തിരുവനന്തപുരം: മഹാരാഷ്ട്രയിലെ കർഷകർ പൊരുതി നേടിയ വിജയത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണരൂപം:

'അഭിനന്ദനങ്ങൾ..അഭിവാദ്യങ്ങൾ....സാമ്രാജ്യത്വത്തിനും വൈദേശികാധിപത്യങ്ങൾക്കും നേരെ ധീരമായി പൊരുതിയ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ജാതിമതഭേദമന്യെ കർഷകരും, തൊഴിലാളികളും, ആദിവാസികളും, സാധാരണക്കാരും എല്ലാം ആ സമരത്തിൽ ഇന്ത്യയെന്ന ആശയത്തിനായി അണിനിരന്നു. ആ പാരമ്പര്യത്തിന്റെ ഭാഗമാകാതെ, ചരിത്രപരമായി തന്നെ സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ടു നിൽക്കുന്ന കൂട്ടരാണ് ജനകീയസമരങ്ങളെയും പ്രക്ഷോഭങ്ങളെയും ചെറുത്തുനില്പുകളെയും തള്ളിപ്പറയുന്നത്. ഇക്കൂട്ടർ തന്നെയാണ് സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ടു കൊണ്ട് ജനങ്ങൾക്ക് മേൽ അശാസ്ത്രീയമായ സാമ്പത്തികനയങ്ങൾ അടിച്ചെല്പിക്കുവാൻ ശ്രമിക്കുന്നത്.

നവഉദാരസാമ്പത്തികനയങ്ങൾ നടപ്പിലാക്കിക്കൊണ്ട് സാമ്രാജ്യത്വവിരുദ്ധമായ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ തള്ളിക്കളയാൻ ശ്രമിക്കുന്ന സർക്കാരുകൾക്കെതിരെ സ്വാഭാവികമായുമുണ്ടാകുന്ന പ്രതിഷേധമാണ് മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്നത്. സമരത്തിൽ പങ്കെടുക്കുവാൻ ഇരുന്നൂറോളം കിലോമീറ്ററുകൾ താണ്ടി മുംബൈയിലെത്തിയ ഒരു ലക്ഷത്തോളം കർഷകർക്കും ആദിവാസികൾക്കും ജാതി-മത-ദേശ ഭേദമന്യെ മുംബൈ ജനത വലിയ പിന്തുണ നൽകിയത് ആവേശകരമാണ്.

കാർഷിക-ചില്ലറമേഖലയിൽ നൂറ് ശതമാനം പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചത് മുതൽ കർഷകരുടെ അനുമതിയില്ലാതെ അവരുടെ ഭൂമി പിടിച്ചെടുക്കുന്നത് നിയമവിധേയമാക്കിയതുവരെ ബിജെപി നേതൃത്വം നൽകിയിട്ടുള്ള സർക്കാരുകളാണ്. വൻകിട കച്ചവടക്കാരെയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരെയും സഹായിക്കുന്ന ഇത്തരം നയങ്ങൾ കർഷകരും തൊഴിലാളികളുമുൾപ്പെടുന്ന അടിസ്ഥാനവർഗത്തിന്റെ ദൈനംദിനജീവിതത്തെയും ഗ്രാമീണമേഖലയെയുമാകെ ദുരിതപൂർണമാക്കുകയാണ്. ഇന്ത്യയുടെ ആത്മാവാണ് ഈ സാമ്പത്തികനയങ്ങളിലൂടെ തകർക്കപ്പെട്ടത് എന്നാണ് തുടർച്ചയായ ഈ കർഷകപ്രക്ഷോഭങ്ങൾ വിളിച്ചു പറയുന്നത്. ഉദാരവൽക്കരണം ഇന്ത്യയിലെ കർഷകർക്ക് സമ്മാനിച്ചതുകൊലക്കയറുകളാണ്. നാലുലക്ഷത്തോളം കർഷകരാണ് കഴിഞ്ഞ രണ്ടു വ്യാഴവട്ടകാലത്തിനിടയിൽ ആത്മഹത്യ ചെയ്തത്. അതിൽത്തന്നെ വലിയൊരു ശതമാനം മഹാരാഷ്ട്രയിൽ നിന്നാണ്. ഇനി ജീവിച്ചിരിക്കുന്നവർക്കും ആത്മഹത്യ മാത്രമാണ് പോംവഴി എന്ന തോന്നലിൽ നിന്നാണ് ഈ സമരം ഉയർന്നുവന്നത്. ഇപ്പോൾ തുടങ്ങിയതല്ല, കഴിഞ്ഞ രണ്ടു വര്ഷങ്ങളായി മഹാരാഷ്ട്രയിലെ കർഷകർ നിരന്തര സമരത്തിലായിരുന്നു. പലപ്പോഴായി അവർക്ക് സർക്കാർ പല വാഗ്ദാനങ്ങളും നൽകിയിരുന്നു. അതെല്ലാം പാഴ് വാക്കുകളായപ്പോഴാണ് അവർ മഹാനഗരത്തിലേക്ക് മാർച്ചു ചെയ്തത്. ഇത് മണ്ണിന്റെ മക്കളായ അടിസ്ഥാനവർഗ്ഗത്തിന്റെ സമരമാണ്. ഈ സമരം വിജയച്ചേ മതിയാവൂ എന്ന ഇന്ത്യയുടെ ആഗ്രഹമാണ് സഫലമായത്. ഈ സമര വിജയം പുതിയ പോരാട്ടങ്ങൾക്കുള്ള പ്രചോദനമാണ്.'