തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സിൽ ദീർഘദൂര ഓട്ടമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഒ പി ജയ്ഷയ്ക്കുണ്ടായ അനുഭവം ഞെട്ടലുണ്ടാക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ താരങ്ങൾ കടുത്ത അവഗണന നേരിടുന്നതു വിഷമകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാരത്തോൺ മത്സരത്തിൽ എല്ലാ 2.5 കിലോമീറ്ററിലും ക്ഷീണം തീർക്കാനുള്ള അവസരമുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നു ഉത്തരവാദിത്തപ്പെട്ടവർ ആരും തന്നെ വെള്ളമോ, മറ്റ് ഊർജദായകമായ പാനീയങ്ങളോ താരങ്ങൾക്ക് നൽകാൻ ഇല്ലായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഫേസ്‌ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു.

ഒളിമ്പിക്‌സ് സംഘാടകർ 8 കിലോമീറ്റർ ഇടവേളകളിൽ ഒരുക്കിയിരുന്ന സജ്ജീകരണങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് പങ്കെടുത്ത ജെയ്ഷയ്ക്കും, കവിത റൗട്ടിനും ലഭ്യമായത്. മറ്റു രാജ്യങ്ങൾ തങ്ങളുടെ കായികതാരങ്ങൾക്ക് എല്ലാ സൗകര്യങ്ങളും, പരിഗണനകളും നൽകുമ്പോൾ ഇന്ത്യൻ താരങ്ങൾ ഇത്തരത്തിലുള്ള അവഗണനകൾ നേരിടേണ്ടി വരുന്നുവെന്നത് വളരെ വിഷമമുണ്ടാക്കുന്നു.

സിന്ധുവിന്റെയും, സാക്ഷിയുടെയും, ദിപയുടെയും നേട്ടങ്ങളിൾ നമ്മൾ അഭിമാനം കൊള്ളുമ്പോഴും ഇന്ത്യൻ കായികരംഗത്ത് നിലനിൽക്കുന്ന പോരായ്മകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇത്തരം സംഭവങ്ങൾ. 130 കോടി ജനങ്ങളും, മനുഷ്യവിഭവശേഷിയും ഉള്ള ഒരു രാജ്യം അന്താരാഷ്ട്ര കായികമത്സരങ്ങളിൽ പിന്നിലാകുന്നതിന് പ്രധാന കാരണം കായികതാരങ്ങളോടും, കായികമേഖലയോടും കാണിക്കുന്ന ഇത്തരം അവഗണനകളാണ്. കായികതാരങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളിലും ആരോഗ്യത്തിലും ശ്രദ്ധ പതിപ്പിക്കുന്ന ഒരു കായികസംസ്‌ക്കാരം നമ്മൾ രൂപപ്പെടുത്തിയെടുക്കേതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.