തിരുവനന്തപുരം: ജിഷ്ണു കേസുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങൾക്ക് വാർത്താസമ്മേളനം വിളിച്ച് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറെ നാളായി വാർത്താസമ്മേളനം വിളിച്ച് വിഷയങ്ങൾ വിശദീകരിക്കുന്ന രീതി ഒഴിവാക്കിയ പിണറായി ഇത്തവണ നേരിട്ടാണ് വിശദീകണങ്ങളുമായി രംഗത്തെത്തിയത്. മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് സർക്കാറിന്റെ പ്രതിച്ഛായക്ക് കടുത്ത മങ്ങലേറ്റ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

ജിഷ്ണുവിന്റെ കേസിൽ സർക്കാർ എന്താണ് ചെയ്യാൻ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്‌തെന്നു വിശദീകരിച്ചു കൊണ്ടാണ് അദ്ദേഹം വാർത്താസമ്മേളനം തുടങ്ങിയത്. ബാക്കി എന്തു കാര്യങ്ങളാണ് ഈ വിഷയത്തിൽ സർക്കാർ ചെയ്യാനുണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്ത് കാര്യത്തിനാണ് മഹിജയും ബന്ധുക്കളും സമരം ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാര്യവും നേടാനുണ്ടായിരുന്നില്ല, എന്ത് കാര്യമാണ് സർക്കാർ ചെയ്യാനുണ്ടായിരുന്നതെന്നും അതിന് മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഭാഗത്തുനിന്നും അവരുടെ സമരത്തിൽ ഇടപെടണമെന്ന് വ്യക്തമാക്കി സുഗതകുമാരി ടീച്ചർ അടക്കമുള്ളവർ വിളിച്ചിരുന്നു. ഡിജിപി ഓഫീസിന് മുന്നിൽ സംഭവിക്കാൻ പാടില്ലാത്ത രംഗങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹിജയ്ക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ട് എല്ലാവർക്കും ബോധ്യമുണ്ട്. ജിഷ്ണു കേസിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ നടപടികളെ കുറ്റപ്പെടുത്താത്തവർ പോലും സമരം അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരത്തെ ചിലർ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചു. അത് പ്രോത്സാഹിപ്പിക്കാനില്ല. താനിടപെട്ടാൽ മാത്രം തീരുമായിരുന്ന സമരമായിരുന്നില്ല. പെട്ടന്ന് അവസാനിപ്പിക്കാനും ചിലർ ആഗ്രഹിച്ചില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിന്റെ പങ്ക് എന്താണെന്ന് തനിക്കറിയില്ല. ശ്രീജിത്ത് ആരെയൊക്കെ ബന്ധപ്പെട്ടിരുന്നുവെന്നു തനിക്കു പറയാൻ കഴിയില്ല. പൂർണമായും പാർട്ടി കുടുംബം ആണെങ്കിൽ എസ്യുസിഐയ്ക്ക് എങ്ങനെ അവരെ റാഞ്ചാൻ പറ്റി? എസ്യുസിഐക്കാർക്ക് എങ്ങനെ സ്വാധീനിക്കാനായി? മുഖ്യമന്ത്രി ചോദിച്ചു. അതേസമയം കെ എം ഷാജഹാനോട് യാതൊരു വ്യക്തിവൈരാഗ്യവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് വ്യക്തി വൈരാഗ്യമുണ്ടെങ്കിൽ എത്രകാലമായി ഈ സർക്കാർ അധികാരത്തിലേറിയിട്ട്. അങ്ങനെയാണെങ്കിൽ അന്ന് തന്നെ വൈരാഗ്യം തീർക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഷാജഹാന്റെ രക്ഷാധികാരിയായി ഉമ്മൻ ചാണ്ടി എത്തിയിട്ടുണ്ട്. എന്നുമുതലാണ് അദ്ദേഹം രക്ഷാധികാരിയായത്. ഷാജഹാനോട്തനിക്ക് ഒരു വ്യക്തിവിരോധമില്ല. വ്യക്തിവിരോധമുണ്ടെങ്കിൽ ഈ സർക്കാർ വന്നിട്ട് ഇത്രയും കാലമായിട്ടും ഒരു നടപടിയുമുണ്ടായില്ല. അതെന്തുകൊണ്ടാണ് മാധ്യമങ്ങൾ മനസ്സിലാക്കാത്തത്. ഒരു പ്രശ്നമുണ്ടാക്കാൻ പോയപ്പോഴാണ് ഷാജഹാൻ അറസ്റ്റിലായത്. മുഖ്യമന്ത്രി ഏകാധിപതിയായെന്നും ഇവിടെ ജീവിക്കാൻ പേടിയാകുന്നുവെന്ന ഷാജഹാന്റെ ആരോപണങ്ങളിൽ തനിക്ക് ഒന്നും പറയാനില്ല. പറയുന്നവർ ഇനിയും പറയട്ടെ. ഷാജഹാന്റെ പങ്കെന്താണെന്ന് പൊലീസ് അന്വേഷിക്കട്ടെ.

ഗൂഢാലോചനയിൽ ശ്രീജിത്തിന്റെ പങ്ക് തനിക്കറിയില്ല. എസ്.യു.സി.ഐയുടെ പങ്കാളിത്തം ഉണ്ടെന്ന് ശ്രീജിത്ത് തന്നെ വ്യക്തമാക്കിയിരുന്നു. പൂർണ്ണമായും പാർട്ടി അംഗമായ ഒരു കുടുംബത്തെ എങ്ങനെ എസ്.യു.സി.ഐക്ക് റാഞ്ചാൻ പറ്റി. ഗൂഢാലോചന എന്താണെന്ന് പൊലീസ് കണ്ടെത്തട്ടെ. എസ്.യു.സി.ഐയ്ക്ക് പ്രത്യേക ഉദ്ദേശമുണ്ടാകാം. അതിന്റെ ഭാഗമായി അവരെ കൊണ്ടുപോകാനും ശ്രമിച്ചിട്ടുണ്ടാകാം. എസ്.യു.സി.ഐ മാത്രമല്ല, പിന്നാലെ ചേർന്ന രാഷ്ട്രീയക്കാര്യം അവരുടെ അവസ്ഥ മുതലാക്കി. പൊലീസ് ഇടപെട്ട് വഷളാക്കിയതല്ല. പ്രത്യേക രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ താൽപര്യമുള്ള ചില ശക്തികളുണ്ട്. അവർ ഇടപെട്ട് പ്രശനം വഷളാക്കി.

പ്രശ്നത്തിൽ പരിഹാരം തേടി ഒരു അഭിഭാഷകൻ സീതാറാം യെച്ചൂരിയെ സമീപിച്ചിരുന്നു. സീതറാം ഇക്കാര്യം തന്നെ വിളിച്ചറിയിച്ചു. അയാളുമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. താൻ സംസാരിച്ചു. അദ്ദേഹം ശ്രീജിത്തിനേയും വിളിച്ചു. എം.വി ജയരാജനും ശ്രീജിത്തുമായി സംസാരിച്ചു. എന്നാൽ പ്രശ്നം പരിഹരിച്ചത് ഉദയഭാനുവും സോഹൻലാലും ചേർന്നാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് ഒരു മടിയുമില്ല. എന്നാൽ കുറ്റം ചെയ്യാത്തവർക്കെതിരെ നടപടി വേണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. പ്രശ്ന പരിഹാരത്തിൽ കാനം രാജേന്ദ്രൻ ഒരു പങ്കും വഹിച്ചില്ല. കാനം തന്നോട് സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർ.എസ്.എസിന്റെതായ പല ശ്രമങ്ങളും നടക്കും. അത് ഇവിടെ നടക്കില്ല. രമൺ ശ്രീനിവാസ്തവയെ പൊലീസ് കാര്യങ്ങളിൽ ഉപദേശകനായ നിയമിക്കാൻ തീരുമാനിച്ചു. ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിലാണ്. അതിനു ശേഷം തിരിച്ചുവരുമോ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. സംരക്ഷിക്കേണ്ടവർ താണ്ഡവമാടിയെന്ന് പ്രസ്താവന ചുണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം നല്ല സാഹിത്യ ഭാഷയുള്ളയാളാണ്. അദ്ദേഹത്തോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.