- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി ഉണ്ടാവില്ല; പിബി യോഗത്തിന് ശേഷം പിണറായി നേരെ പോയത് ചെന്നൈയിലേക്ക്; പ്രസിഡന്റിന്റെ ആദ്യ ദിന ചടങ്ങുകളിലെ മുഖ്യന്റെ അസാന്നിധ്യത്തിന് കാരണം അപ്പോളയിലെ പതിവ് പരിശോധനകൾ; തിരുവനന്തപുരത്ത് രാഷ്ട്രപതിയെ വരവേൽക്കാൻ മുഖ്യമന്ത്രി എത്തുമെന്ന് സൂചന
കാസർഗോഡ്: നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തുമ്പോൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടാകില്ല. ഇത്തവണത്തെ കേരള സന്ദർശനത്തിൽ കാസർഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി വിവിധ പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കും.
ഉച്ചയ്ക്ക് 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂരിൽ എത്തുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം വിഗോവിന്ദൻ എന്നിവർ ചേർന്നു സ്വീകരിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി ഗോവിന്ദൻ ആകും രാഷ്ട്രപതിയെ അനുഗമിക്കുക. ഡൽഹിയിൽ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി അവിടെ നിന്ന് ചെന്നൈയിലേക്കാണ് പോയത്. ചെന്നൈ അപ്പോളാ ആശുപത്രിയിൽ പതിവ് പരിശോധനകൾക്കാണ് മുഖ്യമന്ത്രി ചെന്നൈയിൽ തങ്ങുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ സ്വീകരണത്തിൽ മുഖ്യമന്ത്രിയുടെ അസാനന്നിധ്യം.
രാഷ്ട്രപതി ഇന്ന് 3.30ന് കാസർഗോഡ് പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയാകും. തുടർന്ന് വൈകുന്നേരം കൊച്ചിയിലേക്ക് തിരിക്കും. നാളെ രാവിലെ 9.50 മുതൽ കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾ വീക്ഷിക്കും. തുടർന്ന് ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. 23 വ്യാഴാഴ്ച രാവിലെ അദ്ദേഹം തിരുവനന്തപുരത്തേക്കു തിരിക്കും. അവിടെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും.
11.30നു പൂജപ്പുരയിൽ നടക്കുന്ന പി.എൻ.പണിക്കരുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. അന്ന് വൈകിട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി 24ന് രാവിലെ ഡൽഹിക്കു മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കാസർഗോഡും കണ്ണൂരും എറണാകുളത്തും തിരുവനന്തപുരത്തും കനത്ത സുരക്ഷയാണ് ഏർപ്പാടാക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ നാളായി സ്ഥിരം ചികിൽസിക്കുന്നത് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ്. എല്ലാ വർഷവും ചികിൽസയുടെ ഭാഗമായുള്ള പതിവ് പരിശോധനകൾക്ക് മുഖ്യമന്ത്രി ചെന്നൈയിൽ എത്താറുണ്ട്. അത്തരത്തിലെ പരിശോധനകൾക്ക് വേണ്ടിയാണ് ഇപ്പോൾ അദ്ദേഹം ചെന്നൈയിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ