തിരുവനന്തപുരം: പിണറായി വിജയൻ ഇപ്പോൾ പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ്. ഭരണവും അതിന്റെ സംവിധാങ്ങളുമൊന്നും പാർട്ടി സമ്മേളനത്തിനിടയിൽ മുഖ്യന് ഒരു വലിയ പ്രശ്‌നമല്ലാതെ ആയി മാറിയിരിക്കുന്നു. ഹെലികോപ്റ്റർ വിവാദം കൂടി വന്നതോടെ വിമർശനങ്ങൾ കൂടുതൽ ശക്തമായി മാറി. അതോടപ്പം ഭരണം സ്തംഭിച്ചെന്നും മുഖ്യമന്ത്രിയുടെ പിടി പോയെന്നുമുള്ള ആക്ഷേപങ്ങളുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തി.

കഴിഞ്ഞ ഒരു മാസത്തിലേറെയായി മുഖ്യമന്ത്രി ജില്ലാസമ്മേളനത്തിരക്കിലാണ്. ഡിസംബർ 26 നാണു സിപിഎം ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചത്.എന്നാൽ മുൻപും മുഖ്യമന്ത്രിമാർ പാർട്ടി സമ്മേളനങ്ങളിൽ സംബന്ധിക്കാറുണ്ടായിരുന്നെന്നു സിപിഎം പറയുന്നു.ഭരണത്തെക്കുറിച്ചു പാർട്ടിക്കുള്ള അഭിപ്രായങ്ങൾ മുഖ്യമന്ത്രിക്കു നേരിട്ടു കേൾക്കാൻ ഇതു സഹായിക്കുമെന്നാണ് സിപിഎമ്മിന്റെ വാദം.

മുഖ്യമന്ത്രിയും മന്ത്രിമാരും ആഴ്ചയിൽ നാല് അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്നാണു സർക്കാർ അധികാരമേറ്റപ്പോൾ സിപിഎം നിശ്ചയിച്ചത്.എന്നാൽ സമ്മേളനങ്ങൾക്കായി ഇതു മുഖ്യമന്ത്രി മാറ്റുമോ എന്നു സംശയം മുഖ്യമന്ത്രി തന്നെ മാറ്റി. മുൻഗണന പാർട്ടി സമ്മേളനങ്ങൾക്കാണെന്നു സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി തന്നെ വ്യക്തമാക്കിയതോടെ ഭരണത്തെ ബാധിക്കാതിരിക്കാൻ ബദൽ ക്രമീകരണമുണ്ടാക്കാൻ ശ്രമവും തുടങ്ങി. എന്നാൽമന്ത്രിസഭായോഗം പുനഃക്രമീകരിച്ചും സ്‌കൂൾ കലോത്സവം പോലെയുള്ള പ്രധാന പരിപാടികൾ ഒഴിവാക്കിയും വിമർശനം ക്ഷണിച്ചു വരുത്തിയതിനു പിന്നാലെ ദുരന്തനിവാരണനിധി ദുരുപയോഗം ചെയ്തുവെന്ന ആക്ഷേപത്തിനു പിണറായി ഇരയായി.

മുഖ്യമന്ത്രി മാറിനിൽക്കുന്നതു പ്രതിപക്ഷം ആയുധമാക്കുമെന്ന ശങ്ക നേതൃത്വത്തിലുണ്ടായെങ്കിലും ഓഖി ഫണ്ട് ഹെലികോപ്റ്റർ യാത്രയ്ക്കായി ഉപയോഗിച്ചതുപോലെ വിവാദം വന്നുവീഴുമെന്നു ചിന്തിച്ചില്ലായിരുന്നു. യുഡിഎഫിന്റെ കാലത്തു സുനാമി ഫണ്ട് വകമാറ്റിയെന്നു പറഞ്ഞു വൻ പ്രതിഷേധം ഉയർത്തിയ സിപിഎമ്മിന് തൃശൂർ സമ്മേളനത്തിൽ നിന്നു തലസ്ഥാനത്തേക്കു വരാനും തിരിച്ചു സമ്മേളനത്തിൽ പങ്കെടുക്കാനുമായാണു ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത് വലിയ തലവേദനയായപ്പോൾ പാർട്ടി തന്നെ വാടക നൽകി തലയൂരാനാണ് ആലോചന.

ഡിസംബർ 26 നാണു സിപിഎം ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചത്. സമാപിക്കുന്നതു തിരുവനന്തപുരത്തു ഫെബ്രുവരി അഞ്ചിനും. ഇതുവരെ രണ്ടുവീതം ജില്ലാസമ്മേളനങ്ങൾ ഒരേ സമയത്തു നടക്കുന്ന തരത്തിലാണു ക്രമീകരിച്ചിരുന്നതെങ്കിൽ ഇനി ഓരോന്ന് എന്ന നിലയിലാണ്. ആലപ്പുഴയിൽ 13,14,15 തീയതികളിലും എറണാകുളത്ത് 16,17,18 തീയതികളിലുമാണ് ഇനി ജില്ലാസമ്മേളനം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സംബന്ധിക്കും.

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എന്തെങ്കിലും മാറ്റം സെക്രട്ടേറിയറ്റ് വരുത്തുമോയെന്നാണ് ഇനി അറിയാനുള്ളത് എറണാകുളം സമ്മേളനം കഴിഞ്ഞാൽ പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ 18 നു തന്നെ മുഖ്യമന്ത്രി കൊൽക്കത്തയ്ക്കു പോകും. തിരിച്ചുവന്ന് ഏതാനും ദിവസം കഴിഞ്ഞാൽ 26 നു കണ്ണൂർ സമ്മേളനത്തിലേക്ക്. തിരിച്ചെത്തി ഫെബ്രുവരി മൂന്നു മുതൽ തിരുവനന്തപുരം സമ്മേളനത്തിരക്കിലാകും.