തൃശൂർ : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിക്ക് സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ ലക്ഷങ്ങൾ ചെലവിട്ട് ഹെലികോപ്റ്റർ യാത്ര.സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഉത്ഘാടകനം ചെയ്ത ശേഷം വൈകുന്നേരം മൂന്നരക്ക് ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ചാർട്ടേഡ് ഹെലികോപ്റ്ററിൽ പറന്നത്. ഉച്ചയ്ക്ക് നാട്ടികയിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് പോയ മുഖ്യമന്ത്രി മന്ത്രിസഭായോഗം കഴിഞ്ഞു സമ്മേളന സ്ഥലത്തേക്ക് മടങ്ങി എത്തിയതും ഹെലികോപ്റ്ററിൽ ആയിരുന്നു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും അതുകൊണ്ട് വലിയ പ്രതീക്ഷ വെയ്ക്കരുതെന്നും പ്രസംഗിച്ച ശേഷമായിരുന്നു ലക്ഷങ്ങൾ ചെലവിട്ടുള്ള യാത്രാ ധൂർത്ത് .

ഹെലികോപ്റ്റർ പറന്നുയർന്നതും ഇറങ്ങിയതും എല്ലാം പ്രവാസി വ്യവസായി എം .എ .യൂസഫലിയുടെ നാട്ടികയിലെ വീടിന്റെ സമീപത്തു നിന്നാണ്. മുഖ്യമന്ത്രിയുടെ യാത്രക്കായി യൂസഫലി ഏർപ്പാട് ചെയ്തതാണോ ഹെലികോപ്റ്റർ എന്ന സംശയവും ഉയർന്നിട്ടുണ്ട് .എന്തായാലും പണ ഞെരുക്കത്തെ കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ ധൂർത്ത് തൃപ്രയാറിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളന പ്രതിനിധികൾക്കിടയിൽ ചർച്ചയായിട്ടുണ്ട് .