പ്രതിപക്ഷ നേതാവ് പൊക്കിപ്പൊക്കി വലിയവനാക്കേണ്ടെന്നു മുഖ്യമന്ത്രി; താൻ കരുത്തനല്ല, സാധു; ഓരോ മന്ത്രിസഭാ യോഗം കഴിയുമ്പോഴും മാദ്ധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി പിആർഒ അല്ല; മദ്യനിരോധനത്തെ അനുകൂലിക്കുന്നില്ലെന്നും സഭയിൽ പിണറായി
തിരുവനന്തപുരം: താൻ കരുത്തനാണെന്നു ചെന്നിത്തല പൊക്കിപ്പറഞ്ഞാൽ അതിൽ വീഴുന്ന ആളല്ല താനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താൻ വലിയ ആളല്ലെന്നും സാധുവാണെന്നും പിണറായി സഭയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച പി ടി തോമസിന്റെ അടിയന്തരപ്രമേയ നോട്ടീസ് ആവശ്യവുമായി ബന്ധപ്പെട്ടു സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ പരാമർശങ്ങൾക്കു പിണറായി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിന്റെ ബാക്കിയായിരുന്നു ഇന്നത്തെ പരാമർശം. സർക്കാരിനു മദ്യനയവുമായി ബന്ധപ്പെട്ടു വ്യക്തമായ ധാരണയുണ്ടെന്നും പിണറായി പറഞ്ഞു. മദ്യനിരോധനത്തെ സർക്കാർ അനുകൂലിക്കുന്നില്ല. മദ്യം നിരോധിച്ചാൽ അതു കഴിക്കുന്ന ജനങ്ങൾ മറ്റു ലഹരി തേടിപ്പോകും. മദ്യവർജനമാണു സർക്കാർ നയം. അതിനുള്ള മാർഗങ്ങൾ സർക്കാർ ആവിഷ്കരിക്കും. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ എൽഡിഎഫ് വന്നാൽ ബാറുകൾ തുറക്കുമെന്ന് യുഡിഎഫ് പ്രചാരണം നടത്തി. എന്നാൽ തങ്ങൾ അത്തരത്തിൽ നടപടികൾ എടുത്തില്ല. എ.കെ.ആന്റണി ഗവൺമെന്റ് ചാരായം നിരോധിച്ചപ്പോൾ എൽഡിഎഫ് ചാരായ തൊഴിലാളികള
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: താൻ കരുത്തനാണെന്നു ചെന്നിത്തല പൊക്കിപ്പറഞ്ഞാൽ അതിൽ വീഴുന്ന ആളല്ല താനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താൻ വലിയ ആളല്ലെന്നും സാധുവാണെന്നും പിണറായി സഭയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച പി ടി തോമസിന്റെ അടിയന്തരപ്രമേയ നോട്ടീസ് ആവശ്യവുമായി ബന്ധപ്പെട്ടു സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ പരാമർശങ്ങൾക്കു പിണറായി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിന്റെ ബാക്കിയായിരുന്നു ഇന്നത്തെ പരാമർശം.
സർക്കാരിനു മദ്യനയവുമായി ബന്ധപ്പെട്ടു വ്യക്തമായ ധാരണയുണ്ടെന്നും പിണറായി പറഞ്ഞു. മദ്യനിരോധനത്തെ സർക്കാർ അനുകൂലിക്കുന്നില്ല. മദ്യം നിരോധിച്ചാൽ അതു കഴിക്കുന്ന ജനങ്ങൾ മറ്റു ലഹരി തേടിപ്പോകും. മദ്യവർജനമാണു സർക്കാർ നയം. അതിനുള്ള മാർഗങ്ങൾ സർക്കാർ ആവിഷ്കരിക്കും.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ എൽഡിഎഫ് വന്നാൽ ബാറുകൾ തുറക്കുമെന്ന് യുഡിഎഫ് പ്രചാരണം നടത്തി. എന്നാൽ തങ്ങൾ അത്തരത്തിൽ നടപടികൾ എടുത്തില്ല. എ.കെ.ആന്റണി ഗവൺമെന്റ് ചാരായം നിരോധിച്ചപ്പോൾ എൽഡിഎഫ് ചാരായ തൊഴിലാളികളെ പുനഃരധിവസിപ്പിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ യുഡിഎഫ് പ്രചരിപ്പിച്ചത് എൽഡിഎഫ് വന്നാൽ ചാരായ ഷാപ്പ് വീണ്ടും തുറക്കുമെന്നാണ്. എന്നാൽ എല്ലാം വിലയിരുത്താൻ ജനങ്ങളുണ്ട്. തുടർന്നു വന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിനെ ഭരണത്തിലെത്തിച്ചു. എൽഡിഎഫ് ചാരായ ഷാപ്പ് തുറന്നില്ലെന്നും പിണറായി വിജയൻ സഭയെ ഓർമ്മിപ്പിച്ചു.
മദ്യത്തെക്കുറിച്ച് എൽഡിഎഫിന് വ്യക്തമായ നയമുണ്ട്. ഞങ്ങൾ മദ്യത്തെ പൊതുവിൽ അനുകൂലിക്കുന്നവരല്ല. എന്നാൽ മദ്യ നിരോധനത്തിന് എൽഡിഎഫ് എതിരാണ്. ഇതാണ് ഞങ്ങളുടെ മദ്യത്തിനോടുള്ള അടിസ്ഥാന നിലപാട്. മദ്യനിരോധനം വന്നാൽ മദ്യം കഴിക്കണമെന്നാഗ്രഹിക്കുന്നവർ തെറ്റായ മാർഗ്ഗത്തിലൂടെ മദ്യപാനത്തിന് ശ്രമിക്കും. ലഹരിക്ക് അടിമപ്പെടും. അത് ഒട്ടേറെ ജീവഹാനിയുണ്ടാക്കും. ആ ഒരവസ്ഥ ഉണ്ടാക്കേണ്ട എന്നതാണ് ഞങ്ങളുടെ നിലപാട്. അതുകൊണ്ടാണ് മദ്യവർജനത്തിന് എൽഡിഎഫ് മുൻഗണന നൽകുന്നത്. മറ്റ് കാര്യങ്ങൾ മദ്യനയരൂപീകരണ സമയത്ത് വ്യക്തമാക്കുമെന്നും പിണറായി പറഞ്ഞു.
എല്ലാ മന്ത്രിസഭായോഗവും കഴിഞ്ഞു മാദ്ധ്യമങ്ങളെ കാണേണ്ട കാര്യമില്ല. മാദ്ധ്യമങ്ങൾക്കു വിവരം നൽകുന്ന പബ്ലിക് റിലേഷൻസ് ഓഫീസറല്ല മുഖ്യമന്ത്രി. മാദ്ധ്യമങ്ങളോട് ഒരു അനിഷ്ടവുമില്ല. പത്രക്കാരെ കാണേണ്ടപ്പോൾ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ സഭയിൽ ഭരണപക്ഷത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷാംഗങ്ങൾ പിണറായിയുടെ കാർക്കശ്യത്തിന്റെ ചൂടറിഞ്ഞിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എ കെ ബാലൻ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മറുപടി ഉദ്ധരിച്ചാണ് പിണറായി മറുപടി നൽകിയത്.
പി ടി തോമസിന് സ്ഥലജല വിഭ്രമം ബാധിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'സ്ഥലജല വിഭ്രമം എന്താണെന്ന് ആദ്യം പഠിക്കണം. എന്നിട്ട് വന്നാൽമതി. വെറുതെ ബഹളം വയ്ക്കാൻ മാത്രം പഠിച്ചാൽ പോര. ഇവിടെ പറഞ്ഞില്ലേ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന്, ആ മര്യാദ അങ്ങോട്ടും വേണം. ആദ്യം മര്യാദ ശീലിക്കൂ. എന്നിട്ട് സംസാരിക്കണം' എന്നായിരുന്നു പിണറായിയുടെ പരാമർശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു.
പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് പിണറായി വിജയൻ നിയമസഭയിൽ പെരുമാറുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടി പറയവെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണങ്ങൾ. താൻ കരുത്തനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞാൽ അതിൽ വീണുപോകില്ല. താൻ കരുത്തനല്ല, സാധുവാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ മുൻപു പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കും. മദ്യനിരോധനത്തോട് യോജിപ്പില്ല. തലശ്ശേരിയിൽ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തത്തെക്കുറിച്ച് മുഖ്യമന്ത്രിതന്നെ വിശദീകരിക്കേണ്ടതില്ല. അന്വേഷണം പൂർത്തിയായശേഷം പിശകുണ്ടോയെന്നു പരിശോധിക്കും. പിണറായി നിയമസഭയെ അറിയിച്ചു.