തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് പുതിയ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമ്പോഴും ചിലരതിനെ എതിർക്കുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എതിർപ്പിന്റെ കാരണം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യുക എതിർപ്പിന്റെ വശങ്ങളെന്താണെന്ന് കൃത്യമായി മനസിലാക്കുക അങ്ങനെ മുന്നോട്ട് പോകാൻ തയ്യാറായാൽ ഇത്തരം എതിർപ്പുകളെ നേരിടാൻ സാധിക്കും എന്നാണ് കഴിഞ്ഞ സർക്കാരിന്റെ അനുഭവം. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി- ഇടമൺ പവർ ഹൈവേ ഇങ്ങനെ പല കാര്യങ്ങളിലും അതിശക്തമായ എതിർപ്പുണ്ടായിരുന്നു.

പക്ഷേ ആ എതിർപ്പിൽ കാര്യമില്ലെന്ന് എതിർക്കുന്നവരോട് കാര്യ കാരണ സഹിതം പറയുകയും നമ്മുടെ നാടിന്റെ ഭാവിക്ക്, നല്ല നാളേയ്ക്ക്, വരും തലമുറയ്ക്ക് ഈ പദ്ധതികൾ ഒഴിച്ചുകൂടാനാകാത്തതാണ് എന്ന് അവരോട് വിശദീകരിക്കുകയും ചെയ്തപ്പോൾ എതിർത്തവർ തന്നെ നല്ല മനസോടെ പദ്ധതിയെ അനുകൂലിക്കാനും സഹായിക്കാനും അതിന്റെ ഭാഗമാകാനും തയ്യാറായി മുന്നോട്ടു വന്നു എന്നതാണ് നമ്മുടെ അനുഭവം.

ഇത്തരം പദ്ധതികളുടെ ഗുണ ഫലം അനുകൂലിക്കന്നവർക്ക് മാത്രമല്ല എതിർക്കുന്നവർക്കും ലഭ്യമാകുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇത്തരത്തിലുള്ള പല എതിർപ്പുകൾ കാരണം നാടിന് വേണ്ട പലതും നടപ്പാക്കാതിരിക്കാൻ കഴിഞ്ഞപ്പോൾ കേരളത്തിലുണ്ടായ പൊതു ചിന്ത ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു ഒരു ശാപത്തോടെയുള്ള വാക്കുകൾ.

എന്നാൽ സ്ഥിതി മാറുകയും കാര്യങ്ങൾ നടപ്പാകാനാകും എന്ന നില വന്നപ്പോൾ അതേ ആളുകൾ തന്നെ ഇവിടെ പലതും നടക്കും എന്ന ആത്മവിശ്വാസത്തിലേക്ക് എത്തി. ആദ്യം നിരാശയായിരുന്നെങ്കിലും പിന്നീട് പ്രത്യാശയുടെ വാക്കുകളാണ് വന്നത്.

കേരളത്തിൽ ഇനി നടക്കുകയേ ഇല്ല എന്നു കരുതിയ പലതും ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ നമ്മുടെ സമൂഹവും സമൂഹത്തിലെ ആളുകളും ഇതിനൊന്നിനും എതിരല്ല. അവരെല്ലാം ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങൾ നടപ്പാകണം എന്നാണ്. അതിനെല്ലാം രൂപം കൊടുക്കാൻ കഴിഞ്ഞു എന്നതിലാണ് ഈ സർക്കാരിന് ചാരിതാർത്ഥ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.