- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറൈൻ ഡ്രൈവിൽ പൊലീസ് പിന്തുണയോടെ വർഗീയവാദികൾ അഴിഞ്ഞാടി; ചുംബന സമരത്തെ ന്യായീകരിച്ച് പിണറായി വിജയൻ ഫേസ്ബുക്കിൽ
തിരുവനന്തപുരം: കൊച്ചയിൽ നടന്ന ചുംബന സമരത്തെ ന്യായീകരിച്ചു പൊലീസിനെ വിമർശിച്ചും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധം നടത്താൻ അവസരം ഒരുക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്‌ച്ചയാണെന്ന് പിണറായി ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു. സദാചാര പൊലീസിങ് അനുവദിക്കാൻ സാധിക്കില്ലെന്നും പിണറായി പറഞ്ഞു.
തിരുവനന്തപുരം: കൊച്ചയിൽ നടന്ന ചുംബന സമരത്തെ ന്യായീകരിച്ചു പൊലീസിനെ വിമർശിച്ചും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധം നടത്താൻ അവസരം ഒരുക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്‌ച്ചയാണെന്ന് പിണറായി ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു. സദാചാര പൊലീസിങ് അനുവദിക്കാൻ സാധിക്കില്ലെന്നും പിണറായി പറഞ്ഞു.
പിണറായിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടേ:
പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യപരമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. കൊച്ചി മറൈൻഡ്രൈവിൽ കഴിഞ്ഞദിവസം നടന്ന പ്രതിഷേധം കോഴിക്കോട്ടെ ഒരു റസ്റ്റോറന്റി്‌നുനേരെ ഉണ്ടായ സദാചാര പൊലീസ് അക്രമത്തിനെതിരെയാണ് എന്ന് പ്രഖ്യാപിച്ചാണ് ചിലർ സംഘടിപ്പിച്ചത്.
സാധാരണയിൽ നിന്ന് വ്യത്യസ്തമായ പ്രതിഷേധ രീതികളാകുമ്പോൾ യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഉണ്ടാകാം.
അങ്ങനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യവും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, അതിശയകരമായ ഇരട്ടത്താപ്പാണ് ആ സമരത്തോടും അതിൽ എതിർപ്പുയർത്തിയവരോടും സംസ്ഥാന സർക്കാർ സ്വീകരിച്ചത്.
തടയാൻ എത്തിയവരുടെ ആക്രമണമാണ് മറൈൻ ഡ്രൈവിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്; പൊലീസ് പലപ്രാവശ്യം ലാത്തിവീശുകയും പെപ്പർ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു; ലാത്തിച്ചാർജിൽ മാദ്ധ്യമപ്രവർത്തകരടക്കം നൂറോളം പേര്ക്ക് പരിക്കേറ്റു എന്നാണ് വാർത്ത. സമരം തകർക്കാൻ ആയുധവുമായി വിദ്വേഷ മുദ്രാവാക്യങ്ങളുയർത്തി എത്തിയവരെയാണ് പൊലീസ് അവിടെ സംരക്ഷിച്ചത്.
പൊലീസ് സംഘത്തിന്റെ സർവ്വവിധ പിന്തുണയോടെയുമാണ് വർഗീയവാദികൾ ഉൾപ്പെടെയുള്ളവർ ആക്രോശപ്രകടനം നടത്തിയത്. പ്രതിഷേധക്കാരെ സംരക്ഷിക്കാനാണ് ഇതെല്ലാം ചെയ്തത് എന്ന ന്യായീകരണം പരിഹാസ്യമാണ്. ഏത് തലത്തിൽ ഉണ്ടാക്കിയ ധാരണയുടെ ബലത്തിലാണ് ഈ സമീപനമെന്ന് സംസ്ഥാന ഗവൺമെന്റ് വ്യക്തമാക്കണം. പ്രാദേശികമായോ സംസ്ഥാനതലത്തിലോ കേന്ദ്ര തലത്തിലോ വർഗീയശക്തികളുമായി അത്തരമൊരു ധാരണയിലെത്തിയിട്ടുണ്ടോ എങ്കിൽ എന്താണ് ആ ധാരണ?
ജനങ്ങളുടെ സ്വൈര ജീവിതത്തെ ആക്രമിക്കാൻ ഒരു സദാചാര പൊലീസിനെയും അനുവദിക്കാനാവില്ല. പൊലീസും നിയമ സംവിധാനവും സ്വതന്ത്രമായും നിർഭയമായും പ്രവർത്തിച്ചാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ല. ഇപ്പോൾ പൊലീസിനെ സമാധാന ഭഞ്ജകരുടെ സംരക്ഷണത്തിനാണ് നിയോഗിക്കുന്നത്. ഇത് കേരളത്തിന് അപമാനകരവും അപകടകരവുമാണ്.