കണ്ണൂർ: പിണറായി കൂട്ടക്കൊലകേസിൽ അറസ്റ്റിലായ സൗമ്യയുടെ കാമുകൻ വലയിലാകുമോ? പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്ന സൗമ്യക്കൊപ്പം ഇരുത്തി കാമുകനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. കൊലപാതകം നടന്ന ദിവസവും അതിന് മുമ്പും പിമ്പും സൗമ്യ ഏറ്റവും കൂടുതൽ ഫോണിൽ സംസാരിച്ച ഒരാളാണ് കാമുകനെന്ന് ഏതാണ്ട് ഉറപ്പ് വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇയാൾക്ക് കൊലപാതകത്തെക്കുറിച്ച് അറിയാമെന്ന് പൊലീസ് കണക്കുകൂട്ടുന്നു.

സൗമ്യയുമായി ബന്ധമുള്ള മറ്റ് രണ്ടുപേരും പൊലീസ് നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലിലുടനീളം ഈ മൂന്ന് പേരെ സംരക്ഷിച്ചുകൊണ്ടായിരുന്നു സൗമ്യയുടെ മൊഴികളെല്ലാം. എ എസ് പി ചൈത്ര തെരേസ ജോൺ, സി ഐ കെ ഇ പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സൗമ്യയെയും കാമുകനെയും ഇന്നു രാവിലെ മുതൽ വീണ്ടും ചോദ്യം ചെയ്യുന്നത്. ഇല്ലിക്കുന്ന്, ചേരിക്കൽ, പിണറായി സ്വദേശികളാണ് കസ്റ്റഡിയിലുള്ള മൂന്ന് പേർ. ഇവർക്കെതിരെ വേണ്ടത്ര തെളിവുകൾ ലഭിച്ചാൽ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.

ശാസ്ത്രീയമായ തെളിവുകൾ തന്നെയാണ് ഇവരുടെ കാര്യത്തിലും പൊലീസ് ലക്ഷ്യമിടുന്നത്. എനിക്ക് നിന്നെ മടുത്താൽ ഞാൻ വേറെ ആളെ നോക്കുമെന്ന് സൗമ്യ തന്നോട് പല തവണ പറഞ്ഞിട്ടുള്ളതായി കാമുകന്മാരിൽ സൗമ്യക്ക് ഏറ്റവും പ്രിയപ്പെട്ടവൻ എന്ന് കരുതുന്ന യുവാവ് പൊലീസിനോട് പറഞ്ഞു. സൗമ്യക്ക് വേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല. അഭിഭാഷകരെ ഏർപ്പെടുത്തണമോ എന്ന ചോദ്യത്തിന് വേണ്ടെന്ന മറുപടിയാണ് സൗമ്യയിൽ നിന്നുണ്ടായത്. പൊലീസ് ദേഹോപദ്രവമേൽപ്പിച്ചോയെന്ന ചോദ്യത്തിനും ഇല്ലെന്ന മറുപടി നൽകിയ സൗമ്യ കൂസലില്ലാതെയാണ് കോടതിയേയും അഭിമുഖീകരിച്ചത്. സൗമ്യയെ കാണാൻ കോടതിയിലും വൻ ജനക്കൂട്ടമാണ് എത്തിയത്.

മാതാപിതാക്കളും മക്കളും മരിച്ച തനിക്ക് ധനഹസായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗമ്യ ഇതിനിടയിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. ഈ അപേക്ഷ അടുത്ത ദിവസമാണ് പരിശോധനയ്ക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കൈയിലെത്തിയിട്ടുള്ളത്. പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ അപേക്ഷ തള്ളാനുള്ള ശിപാർശയോടെ നിവേദനം തിരിച്ചയച്ചതായിട്ടാണ് അറിയുന്നത്.

മരിച്ച മൂന്നുപേരുടേയും ഉള്ളിൽ എലിവിഷം ചെന്നിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മൂന്നുപേരേയും ചികിത്സിച്ച ഡോക്ടർമാർക്ക് വിദഗ്ദ പരിശോധനയിൽ ഈ വിഷം കണ്ടെത്താൻ സാധിച്ചിരുന്നില്ലേയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഫോസ്ഫറസിന്റെ സാന്നിധ്യമുള്ളതിനാലാണ് മൂന്ന് മാസം മുമ്പ് സംസ്‌കരിച്ച ഐശ്വര്യയുടെ മൃതദേഹത്തിലെ ആന്തരികാവയവങ്ങൾ നശിക്കാതിരുന്നതെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അന്വേഷവുമായി ബന്ധപ്പെട്ട് 35 പേരുടെ മൊഴികളാണ് ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സൗമ്യയുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന തലശേരി, ഇരിട്ടി സ്വദേശികളായ നിരവധി പേരുടെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്.

അതേസമയം സൗമ്യയ്ക്ക് പെൺവാണിഭ മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണ്. തലശ്ശേരിയിൽ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീ സൗമ്യയുടെ ജീവിതം മാറ്റിമറിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിൽ ബോധ്യമായ കാര്യം. ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസായിരുന്നു. ഇരിട്ടിയിൽ അവരുടെ വീട് കേന്ദ്രീകരിച്ച് സൗമ്യ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടു. നല്ല വരുമാനവും ലഭിച്ചു തുടങ്ങി. വിലപേശി കാമുകന്മാരിൽ നിന്നും വൻതുകകൾ ഈടാക്കി. ഇരിട്ടിയിലെ ഇടപാടിന് ആലീസിന് പങ്ക് നൽകണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയിൽ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടിൽ ആളുകളെ ക്ഷണിച്ചു വരുത്തി. പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാരായി. ഇത്തരം ഒരു ദൃശ്യം മൂത്ത മകൾ ഐശ്വര്യ കണ്ടതോടെയാണ് അവളെ വകവരുത്താൻ സൗമ്യ മുതിർന്നത്. വഴി വിട്ട ജീവിതത്തെ എതിർത്ത അച്ഛനും അമ്മയേയും കൊലപ്പെടുത്തിയതും അതിനാൽ തന്നെ.

ജീവിതം അപധ സഞ്ചാരമായപ്പോൾ സൗമ്യ പ്രതികാര ദാഹിയായി. എല്ലാറ്റിനും കാരണക്കാരൻ ഭർത്താവായ കിഷോർ തന്നെയെന്ന് അവൾ ഉറപ്പിച്ചു. രണ്ടു മക്കളും അയാളുടേത് തന്നെ. ബന്ധം വഷളാകുന്നതു വരെ താൻ ആരുമായും ശരീരം പങ്കിട്ടില്ലെന്ന് സൗമ്യ ആവർത്തിച്ചു പറയുന്നു. ഐശ്വര്യ മരിക്കുന്നതിന് മുമ്പ് ഛർദ്ദിക്കുന്ന ദൃശ്യം പോലും അവർ മൊബൈലിൽ പകർത്തി. മാത്രമല്ല ഐശ്വര്യ പഠിച്ച സ്‌ക്കൂളിലെ അദ്ധ്യാപികമാരെ മരണശേഷം വീട്ടിലെത്തിയപ്പോൾ അത് കാട്ടുകയും ചെയ്തു. ഒരു ലാഞ്ചനയുമില്ലാതെയാണ് ഇതെല്ലാം മാതാവായ സൗമ്യ ചെയ്തത്.