കൊച്ചി: പാലായിലും വട്ടിയൂർക്കാവിലും കോന്നിയിലും വിജയം കണ്ട തന്ത്രങ്ങൾ തൃക്കാക്കരയിലും ഫലവത്താകുമെന്ന പ്രതീക്ഷയിലാണ് സർവ സന്നാഹങ്ങളും ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് പോരാട്ടത്തിന് ഇറങ്ങിയത്. ലക്ഷ്യം ഒന്നുമാത്രം, ജോ ജോസഫിനെ വിജയിപ്പിച്ച് നിയമസഭയിൽ എത്തിച്ച് സെഞ്ചുറി തികയ്ക്കുക. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ കാടിളക്കിയുള്ള പ്രചാരണം ഒരുമാസത്തോളം നീണ്ടിട്ടും യുഡിഎഫിന്റെ ഉരുക്കു കോട്ടയായ മണ്ഡലത്തിന് ഒരു വിള്ളലും വീഴ്‌ത്താൻ സാധിച്ചില്ല എന്നതിന്റെ തെളിവാണ് ജനവിധി. എൽഡിഎഫിന്റെ മൈക്രോ ലെവൽ ഓപ്പറേഷൻ വോട്ടർമാരിൽ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്ന് ഫലം വ്യക്തമാക്കുന്നു.

'തൃക്കാക്കര പിടിക്കണം, പ്രചാരണത്തിന് ഞാൻ എത്തും' എന്നായിരുന്നു അമേരിക്കയിലെ ചികിത്സയ്ക്കിടെ പാർട്ടി നേതൃത്വത്തിന് ഫോൺ സന്ദേശത്തിലൂടെ പിണറായി വിജയൻ കൈമാറിയത്. പാലായും വട്ടിയൂർക്കാവും കോന്നിയും ആവർത്തിക്കാമെന്നായിരുന്നു ക്യാപ്റ്റന്റെ മോഹങ്ങൾ.

തൃക്കാക്കര മണ്ഡലം രൂപീകൃതമായതുമുതൽ യുഡിഎഫ് സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിച്ച് ശീലമുള്ള മണ്ഡലമാണെങ്കിലും ആഞ്ഞുപിടിച്ചാൽ മണ്ഡലം ഇടത്തോട്ട് ചായുമെന്ന വിശ്വാസത്തിലാണ് ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകാൻ എൽഡിഎഫ് തീരുമാനിച്ചത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുനടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കോന്നി, പാല എന്നിവ പിടിച്ചെടുക്കാനായതു തന്നെയായിരുന്നു എൽഡിഎഫിന്റെ ആത്മവിശ്വാസത്തിന് പിന്നിൽ. കെ.എം മാണിയുടെ മരണത്തിന് ശേഷം പാലായിൽ ഉണ്ടാകാതിരുന്ന സഹതാപതരംഗം തൃക്കാക്കരയിൽ ഉണ്ടാകില്ലെന്ന എൽഡിഎഫ് കണക്കുകൂട്ടൽ തെറ്റിയെന്ന് ആദ്യ റൗണ്ട് വോട്ടെണ്ണൽ മുതൽ വ്യക്തമായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് തൃക്കാക്കരയിലെ വോട്ടർമാർക്കുണ്ടായിരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാക്കുകളും മണ്ഡലത്തിലെ വോട്ടർമാർ മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് വലിയ ഭൂരിപക്ഷത്തിലുള്ള യുഡിഎഫ് വിജയം തെളിയിക്കുന്നത്.

''കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളെയടക്കം തെറ്റായി ഉപയോഗിച്ചു കൊണ്ടു കേരളത്തിൽ ഇടപെടാനുള്ള ശ്രമം നടത്തി. ഇതിലൊന്നും വലിയ തോതിൽ ജനങ്ങൾ കുടുങ്ങിയില്ല. തിരഞ്ഞെടുപ്പിൽ ഞങ്ങൾക്കു ജനങ്ങളെ പൂർണ വിശ്വാസമുണ്ടായിരുന്നു. ജനങ്ങൾക്കു ഞങ്ങളെയും വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുമായി കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് ഒരു രണ്ടാമൂഴം ജനങ്ങൾ സമ്മാനിച്ചത്. ഇവിടെ ബഹുമാന്യനായ അധ്യക്ഷൻ പ്രസ്താവിച്ചതു പോലെയും നമ്മുടെ നാടൊക്കെയും ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെയും ആ 99 നിറഞ്ഞ നൂറിലേക്ക് എത്തിക്കാനുള്ള ഒരവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ആ ഘട്ടത്തിൽ പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുകയാണ് എന്നതു നാം കാണേണ്ടതാണ്'' എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കൺവെൻഷനിൽ മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പരാമർശം പ്രതിഷേധാർഹവും ദുഃഖകരവും ഒരു മുഖ്യമന്ത്രിക്കു യോജിക്കാത്തതുമാണെന്നായിരുന്നു പി.ടി.തോമസിന്റെ ഭാര്യയും സ്ഥാനാർത്ഥിയുമായ ഉമ തോമസിന്റെ പ്രതികരണം. പി.ടി.തോമസിനെപോലെ ഒരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്നും അവർ ചോദിച്ചിരുന്നു. നിന്ദ്യവും ക്രൂരവുമായ പ്രയോഗമാണെന്നും ഒരിക്കലും ആ സ്ഥാനത്തിരുന്നു പറയാൻ കഴിയാത്ത വാക്കുകളാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്. ഈ വിഷയം യുഡിഎഫ് ദിവസങ്ങളോളം മണ്ഡലത്തിൽ പ്രചാരണ വിഷയമാക്കി. വികസനവും രാഷ്ട്രീയവും പറയാൻ കഴിയാത്തതിന്റെ പരിഭ്രാന്തി മൂലമാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ദുർവ്യാഖ്യാനവും കൊണ്ട് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നായിരുന്നു എൽഡിഎഫ് നേതൃത്വത്തിന്റെ മറുപടി.

മുഖ്യമന്ത്രിയുടെ പ്രസ്താവന പി.ടിയെ സ്‌നേഹിക്കുന്നവരിൽ വേദനയുണ്ടാക്കിയെന്നും അതു തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും കോൺഗ്രസ് വിലയിരുത്തുന്നു. കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേളയിലും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പരാമർശം വിവാദമായിരുന്നു. 1996,98 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രനെ തഴഞ്ഞ് 1999 ൽ സീറ്റ് പിടിച്ചെടുത്ത സിപിഎം 2014 ലും ആർഎസ്‌പിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് അവർ മുന്നണി വിടുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥിയായ എൻ.കെ.പ്രേമചന്ദ്രനെതിരെ പിബി അംഗം എം.എ.ബേബിയാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലുമാണ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ, പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയത്. ഇതു തോൽവിക്കു പ്രധാന കാരണമായി പിന്നീട് മുന്നണി വിലയിരുത്തി. സമാനമായ രീതിയിൽ തൃക്കാക്കരയുടെ 'സൗഭാഗ്യം' എൽഡിഎഫിന് തിരിച്ചടിയായെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ നേരിട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. കെ-റെയിൽ നടപ്പിലാക്കുന്നതിനെതിരെ യുഡിഎഫ് നടത്തുന്ന സമരങ്ങൾക്ക് ജനപിന്തുണയില്ലെന്ന് തെളിയിക്കാനുള്ള അവസരമായി തൃക്കാക്കരയെ സിപിഎം മുന്നിൽക്കണ്ടു. തന്റെ സ്വപ്ന പദ്ധതിയായ കെ- റെയിലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന കുറ്റിപറിക്കൽ സമരത്തിന് മറുപടി പറയാൻ പറ്റിയ വേദിയായും തൃക്കാക്കരയെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കണ്ടു. ഇതോടെയാണ് സർവ സന്നാഹവുമുപയോഗിച്ച് പ്രചാരണം നടത്താൻ പാർട്ടിയും മുന്നണിയും തീരുമാനിച്ചത്.

ഇതിനായി ജനപ്രതിനിധികളെയും തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വാർഡുകളിൽ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥികളെ വരെ സിപിഎം പ്രചാരണത്തിനായി രംഗത്തിറക്കി.70 എംഎൽഎമാരെയാണ് മണ്ഡലത്തിലെ പ്രചാരണത്തിന് ഇടത് മുന്നണി രംഗത്തിറക്കിയത്. ഓരോ ലോക്കൽ കമ്മിറ്റിക്ക് കീഴിലായി എംഎൽഎമാരെ വിന്യസിച്ചു.

ബൂത്ത് തലത്തിൽ എംഎൽഎമാരെ പ്രചാരണത്തിന് രംഗത്തിറക്കി. ബൂത്തുകൾ വീതിച്ച് നൽകിയ ശേഷം എംഎൽഎമാർ തങ്ങൾക്ക് ചുമതലയുള്ള ബൂത്തുകളിൽ ഒറ്റയ്ക്കും പിന്നീട് മൂന്ന് എംഎൽഎമാർ വരെ ഉൾപ്പെടുന്ന സംഘമായി മൂന്നൂപേരുടേയും ബൂത്തുകൾ ഒരുമിച്ച് സന്ദർശിച്ചും വോട്ടർമാരെ നേരിൽ കണ്ടെങ്കിലും യുഡിഎഫ് കോട്ടയിൽ ഒരു വെല്ലുവിളിയും ഉയർത്താനായില്ലെന്ന് ഫലം വ്യക്തമാക്കുന്നു.

ബൂത്ത് അടിസ്ഥാനത്തിൽ നിരവധി കുടുംബയോഗങ്ങളിലാണ് തുടർച്ചയായി രണ്ടാഴ്ചത്തോളം ഓരോ എംഎൽഎമാരും പങ്കെടുത്തത്. കടുത്ത യുഡിഎഫ് അനുഭാവികളുടെ വീടുകളിൽ പോലും എംഎൽഎമാർ ഒന്നിലധികം തവണ സന്ദർശനം നടത്തി വോട്ടുറപ്പിക്കാൻ ശ്രമം നടത്തി. ഇത്തരം സന്ദർശനങ്ങളിലൂടെ നിക്ഷ്പക്ഷ വോട്ടുകളിൽ വലിയൊരു പങ്ക് സ്വന്തമാക്കുകയെന്നതായിരുന്നു എൽഡിഎഫിന്റെ ലക്ഷ്യം. ഈ കാടിളക്കിയുള്ള പ്രചാരണവും കെ.വി തോമസ് എന്ന മുതിർന്ന കോൺഗ്രസ് നേതാവിന്റെ വരവും ഇടത്പക്ഷത്തെ തുണച്ചില്ല.

നഗര മണ്ഡലങ്ങളിലേയും നഗര സ്വഭാവമുള്ള മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാരേയും കൂടുതൽ ബൂത്തുകളുടെ ചുമതല നൽകി എൽഡിഎഫ് പഴുതടച്ച പ്രചാരണം നടത്തി. മണ്ഡലത്തിലെ വിവിധ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് തങ്ങളുടെ മണ്ഡലത്തിലെ ഉദാഹരണം സഹിതം വിവരിച്ചായിരുന്നു എംഎൽഎമാർ പ്രചാരണം നടത്തിയത്.

എൽഡിഎഫിന്റെ പ്രചാരണം യുഡിഎഫ് ക്യാമ്പിൽ പോലും ആശങ്ക സൃഷ്ടിച്ചിരുന്നു. തങ്ങളുടെ കോട്ടയിൽ വിജയിക്കുമെങ്കിലും ഭൂരിപക്ഷം പി.ടിയെക്കാൾ കുറവായിരിക്കുമെന്നാണ് പല നേതാക്കളും അനൗദ്യോഗികമായി പ്രതികരിച്ചത്. എന്നാൽ ഫലം വന്നപ്പോൾ പി.ടി തോമസിന്റെ ഭൂരിപക്ഷത്തെ പോലും മറികടന്ന് ചരിത്രവിജയം നേടാൻ ഉമാ തോമസിലൂടെ യുഡിഎഫിന് കഴിഞ്ഞു.