- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപിക്കെതിരെ സ്റ്റാലിന്റെ 'കുലംകുത്തി'യെ പുറത്തെടുത്തു; ബിഷപ്പിനെതിരെ നികൃഷ്ടജീവി; തിരുകേശ വിവാദത്തിൽ ബോഡി വേസ്റ്റ്; കോൺ്രഗസ് ബിജെപി ബന്ധത്തിന് ഒക്കച്ചങ്ങായി; കെ റെയിലിൽ പിപ്പിടി വിദ്യ; പരനാറിയും കടക്ക്പുറത്തും തൊട്ട് അതുക്കുംമേലെ വരെ; പിണറായി ഡിക്ഷനറി ചർച്ചയാവുമ്പോൾ
കണ്ണൂർ: ''പൊലീസ് മർദനത്തിന് എതിരെയായോ, ആർഎസ്എസ്- മുസ്ലിം ലീഗ് അക്രമത്തിന് എതിരായോ ഉള്ള പ്രതിഷേധ യോഗങ്ങളിലെ സ്ഥിരം പ്രാംസംഗികനയായിരുന്നു അക്കാലത്ത് പിണറായി വിജയൻ. പ്രതിഷേധയോഗങ്ങളുടെ ഒരുഘട്ടം കഴിയുമ്പോൾ പിന്നെ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് തീ വരുന്നതുപോലെ തോന്നും'- എഴുപതുകളിലെ ബ്രണ്ണൻ കോളജ് കാലം അനുസ്മരിച്ച് പിണറായിയുടെ അതേ കോളജിൽ പഠിച്ച മുൻ മന്ത്രി എ കെ ബാലൻ ഒരിക്കൽ പറഞ്ഞതാണിത്. വാക്കുകൾകൊണ്ട് അമ്മാനമാടുന്ന, ഒരു വാഗ്മിയൊന്നുമല്ല, ഇന്ന് കേരളമാ മുഖ്യമന്ത്രിയായ പിണറായി വിജയൻ. എന്നാൽ ഭാവത്തിലൂടെ ചില പ്രയോഗങ്ങളിലുടെ കേൾവിക്കാരെ പിടിച്ചിരുത്താനും, തേച്ചാലും കുളിച്ചാലും പോവാത്ത കേടുപാടുകൾ എതിരാളികൾക്ക് ഉണ്ടാക്കാനും അദ്ദേഹത്തിന്റെ വാക്കുകൾക്ക് കഴിയും.
അടിയന്തരാവസ്ഥക്കാലത്തെ കൊടിയ പൊലീസ് മർദനങ്ങൾ ചൂണ്ടിക്കാട്ടാനായി തന്റെ രക്തം പുരണ്ട ഷർട്ട് പൊക്കിക്കാട്ടി പിണറായി നടത്തിയ ഒരു ക്ലാസിക്ക് പ്രസംഗമുണ്ട്. സഭ സ്തംഭിച്ചിരുന്ന് കേട്ട നിമിഷം. അതുപോലെ തന്നെ അടിയന്തരാവസ്ഥയിൽ അതിക്രമം കാട്ടിയ പൊലീസുകാരുടെ പേര് പരസ്യമായി എടുത്തുപറഞ്ഞുകൊണ്ട് ഇവരെ തല്ലാൻ ആഹ്വാനം ചെയ്തുകൊണ്ടും പിണറായി അക്കാലത്ത് സംസാരിച്ചിരുന്നു.
സിപിഎമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിന്, പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂർ വേദിയാവുമ്പോൾ താരമാവുന്നത്, കേരളാ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ തന്നെയാണ്. കാരണം കേരളത്തിൽ മാത്രമാണ് സിപിഎം അധികാരത്തിൽ ഉള്ളത് എന്നത് മാത്രമല്ല, ഇന്ത്യയിൽ മറ്റെവിടെയും തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശുപോലും കിട്ടാത്ത രീതിയിൽ പാർട്ടി തകർന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റുകൾക്ക് ഇന്ന് ഇന്ത്യയിൽ മാത്രമല്ല, കോവിഡ് പ്രതിരോധത്തിന്റെ പേരിലൊക്കെ സൗത്ത് ഏഷ്യയിൽനിന്നുതന്നെ മുന്നോട്ടുവെക്കാനുള്ള ഒരു ഷുവർ ബ്രാൻഡാണ് പിണറായി. ശക്തവും മൂർച്ചയേറിയതുമായ പദപ്രയോഗങ്ങൾ അവസരോചിതമായി ഉപയോഗിക്കാൻ കഴിവുള്ള നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ ചില ഭാഷാപ്രയോഗങ്ങൾ, ഈ പാർട്ടികോൺഗ്രസ് കാലത്തും ട്രെൻഡിങ്ങ് ആണ്.
'എടോ ഗോപാലകൃഷ്ണാ'
മാധ്യമങ്ങളും പിണറായി വിജയനും തമ്മിൽ ഏറ്റുമുട്ടൽ രുക്ഷമായ അദ്ദേഹം പാർട്ടി സെക്രട്ടറിയേറ്റ് ആയ ശേഷമാണ്. മാധ്യമ സിൻഡിക്കേറ്റ് എന്ന വാക്കുന്നതെന്നെ പ്രചാരത്തിൽ കൊണ്ടുവന്നത് പിണറായിയാണ്. സിപിഎം വിഭാഗീയതയുടെ കാലത്ത് മാധ്യമ സിൻഡിക്കേറ്റ് എന്നു പറഞ്ഞാണ് അദ്ദേഹം പ്രതിരോധം ഉയർത്തിയത്. ഈ സമയത്താണ് മാതൃഭൂമി പത്രവും സിപിഎമ്മിനെ നിശിതമായി വിമർശിക്കാൻ തുടങ്ങിയത്. എഡിറ്റർ, കെ ഗോപാലകൃഷ്ണൻ 'കത്തിയിലുടെ വളർന്നുവന്ന നേതാവാണ് പിണറായി' എന്ന് തന്റെ കോളത്തിൽ എഴുതിയത് വലിയ വിവാദമായി. 'എടോ ഗോപാലകൃഷ്ണാ കാത്തികണ്ടാൽ പേടിക്കുന്നവനല്ല,' എന്ന് പറഞ്ഞായിരുന്നു പിണറായി വിജയൻ ഒരു പൊതുയോഗത്തിൽ ആഞ്ഞടിച്ചത്. ഇതോടെ മാതൃഭൂമി ഓഫീസിനുമുന്നിൽപൊലീസ് സംരക്ഷണം ഏർപ്പെടുത്തേണ്ടിവന്നു.
അതുപോലെ രണ്ടാം മാറാട് കലാപത്തിന്ശേഷം അവിടം സന്ദർശിച്ച സിപിഎം സംഘത്തെ ബിജെപിയുടെയും അരയസമുദായത്തിന്റെയും നേതൃത്വത്തിൽ ചിലർ തടയുകയുണ്ടായി. 'ഞങ്ങൾ ഇവിടെ ആർഎസ്എസിന്റെ ശാഖ പ്രവർത്തിക്കുന്നുണ്ടോയെന്ന് അറയാൻ വന്നതല്ല, കൊല്ലപ്പെട്ടവരെ ആശ്വസിപ്പിക്കാൻ വന്നതാണ്' എന്നതായിരുന്നു പിണറായിയുടെ മറുപടി.
ടി.പി ചന്ദ്രശേഖരൻ അടക്കമുള്ളവരെക്കുറിച്ച് 'കുലം കുത്തികൾ എന്നും കുലം കുത്തികൾ തന്നെ' എന്നു പിണറായി പറഞ്ഞത് പിൽക്കാല കേരള രാഷ്ട്രീയത്തിലെ ട്രെൻഡിങ്ങ് പദമായി മാറി. സത്യത്തിൽ ഇത് സോവിയറ്റ് റഷ്യയിൽ ജോസഫ് സ്റ്റാലിൻ ഉപയോഗിച്ച വാക്കായിരുന്നു. തന്റെ എതിരാളികളെ കുലംകുത്തികൾ എന്നായിരുന്നു സ്റ്റാലിൻ നിരന്തരം വിളിച്ചിരുന്നത്്. കേരളത്തിലും പിണറായിയുടെ പ്രയോഗത്തിന്ശേഷം, ആവശ്യത്തിനും അനാവശ്യത്തിനും കുലംകുത്തി നിരന്തരമായി ഉപയോഗിക്കപ്പെട്ടു. അക്കാലത്ത് വിഭാഗീയതയുടെ കേന്ദ്ര ബിന്ദുവായിരുന്ന വി എസ്സിനെകൂടി കൊള്ളിച്ചായിരുന്നു ആ പ്രയോഗം.
ബോഡിവേസ്റ്റ് തൊട്ട് നികൃഷ്ട ജീവി വരെ
അതുപോലെ തന്നെ പിണറായിയുടെ മറ്റൊരു കിടിലം കൊള്ളിച്ച പ്രയോഗമായിരുന്നു ബോഡി വേസ്റ്റ് എന്നത്. തിരുകേശവിവാദം കത്തിനിൽക്കുന്ന സമയത്താണ്, ഒരു മാധ്യമ പ്രവർത്തകൻ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ചോദിക്കുന്നത്. മുടിയായാലും നഖം ആയാലും ശരീരത്തിൽനിന്ന് മുറിച്ച് മാറ്റിയാൽ അത് വെറും ബോഡിവേസ്റ്റ് മാത്രമാണെന്നായിരുന്നു പിണറായിയുടെ എടുത്തടിച്ചപോലെയുള്ള പ്രതികരണം. ഇതോടെ അടുത്ത തെരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും പിന്നീടുള്ള ചരിത്രം.
സിപിഎം കോട്ടയം സമ്മേളത്തിന്റെ സമാപാന ചടങ്ങിൽ ഇത് 'ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല' എന്ന് മദ്യപിച്ചെത്തിയ പ്രവർത്തകരെ പരസ്യമായ ശാസിക്കാൻ പിണറായിക്കാല്ലാതെ മറ്റാർക്ക് സാധിക്കും. അക്കാലത്തെ പിണറായിയുടെ ഡൽഹി കേരളാ ഹൗസിലെ ഒരു പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. നടൻ മമ്മൂട്ടിക്ക് മൂന്നാറിൽ ഭൂമിയുണ്ടെന്നൊക്കെ മുദ്രാവാക്യം വിളിച്ച കേരളാഹൗസിലെ ഒരു വി എസ് അനുകൂലിയെ അദ്ദേഹം കൈയോടെ പിടികൂടി. കോണി കയറി മുകളിലേക്ക് പോയിടത്തുന്നിന്ന് താഴോട്ട് ഇറങ്ങി വന്ന് 'താനെല്ലോ മമ്മൂട്ടിക്ക് മൂന്നാറിൽ ഭുമിയുണ്ടെന്ന് പറഞ്ഞത്' എന്ന് ചോദിച്ച് അയാളെ കൈയോടെ പൊക്കി. മമ്മൂട്ടിക്ക് മൂന്നാറിൽ ഭൂമിയില്ലെന്ന് പിന്നീട് തെളിഞ്ഞു.
വിഭാഗീയത രൂക്ഷമായ ഒരു സമ്മേളനക്കാലത്ത് ബക്കറ്റിന്റെയും വെള്ളത്തിന്റെ പിണറായി പറഞ്ഞ കഥയും ഏറെ ചർച്ചയായി. സമുദ്രത്തോട് ചേർന്ന് നിൽക്കുമ്പോഴേ വെള്ളത്തിന് കരുത്തുള്ളൂവെന്നും, ബക്കറ്റിലെ വെള്ളം വെറും പാഴാണെന്നുമായിരുന്നു വിഎസിനെ സൂചിപ്പിച്ചുകൊണ്ടുള്ള കുത്ത്. ഇത് കെ.ടി ജലീൽ സ്ഥിരമായ ഉദ്ധരിക്കുന്ന ഒരു ഉറുദു പ്രസംഗം ആയിരുന്നു. 'എല്ലാം പൊറുക്കുന്ന അമ്മയെപ്പോലെയാണ് പാർട്ടിയെന്നും,' 'വിരട്ടലും വിലപേശലും ഈ പാർട്ടിയോട് വേണ്ട' എന്നും'മൊക്കെ പറഞ്ഞ് അദ്ദേഹം പാർട്ടി സെക്രട്ടറിയായപ്പോൾ വിവാദങ്ങളിൽ നിറഞ്ഞു നിന്നു.
രാഷ്ട്രീയനിലപാടുമായി യോജിക്കാൻ പറ്റില്ലെന്നും പറഞ്ഞ് പാർട്ടി വിട്ടുപോയ എൻ.കെ പ്രേമചന്ദ്രനെ ഉന്നം വെച്ചുകൊണ്ട് നടത്തിയ 'പരനാറി' പ്രയോഗവും പിണറായിയുടേതായ അക്കൗണ്ടിലുള്ളതാണ്. പ്രേമചന്ദ്രന് വലിയ രാഷ്ട്രീയ മൈലേജാണ് ഈ പ്രയോഗം ഉണ്ടാക്കിക്കൊടുത്തത്. എന്നാൽ പിണറായി ആവട്ടെ ഇത് തിരുത്താനും കൂട്ടാക്കിയില്ല. പ്രേമചന്ദ്രൻ ജയിച്ചപ്പോഴും തെരഞ്ഞെടുപ്പ് ജയിച്ചിവരിൽ എല്ലാവരും യോഗ്യന്മാർ മാത്രമല്ല എന്നും പ്രതകിരിച്ചത്.
'നികൃഷ്ടജീവി' എന്ന പ്രയോഗം താമരശ്ശേരി ബിഷപ്പിനുനേർക്ക് തൊടുത്തുവിട്ടതാണ്. 2007-ൽ തിരുനമ്പാടി എംഎൽഎ മത്തായി ചാക്കോയുടെ മരണവും അന്ത്യകൂദാശാവിവാദവുമായി ബന്ധപ്പെട്ടാണ് പിണറായി നികൃഷ്ടജീവി പ്രയോഗം നടത്തിയത്. പക്ഷേ ഈ പ്രയോഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും പിന്നീട് തെളിഞ്ഞു. കാരണം മത്തായിചാക്കോ അന്ത്യകുദാശ എടുത്തുവെന്നും, രോഗീലേപനം സ്വീകരിച്ചുവെന്നുമുള്ള പച്ച നുണയാണ് താമരശ്ശേരി ബിഷപ്പ് പരസ്യമായി തട്ടിവിട്ടത്. ഇതിനെ പരാമർശിച്ച്, 'സത്യം മാത്രം പറയുമെന്ന് നാം കരുതുന്ന ഒരു മാന്യൻ ഈ രീതിയിൽ നുണപറയുകയാണെങ്കിൽ എന്തുമാത്രം നികൃഷ്ട ജീവിയായിരിക്കും അയാൾ' എന്നാണ് പിണറായി ചോദിച്ചത്. അല്ലാതെ വെറുതെ ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിക്കയായിരുന്നില്ല.
ഒക്കച്ചങ്ങായി മുതൽ അതുക്കും മേലെ വരെ
പറഞ്ഞവാക്കുകൾ ഒരിക്കലും പറഞ്ഞില്ലെന്ന് പറയുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യാത്ത നേതാവാണ് പിണറായി. 2017 ജൂലൈ മുപ്പത്തിയൊന്നിന് മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' എന്നു പറയുക വഴി പിണറായി വീണ്ടും വിവാദ പുരുഷനായി. കടക്ക് പുറത്ത് സാമൂഹിക മാധ്യമങ്ങളിൽ പറന്നു നടന്നു. അവസരോചിതമായും അല്ലാതെയും അർഥം നോക്കിയും നോക്കാതെയും ആളുകൾ ഏറ്റെടുത്ത് പ്രയോഗിച്ചു. സംസ്ഥാനത്ത് നടന്ന രാഷ്ട്രീയസംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി.- ആ.ർഎസ്എസ്. പ്രവർത്തകരുമായി സമാധാന ചർച്ചയ്‌ക്കെത്തിയപ്പോഴായിരുന്നു റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് മുഖ്യമന്ത്രി കടക്ക് പുറത്ത് എന്നു പറഞ്ഞത്.
2018 നവംബർ ഇരുപതിന് ശബരിമല വിഷയത്തിൽ കോൺഗ്രസ് പാർട്ടിയുടെ നിലപാടിനെ പിണറായി ട്രോളിയത് ഒക്കച്ചങ്ങായി എന്ന പ്രാദേശിക പ്രയോഗത്തിലൂടെയായിരുന്നു. കോൺഗ്രസ്സുകാര് ബിജെപിയുടെ ഒക്കച്ചങ്ങായി ആയി നടക്കുകയാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഒക്കച്ചങ്ങായി എന്നത് ഉത്തരകേരളത്തിൽ കല്യാണച്ചടങ്ങുമായി ബന്ധപ്പെട്ട പദമാണ്. തലശ്ശേരി, പാനൂർ പ്രദേശങ്ങളിൽ വിവാഹത്തിനുപോകുമ്പോൾ വരനൊപ്പം അനുഗമിക്കുന്ന ഒരു ഉറ്റ സുഹൃത്തുകൂടി ഉണ്ടാവും. മറ്റു സുഹൃത്തുക്കളെക്കാൾ കൂടുതൽ സ്വാതന്ത്ര്യവും അധികാരവും ഒക്കച്ചങ്ങായിക്കുള്ളതാണ്. വരന്റെ മുഖത്ത് പൗഡറിടാനും ഒരുക്കാനും കൂടെയിരുന്ന് ഭക്ഷണം കഴിക്കാനുമെല്ലാം ഒക്കച്ചങ്ങായിയാണ് ഉണ്ടാവുക. ശബരിമലവിഷയത്തിൽ ബിജെപിയുടെ ഒക്കച്ചങ്ങായിയാണ് കോൺഗ്രസ് എന്നു പ്രസ്താവിച്ചതിലൂടെ കേരളത്തിലെ കക്ഷിരാഷ്ടീയത്തിന്റെ അന്തർധാരയെയാണ് മുഖ്യമന്ത്രി പരിഹസിച്ചുകാട്ടിയത്.
2022 മാർച്ച് ഇരുപത്തിയൊന്നിനാണ് കണ്ണൂരിലെ പാനൂരിൽ നടന്ന പൊതുയോഗത്തിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രി പിപ്പിടി വിദ്യയിലേക്കെത്തിയത്. പിപ്പിടി വിദ്യ എന്നതിന്റെ അർഥം പേപ്പിടി എന്നാണ്. പേപ്പിടി എന്നാൽ ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക എന്നൊക്കെയാണ് മലയാളം ലെക്‌സിക്കൻ വോള്യം എട്ട് പേജ് 845-ൽ വിശദമാക്കിയിരിക്കുന്നത്. ഭയപ്പെടുത്താനായി പറഞ്ഞുകൂട്ടുന്ന പൊയ്വാക്കുകളെയാണ് പിപ്പിടി വാക്കുകൾ എന്നു പറയുന്നത്. കെ.റെയിലിന്റെ പേരും പറഞ്ഞ് കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ പിപ്പിടിവിദ്യ തന്റെയടുക്കൽ ചെലവാകില്ലെന്നാണ് പിണറായി അർഥമാക്കിയിരിക്കുന്നത്.
അതുക്കും മേലെ എന്ന പ്രയോഗമാണ് ഏറ്റവും ഒടുവിലായി പിണറായി തൊടുത്തുവിട്ടിരിക്കുന്നത്. നമ്മൾ മലയാളമാക്കി സ്വന്തമാക്കിക്കളഞ്ഞ തമിഴ് വാക്കാണ് അതുക്കും മേലെ എന്നത്. അതിനും മീതെ എന്നാണ് അർഥം. അതിനും മീതെ എന്നു പറയുമ്പോൾ മുമ്പേ എന്തോ ഒന്ന് നിലനിൽക്കുന്നുണ്ട്. അപ്പോൾ ഇനിപ്പറയുന്ന കാര്യങ്ങൾ അതിനും മീതെയാണ്. ഷങ്കർ സംവിധാനം ചെയ്ത, തമിഴ് സിനിമാ ചരിത്രത്തിലെ വൻഹിറ്റുകളിലൊന്നായ 'ഐ' എന്ന സിനിമയിൽ വിക്രമിന്റെ നായകകഥാപാത്രമാണ് ആദ്യമായി 'അതുക്കും മേലെ' എന്ന ഡയലോഗ് അനശ്വരമാക്കുന്നത്.
പിണറായിയുടെ വാക്കുകൾ അർബൻ ഡിക്ഷനറിയിലടക്കം പലതവണ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്നത് മറ്റൊരു കാര്യം കൂടിയാണ്. പിണറായി അല്ലായെ മറ്റൊരു ക്രൗഡ് പുള്ളർ ഇനി സിപിഎമ്മിന് ഇല്ല എന്നതുതന്നെ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ