- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നാണമില്ലേ സഖാവെ ഇങ്ങനെ പച്ചക്ക് വർഗീയത പറയാൻ'; കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്ന പിണറായിയുടെ പോസ്റ്റിന് പൊങ്കാല; ഇത്തരം നിലപാടുകളാണ് വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്നതെന്നും വിമർശനം; തദ്ദേശത്തിലെ വിജയത്തിളക്കത്തിന് ഇടയിലും പി ആർ ടീം മുഖ്യമന്ത്രിയെ കുടുക്കുന്നത് ഇങ്ങനെ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തകർപ്പൻ പ്രകടനത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനം. 'കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?' എന്ന് ചോദിച്ച് പിണറായിയുടെ പേരിൽ വന്ന പോസ്റ്റാണ് വൻ പ്രതിഷേധം ഉയർത്തുന്നത്. സംഘപരിവാർ ഉന്നയിക്കുന്നതുപോലുള്ള ചീപ്പ് വർഗീയ കാർഡായിപ്പോയി ഇതെന്നും, മുസ്ലിം ലീഗിന് മറ്റ് എന്ത് കുഴപ്പങ്ങൾ ഉണ്ടെങ്കിലും കോൺഗ്രസിന്റെ നേതാവിനെ നിശ്ചയിക്കുന്ന രീതിയില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. 'നാണമില്ലേ സഖാവെ ഇങ്ങനെ പച്ചക്ക് വർഗീയത പറയാൻ', തുടങ്ങിയ കമന്റുകൾ പോസ്റ്റിനു താഴെയുണ്ട്. ഇതുപോലെ സോഷ്യൽ മീഡിയയുടെ പൊങ്കല മുഖ്യമന്ത്രിക്ക് കിട്ടുന്നത് വളരെ അപുർവമാണ്.
നിങ്ങളുടെ പിആർ ടീം അടിച്ചുവിടുന്ന ആശയങ്ങൾ വായിച്ചു നോക്കാറില്ലേ എന്നും പിലരും ചോദിക്കുന്നുണ്ട്. മിത ഭാഷിയായ പിണറായിയെ വീണ്ടും പി ആർ ടീം കുഴപ്പത്തിൽ ചാടിച്ചിരിക്കയാണെന്നാണ് ഉയരുന്ന വിമർശനം. വിടി ബൽറാവും വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള നേതാക്കൾ മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്
ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദ്ദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യുഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?
ഈ തെരഞ്ഞടുപ്പിനു മുൻപ് തന്നെ ഇത്തരം സൂചനകൾ പുറത്തു വന്നിരുന്നു. അതിന് ഇപ്പോൾ ആക്കം കൂടിയിരിക്കുന്നു. കോൺഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോൺഗ്രസിനെക്കൊണ്ട് മതവർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോൺഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള വർഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരിൽ ദുർഗന്ധപൂരിതമായ ചർച്ചകളാണ് ആ മുന്നണിയിൽ നിന്ന് പുറത്തുവരുന്നത്. അതിന്റെ തുടർച്ചയായി സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാർത്ത. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ്സ് ദുർബലപ്പെട്ടു എന്ന് തെളിയിക്കുന്ന അവസ്ഥയാണിത്.
നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യു ഡി എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫിൽനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാനാവുക.
പ്രസ്താവന ഭൂരിപക്ഷ പ്രീണനത്തിനെന്ന് കുഞ്ഞാലിക്കുട്ടി
കോൺഗ്രസിന്റെ കാര്യത്തിൽ ലീഗ് ഇടപെടുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭൂരിപക്ഷ പ്രീണനത്തിനാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ഭാവനയിൽ ഓരോന്ന് കണ്ട് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.'മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നിലവാരം കുറഞ്ഞതായി പോയി. ലീഗ് ഇതുവരെ കോൺഗ്രസിന്റെ കാര്യത്തിൽ ഇടപെട്ടിട്ടില്ല. മറ്റ് പാർട്ടികളുടെ കാര്യത്തിൽ ഇടപെടുന്ന പരിപാടി ഞങ്ങൾക്കില്ല', കുഞ്ഞാലിക്കുട്ടി പറഞ്ഞു.തെരഞ്ഞെടുപ്പ് വിജയത്തിൽ എൽ.ഡി.എഫും സിപിഐ.എമ്മും ഒരുപാട് അഹങ്കരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ വി ടി ബൽറാം എംഎൽഎയും പ്രതികരിച്ചു. കേരളത്തിലെ ആഭ്യന്തര വകുപ്പിൽ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് ആദ്യം മാറ്റമുണ്ടാക്കാൻ നോക്ക് സാറേ... എന്നായിരുന്ന ബൽറാമിന്റെ പ്രതികരണം.
വി ഡി സതീശന്റെ പ്രതികരണം ഇങ്ങനെയാണ്. 'കോൺഗ്രസ്സിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.കോൺഗ്രസ്സിലെ കാര്യങ്ങളിൽ ആരെങ്കിലും അനാവശ്യമായി ഇടപെട്ടാൽ ചോദിക്കാൻ നല്ല ചുണയുള്ളവർ ഞങ്ങളുടെ പാർട്ടിയിലുണ്ട്.
കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ? ഇത്ര പച്ചക്ക് വർഗ്ഗീയത പറയരുത്. കോൺഗ്രസ്സിനെ മോശമാക്കി ശബരിമലയിൽ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള ഓരോരോ മാർഗ്ഗങ്ങൾ ! ഇത് കേരളമാണ്.'- സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
മറുനാടന് ഡെസ്ക്