മനാമ: ഫെബ്രുവരി ഒമ്പത്, 10 തിയതികളിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിവിധ സംഘടനാപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും യോഗം ചേർന്നു. കഴിഞ്ഞ ദിവസം കേരളീയ സമാജത്തിൽ നടന്ന യോഗത്തിൽ 500 പേർ അടങ്ങിയ സ്വാഗതസംഘം രൂപവത്കരിച്ചു.

സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ. വീരമണി, 'പ്രതിഭ' സെക്രട്ടറി ഷെറീഫ് കോഴിക്കോട്, സി.വി. നാരായണൻ എന്നിവർ മുഖ്യമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് വിശദീകരിച്ചു. കേരളീയ സമാജത്തിന്റെ 70ാം വാർഷികാഘോഷ വേളയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.

ഇതിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രി എത്തുന്നത് മലയാളികൾക്ക് അഭിമാനമാണ്. ചടങ്ങ് പ്രവാസിസമൂഹത്തിന്റെയാകെ ആഘോഷമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പി.വി. രാധാകൃഷ്ണപിള്ള ചെയർമാനും സി.വി. നാരായണൻ ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് നിലവിൽ വന്നത്.

മറ്റുഭാരവാഹികൾ: ജോ.ജനറൽ കൺവീനർ-എൻ.കെ. വീരമണി, വൈസ് ചെയർമാന്മാർ-എംപി. രഘു, സുബൈർ കണ്ണൂർ, രാജു കല്ലുംപുറം, എസ്.വി. ജലീൽ, ജോ.കൺവീനർമാർ- ഷെറീഫ് കോഴിക്കോട്, ബിജു മലയിൽ. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇന്ത്യൻ സ്‌കൂൾ, കെ.എസ്.സി.എ (എൻ.എസ്.എസ്), എസ്.എൻ.സി.എസ്, കെ.എം.സി.സി, ഒ.ഐ.സി.സി, സിംസ്, മലയാളി ബിസിനസ് ഫോറം, നവകേരള, സബർമതി, ഫ്രന്റ്‌സ് അസോസിയേഷൻ, പടവ്, ജനത കൾച്ചറൽ സെന്റർ, സംഗമം ഇരിങ്ങാലക്കുട, സംസ്‌കാര തൃശൂർ, മലപ്പുറം അസോസിയേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികളെയും ഡോ.പി.വി.ചെറിയാനെയും ഉൾപ്പെടുത്തി.

റിസപ്ഷൻ കമ്മിറ്റിയിലേക്ക് കൊയിലാണ്ടി കൂട്ടം, ദയ സഹൃദയവേദി, കണ്ണൂർ എക്‌സ്പാറ്റ്‌സ്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, മലബാർ ഡവലപ്‌മെന്റ് ഫോറം, വടകര സഹൃദയവേദി, പ്രവാസി ഗൈഡൻസ് ഫോറം, തണൽ, നന്തി അസോസിയേഷൻ, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളെയും മെമ്പർമാരെയും തെരഞ്ഞെടുത്തു. ഫെബ്രുവരി ഒമ്പതിന് സമാജത്തിലെ ആഘോഷപരിപാടികളും പത്തിന് മുഖ്യമന്ത്രിയുടെ പൊതുപരിപാടിയും നടക്കും.

മുഖ്യമന്ത്രിയുടെ സന്ദർശനം വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സമാജം മോടിപിടിപ്പിക്കലും മറ്റും തുടങ്ങിയിട്ടുണ്ട്. യോഗത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.