതേതുടർന്നുയരുന്ന വിവാദങ്ങളും തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ഇനി സി.പി. എം കാര്യമാക്കാൻ പോകുന്നില്ല.