തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ എതിർപ്പറിയിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. താരത്തിന്റെ പിതാവ് സുകുമാരനെ കുറിച്ചും മോശം പരാമർശങ്ങൾ നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം സമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരം. അത് ശരിയായ രീതിയിൽ പൃഥ്വിരാജ് പ്രകടിപ്പിച്ചു എന്നുള്ളതാണ്. അതിനോട് അസഹിഷ്ണുത കാണിക്കുന്നത്, അതിനോട് മാത്രമല്ല ഇങ്ങനെ ഉള്ള എല്ലാറ്റിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണല്ലോ സാധാരണ സംഘപരിവാർ സ്വീകരിച്ച് വരാറുള്ളത്.

അതിപ്പോ പൃഥ്വിരാജിന് മേലും കാണിക്കുന്നു എന്ന് മാത്രമേ നമ്മൾ കാണേണ്ടതായിട്ടുള്ളു. ഇതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല. അത്തരം അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെ നമ്മുടെ നാട് നിൽക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ട് വരാൻ സന്നദ്ധരാകുകയാണ് വേണ്ടത്.