- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചരിത്രം തിരുത്തി പിണറായി സർക്കാർ രണ്ടാമതും അധികാരമേറ്റു; 21 അംഗ മന്ത്രിസഭയിൽ ഇതാദ്യമായി മൂന്ന് വനിതാ മന്ത്രിമാരും; സിപിഎം മന്ത്രിമാരിൽ എ അബ്ദുറഹിമാനും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചൊല്ലിയത് ദൈവനാമത്തിൽ; മറ്റു മന്ത്രിമാർ സഗൗരവമോ ദൃഢ പ്രതിജ്ഞയോ; അള്ളാഹുവിന്റെ നാമത്തിൽ അഹമ്മദ് ദേവർകോവിലും
തിരുവനന്തപുരം: ചരിത്രം തിരുത്തിയെഴുതി തുടർഭരണം നേടിയ ഇടതു മുന്നണി സർക്കാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 21 അംഗ മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാരെ ഉൾപ്പെടുത്തി കൊണ്ട് ചരിത്രം തിരുത്തിയാണ് പിണറായി സർക്കാർ അധികാരമേറ്റിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേകം തയ്യാറാക്കി വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ആദ്യം പിണറായി വിജയനും തുടർന്ന് കെ. രാജൻ (സിപിഐ), റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം), കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രൻ (എൻ.സി.പി), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), വി. അബ്ദുറഹ്മാൻ (എൽ.ഡി.എഫ് സ്വത.), ജി.ആർ. അനിൽ (സിപിഐ), കെ.എൻ. ബാലഗോപാൽ (സിപിഎം), പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി (സിപിഐ), എം വി ഗോവിന്ദൻ മാസ്റ്റർ (സിപിഎം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് (സിപിഐ), കെ. രാധാകൃഷ്ണൻ (സിപിഎം), പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ, വീണ ജോർജ് എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു.
മുഖ്യമന്ത്രി പിണറായി വിജയൻ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം വി ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ എന്നിവർ 'സഗൗരവ'ത്തിലാലോ ദൃഢപ്രതിജ്ഞയോ ചൊല്ലിയാണ് സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു, വി. അബ്ദുറഹ്മാൻ, വീണ ജോർജ് എന്നിവർ ദൈവനാമത്തിലും അഹമ്മദ് ദേവർകോവിൽ അല്ലാഹുവിന്റെ നാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ സാക്ഷ്യം വഹിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ ഗവർണറുടെ ചായസൽക്കാരത്തിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാർ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും.
ഗവർണർ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം ഇന്നിറക്കും. 17 പുതുമുഖങ്ങളുമായി പുതുചരിത്രമെഴുതുകയാണ് രണ്ടാം പിണറായി മന്ത്രിസഭ. അതേസമയം സിപിഎം പ്രവർത്തകർ വീടകങ്ങളിലെ ടെലിവിഷനുകളിലും ഫോൺ സ്ക്രീനുകളിലും കേരള ജനത ചരിത്രമുഹൂർത്തം വീക്ഷിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകർ അണിചേർന്ന വെർച്വൽ സംഗീതാവിഷ്കാരം സെൻട്രൽ സ്റ്റേഡിയത്തിലെ സ്ക്രീനിൽ തെളിഞ്ഞു.
കെ.ജെ. യേശുദാസ്, എ.ആർ. റഹ്മാൻ, ഹരിഹരൻ, പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, മോഹൻലാൽ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസ്യ, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണിക്കൃഷ്ണൻ, വിജയ് യേശുദാസ്, മധുബാലകൃഷ്ണൻ, ശ്വേതാമോഹൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യാനമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ, രഞ്ജിനി ജോസ്, പി കെ മേദിനി, മുരുകൻ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടർഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്. സമർപ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്.
ഇ.എം.എസ്. മുതൽ പിണറായി വിജയൻ വരെയുള്ളവർ നയിച്ച സർക്കാരുകൾ എങ്ങനെ കേരളത്തെ മാറ്റുകയും വളർത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതായിരുന്നു സംഗീത ആൽബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആൽബം മലയാളത്തിൽ ആദ്യമാണ്. സംവിധായകൻ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്കാരം. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. മൺമറഞ്ഞ കവികളുടേതിനുപുറമേ പ്രഭാ വർമ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു.
മറുനാടന് മലയാളി ബ്യൂറോ