ചെന്നൈ: ആരോഗ്യ രംഗത്ത് കേരളമാണ് നമ്പർ വൺ എന്നാണ് രാഷ്ട്രീയ നേതാക്കൾ പറയുന്നത്. എന്നാൽ, സ്വന്തം കാര്യം വരുമ്പോൾ അവർ കേരളത്തിലെ സർക്കാർ ആശുപത്രികളെയും മറ്റ് സംവിധാനങ്ങളെയെല്ലാം മറക്കും. ചികിത്സക്കായി വിദേശത്തേക്ക് ചിലർ പറക്കുമ്പോൾ മറ്റുചിലരുടെ ശൈലി കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലെ ആശുപത്രിയിൽ പോകുക എന്നതാണ്. അടുത്തിടെ പുറത്തുവന്ന രാഷ്ട്രീയക്കാരുടെ മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ് ബില്ലുകളും ഇത്തരമൊരു വിവാദം ഉയർത്തിയിരുന്നു.

ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടി പോയതും സോഷ്യൽ മീഡിയയിൽ ഓഡിറ്റിംഗിന് വിധേയമായി. കേരളത്തിൽ തന്നെ മികച്ച ആശുപത്രികൾ ഉണ്ടായിട്ടും ഇടയ്ക്കിടെ പിണറായി എന്തിനാണ് അപ്പോളോയിൽ ചികിത്സക്ക് പോകുന്നതെന്ന ചോദ്യമാണ് ഇന്നലെ സോഷ്യൽ മീഡിയ ഉയർത്തിയത്. അപ്പോളോ ആശുപത്രിയിൽ പരിശോധനകൾക്കായെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കേരളത്തിലേക്കു മടങ്ങും.

ഇന്നലെ വൈകിട്ട് ആശുപത്രി വിട്ട അദ്ദേഹം ചെപ്പോക്കിലെ സർക്കാർ അതിഥിമന്ദിരത്തിലേക്കു മാറി. ഇന്ന് ആശുപത്രിയിലെത്തി ചില പരിശോധനകൾ കൂടി പൂർത്തിയാക്കിയ ശേഷം വൈകിട്ടാകും കേരളത്തിലേക്കു മടങ്ങുക. മൂന്നു മാസത്തിലൊരിക്കൽ മുഖ്യമന്ത്രിയും ഭാര്യ കമലയും പരിശോധനയ്ക്കായി അപ്പോളോയിൽ എത്താറുണ്ടെന്നും അസാധാരണമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പതിവു പരിശോധന മാത്രമാണെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലും അറിയിച്ചു. അതേസമയം, നടൻ കമൽ ഹാസൻ അതിഥിമന്ദിരത്തിൽ പിണറായിയെ സന്ദർശിച്ചു.

വെള്ളിയാഴ്ച സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തശേഷം മലപ്പുറത്തുനിന്നു കൊച്ചിയിലെത്തിയ മുഖ്യമന്ത്രിരാത്രി വിമാനത്തിൽ ചെന്നൈയിലെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30-ഓടെയാണ് മുഖ്യമന്ത്രിയെ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച തേനാംപേട്ടുള്ള സ്പെഷാലിറ്റി ആശുപത്രിയിലെ പരിശോധനകൾക്കുശേഷം വീണ്ടും ഗ്രീംസ് റോഡിലുള്ള ആശുപത്രിയിലേക്കുപോയി. വൈകീട്ടോടെ ആശുപത്രിവിട്ട മുഖ്യമന്ത്രി ഞായറാഴ്ച രാവിലെ ചില പരിശോധനകൾകൂടി പൂർത്തിയാക്കി. പൊതുവായ ആരോഗ്യപരിശോധനയും രക്തത്തിൽ പ്ലേറ്റ്ലറ്റുകൾ കുറയുന്നതുമായി ബന്ധപ്പെട്ട പരിശോധനകളും നടത്തിയെന്നാണ് ആശുപത്രിയിൽനിന്ന് ലഭിച്ച വിവരം.

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ് പിണറായി വിജയനെ തമിഴ്‌നാട് സർക്കാർ ഗസ്റ്റ്ഹൗസിൽ സന്ദർശിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണെന്നാണ് അറിയുന്നത്. രാഷ്ട്രീയസംബന്ധിയായ സംശയങ്ങൾ ദൂരീകരിക്കുന്നതിന് പിണറായി വിജയന്റെ ഉപദേശംേതടാറുണ്ടെന്ന് കമൽഹാസൻ മുമ്പ് വ്യക്തമാക്കിയിരുന്നു.