പാലക്കാട്: കേരളത്തിലെ വികസനത്തെക്കുറിച്ചുള്ള ബിജെപി നേതാവ് ഇ ശ്രീധരന്റെ പരാമർശങ്ങൾ ജൽപ്പനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരന് പറഞ്ഞതിനു തെരഞ്ഞെടുപ്പിനു ശേഷം മറുപടി നൽകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരൻ രാജ്യത്തെ പ്രധാനപ്പെട്ട ടെക്നോക്രാറ്റ് ആണ്. എൻജിനിയറിങ് രംഗത്തെ പ്രധാനപ്പെട്ടയാളാണ് അദ്ദേഹം. എന്നാൽ ബിജെപി ആയാൽ ഏതു വിദഗ്ധനും ബിജെപിയുടെ സ്വഭാവം കാണിക്കും. ഈ തരത്തിലുള്ള ജൽപ്പനങ്ങളാണ് അദ്ദേഹത്തിന്റേത്. അതിനെല്ലാം തെരഞ്ഞെടുപ്പു കഴിഞ്ഞു മറുപടി നൽകാം.

ബിജെപി നേതാവ് കെജി മാരാരുടെ തെരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്നു താൻ എന്ന് എംടി രമേശ് പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ലെന്ന് പിണറായി പറഞ്ഞു. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ സ്ഥാനാർത്ഥിയായിരുന്നു താൻ. പിന്നെ എങ്ങനെ മറ്റൊരാളുടെ ഇലക്ഷൻ ഏജന്റ് ആവുമെന്ന് പിണറായി ചോദിച്ചു. എന്തും വിളിച്ചു പറയാം എന്നതാണ് പലരുടെയും ഇപ്പോഴത്തെ നിലയെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്നവുമില്ല. ഇനി അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടാവാൻ സാധ്യതയുള്ളത് സുപ്രീം കോടതി വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷമാണ്. അതുകൊണ്ടാണ് അപ്പോൾ എല്ലാവരുമായും ആലോചിക്കും എന്നു പറഞ്ഞത്. ശബരിമല കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നിട്ടില്ല. പുതിയ സത്യവാങ്മൂലം കൊടുക്കുന്ന കാര്യമെല്ലാം കേസ് വരുമ്പോൾ ആലോചിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇടത് പക്ഷത്തെ തർക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണെന്നും പിണറായി ആരോപിച്ചു. ഇടതിനെ ഇല്ലാതാക്കാൻ വേണ്ടി ഇവർ ഒരുമിച്ച് നിൽക്കുകയാണെന്നും സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേവലമായ വാഗ്ദാനങ്ങളല്ല നടപ്പാക്കാനുള്ളവയാണെന്നും അഞ്ച് വർഷം കൊണ്ട് എൽഡിഎഫിന് ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഓരോ വർഷവും പ്രകടനപത്രികയിൽ പറഞ്ഞ എത്ര കാര്യങ്ങൾ നടപ്പാക്കാനായി എന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്ത് വിട്ടു.

നാല് വർഷം ഇത് തുടർന്നു. ഇത്തവണ അഞ്ചാം വർഷമാണ്. 600 കാര്യങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞതിൽ 570 എണ്ണം പൂർത്തിയാക്കാനായി. പ്രകൃതി ദുരന്തങ്ങൾക്കും ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരിക്കുമിടയിലാണ് ഇതെല്ലാം സാധ്യമായതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ശബരിമലയിൽ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്ങ്മൂലം തിരുത്തുന്നത് കേസ് വരുമ്പോൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി പാലക്കാട് വച്ച് പറഞ്ഞു. നിലവിൽ ശബരിമലയിൽ ഒരു പ്രശ്‌നവുമില്ലെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു. അന്തിമ വിധിയിൽ പ്രശ്‌നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാമെന്നാണ് നിലപാട്.