- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷം മുതൽ എല്ലാ ക്ഷേമ പെൻഷനുകളും 1500 രൂപ; നാല് മാസം കൂടി സൗജന്യ ഭക്ഷ്യ കിറ്റ്; ഗെയ്ൽ പൈപ്പ് പദ്ധതി ജനുവരി 5ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ തുടങ്ങും; ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനവും ഉടൻ; തദ്ദേശ വിജയത്തിന് പിന്നാലെ രണ്ടാംഘട്ട നൂറ് ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു മുഖ്യമന്ത്രി; സർക്കാറിന്റേത് ചിട്ടയായ പ്രവർത്തനങ്ങളെന്ന് പിണറായി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ സംസ്ഥാന സർക്കാർ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായാണ് സർക്കാർ രംഗത്തെത്തിയത്. സാമൂഹ്യ ക്ഷേമ പെൻഷൻകൾ നൂറ് രൂപ വീതം വർദ്ധിപ്പിച്ചുകൊണ്ടാണ് സർക്കാറിന്റെ രണ്ടാം ഘട്ട പ്രഖ്യാപനവും.
എൽഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പ്രകടനപത്രികയിൽ ഇല്ലാത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാംഘട്ട നൂറുദിന കർമപരിപാടി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് സർക്കാർ നൂറുദിന കർമപരിപാടികൾ പ്രഖ്യാപിച്ചത്. രണ്ടാംഘട്ട നൂറുദിന പരിപാടി ഡിസംബർ ഒമ്പതിന് ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. രണ്ടാംഘട്ടത്തിൽ പതിനായിരം കോടിയുടെ വികസന പദ്ധതികൾ പൂർത്തീകരിക്കുകയോ തുടക്കംകുറിക്കുകയോ ചെയ്യും. 5700 കോടിയുടെ 526 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികൾക്ക് തുടക്കം കുറിക്കും.
ഒന്നാംഘട്ടത്തിൽ 162 പരിപാടികൾ പൂർത്തീകരിച്ചു. പ്രഖ്യാപിക്കാത്ത പദ്ധതികളും നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. കാർഷികമേഖല ശക്തിപ്പെടുത്തുന്ന പദ്ധതികൾ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചു. അഞ്ചാംതിയതി പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്യും.
രണ്ടാംഘട്ടത്തിൽ അമ്പതിനായിരം പേർക്ക് തൊഴിൽ നൽകും. 2021 ജനുവരി ഒന്നുമുതൽ ക്ഷേമപെൻഷനുകൾ നൂറുരൂപ വീതം വർധിപ്പിച്ച് 1500 രൂപയാക്കി ഉയർത്തും. 183 കുടുംബശ്രീ ഭക്ഷണശാലകൾ ആരംഭിക്കും. റേഷൻകാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം തുടരും. സൗജന്യ പലവ്യഞ്ജനകിറ്റുകൾ അടുത്തനാലുമാസം കൂടി വിതരണം ചെയ്യും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാർച്ച് 31ന് മുമ്പ് നടത്തും. മലബാർ കോഫി പൗഡർ വിപണിയിലിറക്കും. അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവർക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകൾ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉല്പാദനം ആരംഭിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.
പ്രഖ്യാപനങ്ങൾ ചുവടേ:
-5700 കോടിയുടെ 5526 പദ്ധതികൾ നടപ്പാക്കും
-183 കുടുംബശ്രീ ഭക്ഷണ കേന്ദ്രങ്ങൾ തുടങ്ങും
-20 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റാക്കും
-വെള്ളൂർ നൂസ് പ്രിന്റ് സർക്കാർ ഏറ്റെടുക്കും
-ഗെയ്ൽ പൈപ്പ് പദ്ധതി ജനുവരി 5ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
-കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ
-ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം ഉടൻ
-കെ എസ് ആർ ടി സിയുടെ അനുബന്ധ കോർപ്പറേഷനായി കെ എസ് ആർ ടി സി സ്വിഫ്റ്റ് നിലവിൽ വരും
-എയ്ഡഡ് കോളേജുകളിൽ 721 തസ്തികകൾ സൃഷ്ടിക്കും
-അവയവ ദാനം കഴിഞ്ഞവർക്കുള്ള മരുന്ന് അഞ്ചിലൊന്ന് വിലയ്ക്ക് നൽകും
-രണ്ടാംഘട്ട പരിപാടിയിൽ അമ്പതിനായിരം പേർക്ക് തൊഴിൽ
-മാർച്ചിനുള്ളിൽ ലൈഫ് പദ്ധതിയിലൂടെ 15,000 പേർക്ക് തൊഴിൽ
-അഞ്ഞൂറ് കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകൾ
- തോട്ടം തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി
-മുതിർന്ന പൗരന്മാർക്ക് നവജീവൻ തൊഴിൽ പദ്ധതി
-മേനംകുളത്ത് സ്ത്രീ തൊഴിലാളികൾക്ക് വേണ്ടിയുള്ള അപ്പാർട്ട്മെന്റിന്റെ ശിലാസ്ഥാപനം
-അറുപത് കോടി മുതൽ മുടക്കിൽ 87 തീരദേശ റോഡുകളുടെ ഉദ്ഘാടനം?
-മരിയൻ ആംബുലൻസുകൾ പ്രവർത്തനക്ഷമമാക്കും
-പട്ടിക വർഗ വിദ്യാർത്ഥികൾക്കായി മൂവായിരം പഠന മുറികൾ
-4800 പട്ടികവർഗ വീടുകൾ പൂർത്തീകരിക്കും
-തിരിച്ചെത്തിയ പ്രവാസികൾക്കായുള്ള പ്രോജക്ടുകൾ ജനുവരിയിൽ
മറുനാടന് മലയാളി ബ്യൂറോ