തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ മെഡിക്കൽ പ്രവേശന വിഷയത്തിൽ കലുഷിതമായ നിയമസഭ ഇന്ന് അടിച്ചു പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ സമരം നാണംകെട്ട പരിപാടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജന്റെ പരാമർശത്തെ തുടർന്നാണ് ബഹളം തുടങ്ങിയത്. യൂത്ത് കോൺഗ്രസിന്റെ സമരത്തെ ശക്തമായി വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി നിയമസഭയിൽ സംസാരിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ കുത്തിയിരുന്നു.

തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോൺഗ്രസുകാരല്ല, മറിച്ച് ചാനലുകാർ വാടകയ്‌ക്കെടുത്തവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. യൂത്ത് കോൺഗ്രസുകാർ അത്രയും കുറച്ച് ആളുകളുമായി സമരത്തിന് വരുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലക്കാർഡുകളും ബാനറുകളുമായി സഭയിൽ വരുന്നത് കാമറയിൽ കാണാനാണ്. മഷി ഷർട്ടിൽ പുരട്ടിയിട്ട് ആക്രമിച്ചേ എന്ന് പറയുന്നത് ലജ്ജാകരമാണെന്നും പിണറായി പരിഹസിച്ചു. അതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഏതെങ്കിലും കോളെജുകൾ തലവരിപ്പണം വാങ്ങുന്നതായി തെളിഞ്ഞാൽ അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജെയിംസ് കമ്മിറ്റിക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.

അതേസമയം തെരുവിലും പാർട്ടി കമ്മിറ്റിയിലും സംസാരിക്കുന്ന ഭാഷയാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. മുഖ്യമന്ത്രി ഇത്രയും തരംതാഴാൻ പാടില്ല. തങ്ങൾക്ക് പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കണമെന്നും പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു. പരാമർശങ്ങൾ നീക്കാത്തപക്ഷം സഭാനടപടികളുമായി സഹരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്വാശ്രയ പ്രവേശനത്തിൽ യൂത്ത് കോൺഗ്രസ്‌കെ.എസ്,യു സമരത്തിലെ പൊലീസ് മർദനത്തെക്കുറിച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പിൽ എംഎ‍ൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇത്ര വലിയതോതിൽ ഫീസ് കൂട്ടിയിട്ടും എസ്.എഫ്.ഐക്കും ഡിവൈഎഫ്ഐക്കും മിണ്ടാട്ടമില്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ വലിയ സമരം നടത്തുന്ന എസ്.എഫ്.ഐക്കാർ അധികാരത്തിലേറുമ്പോൾ മാനേജ്‌മെന്റിനൊപ്പമാണ് എല്ലാകാലത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

65,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ കോഴ വാങ്ങാൻ അനുമതി കൊടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സമരക്കാർ അങ്ങേയറ്റം പ്രകോപനം സൃഷ് ടിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞു. സ്വാശ്രയ കരാറിലെ യഥാർഥ നില മനസ്സിലാക്കി സമരം പിൻവലിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളം തുടർന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സ്വാശ്രയ മെഡിക്കൽ കോളെജുകളിലെ ഫീസ് വർധനയ്‌ക്കെതിരെ സെക്രട്ടേറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അടിന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഷാഫി പറമ്പിൽ എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ചത്.